സമസ്തയും തൗഹീദിലെ പരിണാമവും

മൂസ സ്വലാഹി, കാര

2017 നവംബര്‍ 11 1439 സഫര്‍ 22

'സലഫീ തൗഹീദിന്റെ വിചിത്ര പരിണാമങ്ങള്‍' എന്ന തലവാചകത്തില്‍ 24/10/2017ന് സിറാജ് പത്രത്തില്‍ വന്ന ലേഖനത്തിലെ തെറ്റിദ്ധരിപ്പിക്കലിനുള്ള സംക്ഷിപ്ത മറുപടി.

തൗഹീദ് അഥവാ ഏകദൈവാരാധന ഇസ്‌ലാമിന്റെ അടിത്തറയാണ്. ഇത് ഉള്‍കൊണ്ട് ജീവിച്ചെങ്കില്‍ മാത്രമെ സൂക്ഷ്മതയുള്ളവരായി മാറുവാന്‍ കഴിയൂ എന്നത് മനുഷ്യരോടായി അല്ലാഹു നടത്തിയ ഒന്നാമത്തെ കല്‍പനയാണ്.

അല്ലാഹു പറയുന്നു: ''ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്'' (ക്വുര്‍ആന്‍ 2:21).

ഇതില്‍ മായം കലര്‍ത്തലാണ് ശിര്‍ക്ക് അഥവാ അല്ലാഹുവില്‍ പങ്ക്‌ചേര്‍ക്കല്‍. ഇത് കടുത്ത അക്രമവും ഇരുലോകത്തെയും നിര്‍ഭയത്വം നഷ്ടപ്പെടുത്തുന്നതുമാണ്.

അല്ലാഹു പറയുന്നു: ''വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍'' (ക്വുര്‍ആന്‍ 6:82).

ആരാധനയായി ഇസ്‌ലാം പഠിപ്പിച്ച എല്ലാം അല്ലാഹുവിന്റെ അവകാശമാണ്. അങ്ങേയറ്റത്തെ താഴ്മ കാണിക്കലും വിനയവുമാണ് ആരാധന എന്ന് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ (മുഫസ്സിറുകള്‍) വ്യക്തമാക്കിയിട്ടുണ്ട്. ആരാധനയില്‍ ഏറെ പ്രാധാന്യമുള്ളതാണ് പ്രാര്‍ഥനയും സഹായതേട്ടവും. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ, അല്ലെങ്കില്‍ അഭൗതിക മാര്‍ഗത്തിലൂടെ സൃഷ്ടികളുടെ വിളിക്ക് ഉത്തരം നല്‍കുവാനും നന്മകളെ നല്‍കുവാനും കഴിവുള്ളവന്‍ അല്ലാഹു മാത്രമെന്നര്‍ഥം. തൗഹീദ് പഠിപ്പിക്കുന്നേടത്ത് ഇസ്‌ലാം പറഞ്ഞ ശൈലി ഇതാണ്. അല്ലാതെ ലേഖകന്‍ പറഞ്ഞ 'അപ്‌ഡേഷന്‍' തൗഹീദോ, പുത്തനോ, പരിണാമ ശൈലിയോ അല്ല.

അല്ലാഹു പറയുന്നു: ''നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ; ഞാന്‍ നിങ്ങള്‍ക്ക് ഉത്തരംനല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച'' (ക്വുര്‍ആന്‍ 40:60).

നബി ﷺ പറഞ്ഞു. 'പ്രാര്‍ഥന അത് ഇബാദത്തു തന്നെയാണ്' (തിര്‍മിദി 2969).

ഒരു മുസ്‌ലിം ദിനേന റബ്ബിന്റെ മുമ്പില്‍ നടത്തുന്ന പ്രഖ്യാപനമാണ് ''നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു'' (ക്വുര്‍ആന്‍ 1:5) എന്നത്.

