സലഫിയ്യത്തും സമകാലിക സാഹചര്യവും

അബ്ദുല്‍ മാലിക് സലഫി

2017 നവംബര്‍ 11 1439 സഫര്‍ 22

അസത്യത്തിന്റെ പ്രചാരകര്‍ക്ക് സത്യം എന്നും കയ്‌പേറിയതാണ്. സത്യത്തിന്റെ ശബ്ദത്തെ കോലാഹലങ്ങള്‍ സൃഷ്ടിച്ച് നേര്‍പിക്കാന്‍ ശ്രമിച്ച്, മീഡിയാശക്തി ഉപയോഗിച്ച് ഇടതടവില്ലാതെ അസത്യത്തിന്റെ എപ്പിസോഡുകള്‍ അനുവാചകരിലെത്തിച്ച്, ആശയപ്രതിരോധമെന്ന പേരില്‍ ദുരാരോപണ ഭാണ്ഡങ്ങളുടെ ചരടുകള്‍ പൊട്ടിച്ച്, കളവുകള്‍ ആവര്‍ത്തിക്കുക എന്ന ഗീബല്‍സിയന്‍ സിദ്ധാന്തത്തെ അനുനിമിഷം പ്രയോഗവത്കരിച്ച് അസത്യപ്രചാരകര്‍ അവരുടെ പ്രവര്‍ത്തനം തുടരുകതന്നെയാണ്. ഇസ്‌ലാമാണ് ഇവരുടെയെല്ലാം ഇര. ഇസ്‌ലാമിനെ യഥാര്‍ഥ രൂപത്തില്‍ പ്രതിനിധീകരിക്കുന്ന എന്തും ഇവരുടെ കണ്ണില്‍ കരടാവാറുണ്ട്. അങ്ങനെയാണ് കുറച്ചുകാലമായി സലഫിയ്യത്ത് പ്രതിക്കൂട്ടില്‍ കയറ്റപ്പെടാന്‍ തുടങ്ങിയത്. യഥാര്‍ഥത്തില്‍ ഇവിടെ പ്രതിയാക്കപ്പെടുന്നത് ശുദ്ധ ഇസ്‌ലാം തന്നെയാണ്. സ്വൂഫികളും ത്വരീക്വത്തുകാരും ഇസ്‌ലാമിസ്റ്റുകളുമെല്ലാം കൂടി അലകും പിടിയും ഊരിമാറ്റിയ ഇസ്‌ലാം പ്രമാണങ്ങളിലുള്ള മതമല്ല എന്ന സത്യം ലോകത്ത് ഇസ്‌ലാമിനെ മനസ്സിലാക്കിയവരൊക്കെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

പ്രമാണങ്ങളിലെ ഇസ്‌ലാം സലഫിയ്യത്തിലാണ് ഉള്ളത് എന്ന ശത്രുക്കളുടെ തിരിച്ചറിവില്‍ നിന്നാണ് ഭീകരത, തീവ്രവാദം എന്നിങ്ങനെയുള്ള തൊട്ടാല്‍ പൊട്ടുന്ന കാര്യങ്ങളെ സലഫിയ്യത്തിന്റെ അരികു ചേര്‍ത്ത് പറയാന്‍ അവരെ പ്രേരിപ്പിക്കുന്നത്. എന്ത് തോന്നിവാസം ആരു ചെയ്താലും അവന്‍ മുസ്‌ലിം നാമധാരിയായിപ്പോയാല്‍ അതിന്റെ പേരില്‍ ഇസ്‌ലാമിനെ കശാപ്പ് ചെയ്യുന്ന അതേ പണിതന്നെയാണ് യഥാര്‍ഥത്തില്‍ ഇതും. സലഫിയ്യത്തിന്റെ നേതാക്കളെയും പണ്ഡിതരെയും അപഹസിച്ച്, അവരെ കുഫ്‌രിയ്യത്തിന്റെ വക്താക്കളായി ചിത്രീകരിച്ചവര്‍ വരെ മീഡിയകൡ സലഫികളായി അവതരിക്കുന്നു എന്നതാണ് വര്‍ത്തമാന കാലത്തെ വലിയ തമാശ. ഉസാമയും ഐമന്‍ ദ്വവാഹിരിയും ഐ.എസിന്റെ ഇപ്പോഴത്തെ നേതൃത്വവുമൊക്കെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് സലഫിയ്യത്തിനെയും അതിന്റെ പണ്ഡിതന്മാരെയുമാണെന്ന സത്യം ലോകത്ത് ആര് മറച്ചുപിടിച്ചാലും അത് തെളിഞ്ഞു തന്നെ നില്‍ക്കും.