1920 വരെ ശിയാ-സ്വൂഫി വലയത്തില്‍ കുടുങ്ങിയ മുസ്‌ലിം സമൂഹത്തെ അതില്‍ നിന്ന് കരകയറ്റുക എന്ന ലക്ഷ്യമായിരുന്നു കെ.എം മൗലവിയുടെ നേതൃത്വത്തിലുള്ള പണ്ഡിത വൃത്തത്തിനുണ്ടായിരുന്നത്. അതിനായി ഐക്യസംഘവും തുടര്‍ന്ന് 'കേരള ജംഇയ്യത്തുല്‍ ഉലമ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ' എന്ന പണ്ഡിത സഭയും രൂപീകൃതമായി. ഈ സഭയുടെ ഒന്നാമത്തെ പുസ്തകം എഴുതിയത് പ്രഥമ പ്രസിഡന്റായിരുന്ന കെ.എം മൗലവി(റഹി) ആയിരുന്നു. 'പ്രാര്‍ഥനയും ആരാധനയും' എന്നാണതിന്റെ പേര്.

1. കെ.എം മൗലവി

സാധാരണയായി സൃഷ്ടികളുടെ കയ്യാല്‍ നടന്നുവരാറുള്ള കാര്യങ്ങളെ കൊണ്ട് സഹായിച്ചു രക്ഷപ്പെടുത്തുവാന്‍, എന്നുവെച്ചാല്‍ സാധാരണയായ കാര്യകാരണ ബന്ധം അനുസരിച്ച് പടപ്പുകള്‍ക്ക് കഴിവുള്ള വഴികളാല്‍ സഹായിച്ച് രക്ഷപ്പെടുത്തുവാന്‍ അപേക്ഷിക്കുക. ഈ വിധത്തില്‍ സൃഷ്ടികളോട് ഇസ്തിഗാസ ചെയ്യല്‍ ജാഇസാണെന്നത് എല്ലാവരും സമ്മതിക്കുന്ന വാസ്തവമാകുന്നു. ഈവിധം ഇസ്തിഗാസയാണ് സൂറഃ ഖസ്വസ്വിലെ ''അപ്പോള്‍ അദ്ദേഹത്തോട് (മൂസാനബിയോട്) തന്റെ ശത്രുക്കളില്‍ പെട്ടവനോട് എതിര്‍ത്ത് രക്ഷപ്പെടുത്തുവാന്‍ അദ്ദേഹത്തിന്റെ കക്ഷിയില്‍ പെട്ടവന്‍ അപേക്ഷിച്ചു'' (ക്വുര്‍ആന്‍ 28:15) എന്ന ആയത്തില്‍ പറഞ്ഞിട്ടുള്ളത്. ഇങ്ങനെ സൃഷ്ടികളോട് അപേക്ഷിക്കുന്നത,് ഇവ്വിധം ഇസ്തിഗാസ ചെയ്യുന്നത്, ശറഇല്‍ ജാഇസല്ലെന്നും ശറഅ് അറിയുന്ന ആരും പറയുകയില്ല.

ഇവ്വിധം കാര്യങ്ങള്‍ക്ക് പറമെയുള്ള വിഷയങ്ങളില്‍ പാപങ്ങള്‍ പൊറുക്കുക, ചൊവ്വായ വഴിയിലേക്ക് ചേര്‍ത്ത് തരിക (ഹിദായത്ത് തരുക), മഴയെ ഇറക്കുക, ദീനങ്ങള്‍ ശിഫയാക്കുക, ആപത്തുകളെയും, ബലാഉകളെയും തട്ടിക്കളയുക, അവയെ നീക്കി രക്ഷപ്പെടുത്തുക, ശത്രുക്കളില്‍ നിന്ന് രക്ഷിച്ചു സഹായിക്കുക ആദിയായി അല്ലാഹുവിന്ന് മാത്രം ശക്തിയുള്ള, അവന്റെ ഖജാനകളില്‍ മാത്രമുള്ള വിഷയങ്ങളില്‍ സാധാരണയില്‍ സൃഷ്ടികളുടെ കയ്യാല്‍ നടന്നു വരാറില്ലാത്ത വഴികളാല്‍, എന്നു വെച്ചാല്‍ ഗയ്ബിയായ (മറഞ്ഞ) മാര്‍ഗങ്ങളില്‍ കൂടി സഹായിച്ച് രക്ഷപ്പെടുത്തുവാന്‍ അപേക്ഷിക്കുക. ഇവ്വിധം ഇസ്തിഗാസ അല്ലാഹുവോടല്ലാതെ ചെയ്യുവാന്‍ പാടില്ല എന്നും എല്ലാവരും സമ്മതിക്കും'' (കെ.എം മൗലവി, ഫത്‌വകള്‍:130).

2. അമാനി മൗലവി

എന്നാല്‍ സൃഷ്ടികളുടെ കഴിവില്‍ പെടാത്തതും അദൃശ്യമാര്‍ഗത്തിലൂടെ അല്ലാഹുവില്‍ നിന്ന് മാത്രം ലഭിക്കേണ്ടതുമായ കാര്യങ്ങളില്‍ അവനോട് മാത്രമെ സഹായം തേടാവൂ എന്നതില്‍ സംശയം ഇല്ല. അത്തരം കാര്യങ്ങളില്‍ അല്ലാഹു അല്ലാതെ ആരോടും സഹായം അര്‍ഥിക്കുന്നത് കേവലം നിരര്‍ഥകമാകുന്നു. (വിശുദ്ധ ക്വുര്‍ആന്‍ വിവരണം 1/113). കെ ഉമര്‍ മൗലവി, പികെ മൂസ മൗലവി, സൈദ് മൗലവി രണ്ടത്താണി, വി അബ്ദുല്‍ ഖാദിര്‍ മൗലവി കണ്ണൂര്‍, കെ കുഞ്ഞീദു മദനി തുടങ്ങിയ പണ്ഡിതരും ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍കാല സലഫി പണ്ഡിതന്മാരും പ്രബോധകന്മാരും കൈക്കൊണ്ട ഈ നിലപാടിന് നേരെ കണ്ണേറ്, സിഹ്‌റ്, സംസം വെള്ളം, മന്ത്രം, മലക്ക്, ജിന്ന്, തിരുശേഷിപ്പുകള്‍ എന്നീ മതവിഷയങ്ങളെ നിഷേധിച്ചും പരിഹസിച്ചും രംഗത്തുവന്ന് ഇടക്കാലത്ത് യഥാര്‍ഥ മുജാഹിദുകള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കിയവര്‍ പറഞ്ഞതും എഴുതിയതുമായ തെറ്റായ വാദങ്ങള്‍ എടുത്ത് ലേഖകന്‍ കുത്തിനോവിക്കുവാന്‍ ശ്രമിച്ചത് ഒട്ടും ശരിയായില്ല.

ഇനി സമസ്ത വിഭാഗം നിത്യേന 'ഡൗണ്‍ലോഡ്' നടത്തിക്കൊണ്ടിരിക്കുന്ന പരിണാമ തൗഹീദിന്റെ ഓരോ തലങ്ങള്‍ നമുക്ക് വായിക്കാം.

1. മക്കാ മുശ്‌രിക്കുകളെ അനുകരിക്കുന്ന തൗഹീദ്

മക്കാ മുശ്‌രിക്കുകള്‍ അവരുടെ ആരാധ്യന്മാരെ സ്വീകരിക്കുന്നതിന് പ്രധാനമായും നാല് കാര്യണങ്ങളാണ് പറഞ്ഞിരുന്നത്. അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാന്‍ വേണ്ടിയാണ,് ഞങ്ങളുടെ പൂര്‍വികര്‍ നിലകൊണ്ട നിലപാടാണിത്, അവര്‍ അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശകരാണ്, സ്വന്തമായി ഒന്നും അധീനപ്പെടുത്താത്തവരാണ് എന്നിവയാണ് ആ കാരണങ്ങള്‍. ഈ നാലു ദുര്‍ന്യായങ്ങള്‍ മുറുകെ പിടിച്ച് തന്നെയാണ് സമസ്ത ഇന്നും നിലകൊള്ളുന്നത്.