സൂഫിസത്തിലും ക്വുത്വുബിസത്തിലും പൊതിഞ്ഞ ഇസ്‌ലാമാണ് ഉപരിസൂചിത വിഭാഗത്തിന്റെ ആദര്‍ശമെന്നത് ഇവരുടെ കൃതികള്‍ പരതുന്ന ഏതൊരാള്‍ക്കും വ്യക്തമാകുന്നതാണ്. തീവ്രനിലപാടുകളെ എക്കാലത്തും എതിര്‍ത്തുവന്ന സലഫിപണ്ഡിതരെ വൈജ്ഞാനിക ഷണ്ഡത്വം ബാധിച്ചവരെന്നും കുഫ്‌രിയ്യത്തിന്റെ പ്രചാരകരെന്നും കൊട്ടാര വിദൂഷകന്മാരെന്നുമൊക്കെ പരിചയപ്പെടുത്തുന്ന ഇവരെയാണ് ചിലര്‍ സലഫിയ്യത്തിന്റെ നേതാക്കളായി എണ്ണുന്നത് എന്ന് കാണുമ്പോള്‍ അവരുടെയൊക്കെ ജ്ഞാനത്തിന്റെ ആഴവും ചര്‍മത്തിന്റെ കട്ടിയും എത്രയാണെന്ന് ആലോചിച്ചുപോവുകയാണ്. ലോകത്ത് എന്തു സംഭവിച്ചാലും മുജാഹിദുകളെ പ്രതിചേര്‍ക്കണമെന്ന് നോമ്പുനോറ്റ് നടക്കുന്ന ചില വാടക പേനയുന്തികള്‍ കേരളത്തില്‍ ഉള്ളത് നാം കാണുന്നുണ്ട്. അവര്‍ അവരുടെ പണിയെടുക്കട്ടെ. അതവരുടെ ജീവിതത്തിന്റെ പ്രശ്‌നമാണല്ലോ. എന്നാല്‍, ചില വസ്തുതകള്‍ നാം വിസ്മരിക്കരുത്.

ഐ.എസിനെ ആധുനിക ഖവാരിജുകള്‍ എന്ന് വിളിച്ചതാര്? ഉത്തരം: സലഫികള്‍! ഐ.എസ് ഇസ്‌ലാമല്ല എന്ന് ലക്ഷങ്ങളെ സാക്ഷിയാക്കി അറഫയില്‍ വെച്ച് പ്രഖ്യാപിച്ചതാര്? ഉത്തരം: സലഫികള്‍! 'ഹൂഥി തീവ്രവാദികളെ' ഇന്നും യുദ്ധം ചെയ്ത് നിഷ്പ്രഭമാക്കിക്കൊണ്ടിരിക്കുന്നവരാര്? ഉത്തരം: സലഫികള്‍! ഐ.എസിനെ വൈജ്ഞാനികമായി ഏറ്റവും നന്നായി പ്രതിരോധിച്ചതാര്? ഉത്തരം: സലഫികള്‍! ഐ.എസിന്റെ ആശയ സ്രോതസ്സുകളെ കേരളത്തിലടക്കം വസ്തു നിഷ്ടമായി പുറത്തെത്തിച്ചതാര് എന്നതിനും ഉത്തരം സലഫികള്‍ തന്നെ എന്നതു മാത്രമാണ്. മറ്റുള്ളവര്‍ക്കെല്ലാം ഐ.എസ് വിഷയം ഒരു പകപോക്കലും അരിശം തീര്‍ക്കലുമായിരുന്നു എന്നതാണ് സത്യം. ശത്രുവിനെതിരെ പ്രയോഗിക്കാന്‍ പറ്റിയ പുതിയ ആയുധം എന്നതില്‍ കവിഞ്ഞ്, സലഫികള്‍ ഈ രംഗത്ത് സ്വീകരിച്ച കാര്യങ്ങളുടെ നാലയലത്ത് പോലും എത്താന്‍ ഐ.എസ് സമം സലഫിയ്യത്ത് എന്ന് ഒച്ചവെക്കുന്നവര്‍ക്കായിട്ടില്ല എന്നതാണ് സത്യം. കേരളത്തില്‍ നിന്നോ അതിന്റെ പുറത്തുനിന്നോ പിടിക്കപ്പെടുന്നവരുടെ മുഖഭാവം കണ്ട് മാത്രം ഇതൊക്കെ മുജാഹിദുകള്‍ തന്നെയാണ് എന്ന് വിലയിരുത്തുന്നതിന് മുമ്പ്, കാര്യങ്ങള്‍ അന്വേഷിച്ചറിയുന്നത് നന്നാവും എന്നേ ഓര്‍മപ്പെടുത്താനുള്ളൂ. ഉസാമ ബിന്‍ലാദനെ 'ധീര നേതാവായി' പരിചയപ്പെടുത്തിയത് കേരളത്തിലെ കേശവാണിഭക്കാരായിരുന്നു എന്നത് 'സെന്‍സിംഗി'ലൂടെ നാം കണ്ടതാണ്.