2. അല്ലാഹുവിന്റെ കഴിവുകളെ സൃഷ്ടികള്‍ക്ക് വകവെച്ച് കൊടുക്കുന്ന തൗഹീദ്

മക്കയിലെ മുശ്‌രിക്കുകള്‍ അല്ലാഹു എല്ലാറ്റിന്റെയും റബ്ബാണെന്ന് അംഗീകരിച്ച് കൊണ്ട് മറ്റു ആരാധ്യന്മാരെ സ്വീകരിച്ചിരുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാല്‍ തൗഹീദിന്റെ അവകാശം ഞങ്ങള്‍ക്കാണെന്ന് കൊട്ടിഘോഷിക്കുന്ന സമസ്തക്കാര്‍ അല്ലാഹുവിന്റെത് മാത്രമായുള്ള കഴിവുകളില്‍ പോലും മറ്റുള്ളവരെ പങ്കാളികളാക്കിക്കൊണ്ടാണ് അല്ലാഹുവിനുള്ള ആരാധനയിലും ശിര്‍ക്ക് വെച്ച് പുലര്‍ത്തുന്നത്. മുഹ്‌യിദ്ദീന്‍ ശൈഖിനെ കുറിച്ച് ഇവര്‍ പറയുന്നു:

1. ''ഇരുലോകത്തുമുള്ളവര്‍ക്ക് മഴയും അരുവിയും നല്‍കുന്ന ശൈഖേ, ആകാശ ഭൂമിയുടെ ഖുതുബും (കേന്ദ്രബിന്ദു) ഗൗസുമായ മഹാനവര്‍കളേ, ആകാശ ലോകത്തും ഭൂമി ലോകത്തുമുള്ളവര്‍ക്ക് ഉപകാര പ്രദമായ അരുവിയും മഴയും വെള്ളവും ഒഴുക്കുന്ന മഹാനേ'' (പാറന്നൂര്‍ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഖുതുബിയ്യത്ത് പരിഭാഷയും വിശദീകരണവും, പേജ്:10).

2. ''തകര്‍ത്തു പെയ്യുന്ന മഴയോടും കുത്തിയൊഴുകുന്ന പുഴയോടും ശൈഖ് നില്‍ക്കാന്‍ പറഞ്ഞാല്‍ ഉടനെ നില്‍ക്കാറുണ്ട്''(മുഹ്‌യിദ്ദീന്‍ മാല വ്യാഖ്യാനം, നന്തി ദാറുസ്സലാം, പേജ്:185).

ഏതൊരു സാധാരണക്കാരനുമറിയുന്ന അല്ലാഹുവിന് മാത്രമായിട്ടുള്ള കഴിവുകളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളിലാണ് ഇത്തരം അന്ധവിശ്വാസങ്ങള്‍ ഇവര്‍ പ്രചരിപ്പിക്കുന്നതും പഠിപ്പിക്കുന്നതുമെന്ന് നാം ഏറെ ഗൗരവത്തോടെ കാണണം.

3. അല്ലാഹുവിന്റെ അവകാശത്തെ സൃഷ്ടികള്‍ക്ക് നല്‍കുന്ന തൗഹീദ്

സമസ്തക്കാര്‍ ഒന്നടങ്കം, അല്ലാഹുവിന് മാത്രം നല്‍കേണ്ട ആരാധനയുള്‍കൊള്ളുന്ന കാര്യങ്ങളെ ഓരോ കാരണങ്ങള്‍ പറഞ്ഞ് അല്ലാഹു അല്ലാത്തവര്‍ക്ക് നല്‍കുന്നതിന്റെ ചില തെളിവുകള്‍ വായിക്കാം.

1. ''1933 മാര്‍ച്ച് 5 ഞായര്‍ ഫറോക്കില്‍ നടന്ന ആറാം വാര്‍ഷിക സമ്മേളനത്തിലെ എട്ടാം പ്രമേയം: മരിച്ച് പോയ അമ്പിയാ ഔലിയാ സ്വാലിഹീന്‍ ഇവരുടെ കറാമത്ത് കൊണ്ടും ഹഖ്, ജാഹ്, ബര്‍ക്കത്ത് ഇത്യാദി കൊണ്ടും തവസ്സുല്‍ (ഇടത്തേട്ടം) ചെയ്യലും അവരെ നേരിട്ട് വിളിക്കലും അവരെ വിളിച്ച് സഹായത്തിന് അപേക്ഷിക്കലും അവരുടെ ആസാറുകള്‍ കൊണ്ട് ബറക്കത്തിന് അപേക്ഷിക്കലും'' (ഇവരെ എന്ത് കൊണ്ട് അകറ്റണം?, ചാലിയം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, പേജ്:14-15).

2. 1974 ജൂണ്‍ 1,9,28 തീയതികളില്‍ സുന്നി മുജാഹിദ് സംയുക്ത യോഗം തീരുമാനിച്ച വാദപ്രതിവാദ വിഷയങ്ങളില്‍ നിന്ന്: ''മുഹ്‌യുദ്ദീന്‍ ശൈഖേ രക്ഷിക്കണെ, ബദ്‌രീങ്ങളേ കാക്കണേ പോലെ മരിച്ചുപോയ മഹാത്മാക്കളെ വിളിച്ച് പ്രാര്‍ഥിക്കല്‍ ശിര്‍ക്കല്ല മുബാഹ് (അനുവദനീയം) ആണെന്ന് സുന്നികള്‍'' (കുണ്ടുതോട് വാദ പ്രതിവാദം, പേജ്:3).

3.അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥനയുടെ ഉദാഹരണം ക്വുര്‍ആനില്‍ കാണിക്കണമെന്നതായിരുന്നു മൗലവിയുടെ മറ്റൊരുവാശി. മരിച്ചു പോയവരെ വിളിച്ചു പ്രാര്‍ഥിക്കാമെന്ന് ക്വുര്‍ആന്‍ കൊണ്ട് തന്നെ എ.പി സ്ഥാപിച്ചപ്പോല്‍ അവിടെയും മൗലവി മുഖം കുത്തി'' (കൊട്ടപ്പുറം സംവാദം, ഒ.എം തരുവണ, പേജ് 158).

4. ചോദ്യം 3: 'മുഹ്‌യുദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാക്കണേ എന്നിങ്ങനെ മരിച്ചു പോയവരെ വിളിച്ച് പ്രാര്‍ഥിക്കുന്നത് അനുവദനീയമാണോ?' ഉത്തരം: 'അനുവദനീയമാണ്' (ഫതാവാ മുഹ്‌യുസ്സുന്ന, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേജ്:38).

5. ''പ്രാര്‍ഥന അല്ലാഹുവിനോട് മാത്രം എന്ന പ്രമേയം സാക്ഷാല്‍ ഇബ്‌ലീസിന്റെ പ്രമേയമാണെന്ന് സുന്നി പണ്ഡിതര്‍ വഹാബികളെ തെര്യപ്പെടുത്തി'' (വഴിപിരിഞ്ഞവര്‍ക്കെന്തുപറ്റി? ഹാശിം നഈമി, പേജ്: 37).

ഇന്നും ഇത്തരം ശിര്‍ക്കന്‍ നിലപാടുകളില്‍ തന്നെ സമസ്ത വിഭാഗങ്ങള്‍ തുടര്‍ന്നുപോരുന്നു. ആരാധനയുടെ പ്രധാന ഭാഗമായ അല്ലാഹുവിനോട് മാത്രമായിരിക്കേണ്ട പ്രാര്‍ഥനയെപ്പോലും ഇത്ര ലാഘത്തോടെ കണ്ട് ജനങ്ങളെ ശിര്‍ക്കിലേക്ക് വലിച്ച് കൊണ്ട് പോകുമ്പോള്‍; ആശയത്തെ ശരിയായ നിലയ്ക്ക് തന്നെ എഴുതിയ സമസ്തയിലെ മുന്‍കാല പണ്ഡിതന്മാരുടെ ചില വരികല്‍ കൂടി വായിക്കുന്നത് നന്നായിരിക്കും.

1. ''അല്ലാഹു അല്ലാത്ത ഏതൊരു വസ്തുവിനെയും-അത് നബിയാവട്ടെ, വലിയാവട്ടെ, കല്ലാവട്ടെ, മരമാവട്ടെ- ആരാധിക്കുന്നതും അതിനോട് പ്രാര്‍ഥിക്കുന്നതും ശിര്‍ക്കാണെന്ന് വിശ്വസിക്കാത്ത ഒരു മുസ്‌ലിമുമില്ല'' (അല്‍ ഖൗലുസ്സദീദ്, റഷീദുദ്ദീന്‍ മൂസ മുസ്‌ലിയാര്‍, പേജ്:100).

2. പ്രാര്‍ഥന ഒരു ആരാധനയാണ് എന്നുമാത്രമല്ല, പ്രാര്‍ഥനയും ആരാധനയും അല്ലാഹുവിനോട് മാത്രമെ പാടുള്ളൂ, അതാണ് തൗഹീദിന്റെ താല്‍പര്യം. അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുക; അവന്‍ ഉത്തരം ചെയ്യും. അഹങ്കാരികള്‍ മാത്രമെ അല്ലാഹുവിനെ ആരാധിക്കാനും അവനോട് പ്രാര്‍ഥിക്കാനും വിസമ്മതം കാണിക്കുകയുള്ളൂ. ശാശ്വതവും നിന്ദ്യവുമായ നരകീയ ജീവിതമാണ് അവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്'' (ക്വുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും, അബ്ദുറഹ്മാന്‍ മഖ്ദൂമി പോന്നാനി, വോ:3, പേജ്:1032).

''പ്രാര്‍ഥന ഇബാദത്താ ഹബീബെ എന്ന്, നുഅ്മാനവര്‍ പറയുന്നു നബിയില്‍ നിന്ന്. വിശ്വാസികള്‍ക്കുള്ളായുധം ദുഅഃയെന്ന്, തിരു മുസ്തഫാ നബിതന്നതും പറയുന്ന.് അതുമാത്രമല്ല ഇബാദത്തിനത് മജ്ജയാ, എന്നും ഹദീസില്‍ വന്നതും ശരിതന്നെയാ'' (അല്‍ മവാഹിബുല്‍ ജലിയ്യ, തഴവാ കുഞ്ഞി മുഹമ്മദ് മൗലവി, പേജ് 29).

പരിണാവും വ്യതിയാനവും ആരുടെ തൗഹീദില്‍, എവിടെയാണ് സംഭവിച്ചിരിക്കുന്നതെന്ന് വായനക്കാര്‍ വിലയിരുത്തട്ടെ.

4. അല്ലാഹുവിന്റെ നാമ ഗുണവിശേഷണങ്ങളെ പരിഹസിക്കുന്ന തൗഹീദ്

അല്ലാഹുവിന് ഉത്കൃഷ്ടമായ നാമങ്ങളും അവന്റെ മഹത്ത്വത്തിന് യോജിക്കുന്ന വിശേഷണങ്ങളും ഉണ്ട് എന്നത് പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന സത്യമാണ്. അത് അല്ലാഹുവും ക്വുര്‍ആനിലൂടെയും നബി ﷺ യിലൂടെയും പഠിപ്പിച്ചതുമാണ്.

അല്ലാഹു പറയുന്നു: ''അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക...'' (7:180).

എന്നാല്‍ സമസ്തക്കാര്‍ വിശ്വസിച്ച് പോരുന്ന രീതി ഏറെ പിഴച്ചതാണ്. അവരുടെ ചില വരികള്‍ കാണുക:

1. ''ഇഷ്ട ദാസന്റെ കണ്ണും കാതും കൈയ്യും കാലും ഞാനാകുമെന്ന് അല്ലാഹും ഖുദ്‌സിയ്യായ ഹദീസിലൂടെ പറഞ്ഞത് നാം നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. അല്ലാഹു കേള്‍ക്കുന്നതു പോലെ കേള്‍ക്കുകയും കാണുകയും പ്രവൃത്തിക്കുകയും ചെയ്യുക എന്നാണ് ഇതിന്റെ വിവക്ഷയെന്ന് പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്'' (സി.എം സ്മരണിക, പേജ്:32).

2. ''അവരുടെ വിശ്വസത്തില്‍ അല്ലാഹു ഒരു വിഗ്രഹം പോലെയാണ്. കണ്ണും കയ്യും കാലും തുടങ്ങി അവയവങ്ങളുള്ളവനും ഭാഗങ്ങള്‍ ഉള്ളവനുമാണെന്ന് അവര്‍ വിശ്വസിക്കുന്നു. 'അര്‍ശ്' എന്ന സിംഹാസനത്തില്‍ ഉപവിഷ്ടനാണ് അവനെന്നും അര്‍ധരാത്രിക്ക് ശേഷം ഒന്നാനാകശത്തേക്ക് ഇറങ്ങുകയും ശേഷം കയറിപ്പോവുകയും ചെയ്യുമെന്നുമൊക്കെയാണ് ഇവരുടെ വാദം. അല്ലാഹുവിന്റെ രണ്ട് കൈകളും വലത് കൈകള്‍ തന്നെയാണെന്നും ഇവര്‍ പറയുന്നുണ്ട്. അപ്പോള്‍ അല്ലാഹു ഒരു വിരൂപിയാണെന്ന് വരുന്നു'' (എസ്.വൈ.എസ് അറുപതാം വാര്‍ഷികോപഹാരം, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേജ്: 48,49).

ഇത്തരം പരിഹാസികള്‍ക്ക് മുമ്പില്‍ ഇമാം ബുഖാരി(റ)യുടെ ഉസ്താദ് ശൈഖ് നുഐമ്ബ്‌നു ഹമ്മാദ് അല്‍ ഖുസാഈ(റഹി) പറഞ്ഞ വാക്കാണ് ഉണര്‍ത്താനുള്ളത്: ''ആരെങ്കിലും അല്ലാഹുവിനെ അവന്റെ സൃഷ്ടിയോട് സാദൃശ്യപ്പെടുത്തിയാല്‍ അവര്‍ കാഫിറായി. അല്ലാഹു സ്വന്തത്തിനു വിശേഷിപ്പിച്ചതിലും റസൂല്‍ ﷺ പറഞ്ഞതിലും സാദൃശ്യപ്പെടുത്തലില്ല. വ്യക്തമായ ആയത്തുകളിലൂടെ വന്നതിനെയും സ്വഹീഹായ ഹദീഥുകളിലൂടെ വന്നതിനെയും അല്ലാഹുവിന്റെ മഹത്ത്വത്തിന് യോജിക്കുന്നതായ രൂപത്തില്‍ ആരെങ്കിലും സ്ഥിരപ്പെടുത്തുകയും കുറവുകള്‍ അവനെത്തൊട്ട് നിഷേധിക്കുകയും ചെയ്താല്‍ നിശ്ചയം അവര്‍ സന്മാര്‍ഗത്തില്‍ പ്രവേശിച്ചു'' (ഇബ്‌നുകഥീര്‍, വോ:2, പേജ്: 272).


5. ജിന്നുകളോട് സമ്പര്‍ക്കം പുലര്‍ത്തുന്ന തൗഹീദ്

ആദര്‍ശപരമായി മുജാഹിദ് പ്രസ്ഥാനത്തെ എതിര്‍ക്കാന്‍ കഴിയാത്തവര്‍ എക്കാലത്തും അതിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും പ്രാമാണിക നിലപാടുകള്‍ക്കും എതിരാകുന്ന പ്രവര്‍ത്തനങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. അതിന്റെ ഭാഗമായുണ്ടായ ഒന്നാണ് മുജാഹിദുകള്‍ ജിന്നുകളോട് പ്രര്‍ഥിക്കാമെന്നും സഹായം തേടാമെന്നും വിശ്വസിക്കുന്നവരും പ്രചരിപ്പിക്കുന്നവരുമാണെന്ന വാദം. സത്യത്തില്‍ ജിന്ന് കയറിയിരിക്കുന്നത് സ്വന്തത്തിലാണെന്നും ആ വിഭാഗവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നവര്‍ തങ്ങളാണെന്നും ഇവര്‍ തിരിച്ചറിയാതെ പോയി. ചില ഉദാഹരണങ്ങള്‍ കാണുക:

1. ''വിജനമായ ഒരു മരുഭൂമിയില്‍ ഒറ്റപ്പെട്ടാല്‍ അല്ലാഹുവിന്റെ അടിമകളേ, എന്നെ സഹായിക്കണമേ എന്നു വിളിച്ചു പറയണമെന്നും ജിന്നുകളോ, മലക്കുകളോ, മരിച്ചുപോയ മഹാത്മാക്കളുടെ ആത്മാക്കളോ നിങ്ങളെ വന്ന് സഹായിക്കും എന്ന് ഹദീസ് വന്നിട്ടുണ്ട്. ഈ ഹദീസ് പതുതായി ഉത്ഭവിച്ചതൊന്നുമല്ല. നേരത്തെ ഉണ്ടായിരുന്നതാണ്'' (ജിന്ന് കയറിയ തൗഹീദ്, ഒ.എം തരുവണ, പേജ്: 24).

2. ജിന്ന് വര്‍ഗത്തിലെ ഔലിയാക്കളായ മദ്ഹബ്, ത്വംറയാന്‍, ഹശ്ത്വശക്ഹ്കാശ്, അഹ്മര്‍, ശൗത്തല്‍, കശ്കശ്‌ലയ്ഊശ്, ത്വര്‍ഖാന്‍, ഹദ്‌ലയാങ്, നജ്ഹഹ്, ലസ്ത്വാശ്, മൈമലന്‍, സ്വന്‍ഇഖ്, ശത്വല്‍ത്വശ്കൂശ്, അബ്‌യള്, ശംനുറശ്, സൗബഅത്ത് എന്നീ പതിനഞ്ച് ജിന്ന് സമൂഹത്തിന്റെ നേതാക്കന്മാരുടെ അര്‍വാഹുകളിലേക്കും ഫാത്വിഹ ഓതുന്നു'' (ഖുതുബിയ്യത്ത് പരിഭാഷയും വിശദീകരണവും, അബ്ദുസ്സമദ് ഫൈസി, പേജ്: 22,23).

പൈശാചിക മന്ത്രവാദങ്ങളും ജ്യോതിഷവും കണക്കുനോട്ടവും നക്ഷത്രവും രാശിയും പോലുള്ള സകല ശിര്‍ക്കന്‍ പണികളും പഠിപ്പിക്കാന്‍ സമസ്തക്കാര്‍ പുറത്തിറക്കിയ 'അല്‍ഹുസ്ബാന്‍ ഇസ്മ് ചികിത്സ' എന്ന പുസ്തകം ഇവരുടെ ജിന്ന്-പിശാച് കൂട്ടുകെട്ടിന് ഏറെ ബലം നല്‍കുന്നു.

തൗഹീദുത്തഅ്‌വീല്‍, ജിന്ന് തൗഹീദ്, ലയന തൗഹീദ്, സെല്‍ഫി തൗഹീദ്, ഔദ്യോഗിക തൗഹീദ് എന്നീ വിമര്‍ശന വിശേഷണങ്ങള്‍ നല്‍കി മുജാഹിദുകള്‍ ഏറെ ശ്രദ്ധിച്ചുപോരുന്ന തൗഹീദിനെ കളിയാക്കുന്നതിനിടയില്‍ ലേഖകന്‍ സാധാരണ നിലയ്ക്കുള്ള സഹായം ചോദിക്കലിന്റെ കൂട്ടത്തിലേക്ക് വലിയ്യ്, ബദ്‌രീങ്ങള്‍, ക്വബ്‌റാളികള്‍ എന്നിവരെ വിളിച്ച് തേടല്‍ തൗഹീദാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. അതാണ് യഥാര്‍ത്ഥ പരിണാമ തൗഹീദ്. ആദര്‍ശത്തെ വിരോധിക്കുന്നവരും, പ്രമാണത്തെ പരിഹസിക്കുന്നവരുമായി മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്നും, അതിന്റെ ആദര്‍ശത്തില്‍ നിന്നും തെറിച്ച് പോയവരെ നോക്കി തൗഹീദിനെതിരെ സംസാരിക്കാതെ, സത്യസന്ധമായി തൗഹീദിനെ നിലനിര്‍ത്തുന്നവരില്‍ നിന്ന് അതിനെ മനസ്സിലാക്കാന്‍ ഗ്രഹിക്കണമെന്നാണ് ഉണര്‍ത്താനുള്ളത്. നാഥന്‍ തുണകട്ടെ.

0
0
0
s2sdefault