ലോകത്ത് തീവ്രവാദം കയറ്റി അയക്കുന്ന ഇറാനുമായി അക്കാദമിക് തലത്തില്‍ ആര്‍ക്കാണ് ബന്ധം എന്നത് ഇന്ന് നാട്ടില്‍ പാട്ടാണ്. ഇറാനിലെ ഖുമ്മില്‍ നടക്കുന്ന ശീഇകളുടെ യോഗത്തില്‍ പങ്കെടുത്ത്, സ്വഹാബത്തിനെയും അഹ്‌ലുസ്സുന്നയെയും ചീത്തവിളിക്കാന്‍ തണല്‍വിരിക്കുന്നതും സലഫികളൊന്നുമല്ല. ഇറാഖിലും സിറിയയിലും ലക്ഷക്കണക്കിന് അഹ്‌ലുസ്സുന്നക്കാരെ വധിക്കാന്‍ കൂട്ടുനിന്ന ഇറാനിനും ബശ്ശാറിനുമൊക്കെ ആവേശം നല്‍കിയ ശീഈ ചിന്തയെ തലയിലേറ്റിയവര്‍ കേരളത്തില്‍ ആരാണെന്നും സലഫികള്‍ക്ക് നന്നായി അറിയാം.

തടിയന്റവിട നസീറും മഅ്ദനിയും ഒരു സലഫി സ്ഥാപനത്തിലും പഠിച്ചവരല്ല. ത്വരീക്വത്തിന്റെ അതിവാദങ്ങളുടെ ചില പ്രതീകങ്ങള്‍ മാത്രമാണവര്‍. യമനിലേക്കും സിറിയയിലേക്കും പോയി എന്ന് പറയപ്പെടുന്നവരും ആ പേരില്‍ പിടിക്കപ്പെടുന്നവരും സലഫികളുടെ ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ നിന്ന് പഠിച്ചിറങ്ങിയവരോ സലഫീ നേതൃത്വം അംഗീകരിക്കുന്നവരോ അല്ല. ഇന്റര്‍നെറ്റിന്റെ ശിഷ്യത്വം സ്വീകരിച്ച് സ്വയം 'വിദ്വാന്‍' ചമയുന്നവരെയെല്ലാം മുജാഹിദുകളുടെ എക്കൗണ്ടിലേക്ക് ചേര്‍ക്കുന്നത് മാന്യമായി പറഞ്ഞാല്‍ നെറികേടാണ്. പ്രതിപ്പട്ടികയില്‍ ഒരു മുസ്‌ലിം ഉണ്ടായാല്‍ മാത്രമെ കേസിന് ഒരു 'ഇത്' ഉണ്ടാവൂ എന്നിടത്തുനിന്ന് മാറി, ഒരു 'സലഫി' വാലുണ്ടായാലേ ഇനി ശരിയാവൂ എന്നിടത്തേക്ക് സംഘ്പരിവാരത്തിന്റെ കാറ്റ് തട്ടിയ ചില ഏമാന്‍മാര്‍ക്ക് തോന്നുന്നതിന് വേറെ നിവൃത്തിയൊന്നുമില്ല.

കേരളത്തില്‍ തീവ്രവാദത്തിന്റെ വിത്തുകള്‍ മുളപൊട്ടാന്‍ തുടങ്ങുന്നു എന്ന സൂചന കിട്ടിയപ്പോള്‍ തന്നെ, അത്തരക്കാരെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിച്ചുകൊടുത്ത മുജാഹിദുകളുടെ പ്രവര്‍ത്തനം ചിലര്‍ വിസ്മരിച്ചാലും, കാലം അതിന്റെ ചുമരുകളില്‍ അത് രേഖപ്പെടുത്തിക്കഴിഞ്ഞു. അത്തരക്കാര്‍ക്ക് കഞ്ഞി വിളമ്പിയവരാണ് ഇപ്പോള്‍ ഭീകരത, തീവ്രത എന്നൊക്കെ പ്പറഞ്ഞ്, സലഫികളുടെ മെക്കിട്ട് കയറാന്‍ വരുന്നത്. കേവലം ഭൗതിക-രാഷ്ട്രീയ കാര്യത്തിനു വേണ്ടി മാത്രം ഭിന്നിച്ച് കഷ്ണങ്ങളായി, പരസ്പരം കാഫിറാക്കലും കൊലപാതകങ്ങളും വരെ നടത്തി, ഇന്നും പള്ളികളില്‍ പരസ്പര കലഹങ്ങള്‍ക്ക് കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്നവര്‍, സലഫികളെ നോക്കി ഇവര്‍ പ്രശ്‌നക്കാരാണ് എന്ന് വിളിച്ചു പറയുന്നതിന്റെ രസതന്ത്രം ബുദ്ധിയുള്ളവര്‍ വിലയിരുത്തുന്നുണ്ട്. 'അമുസ്‌ലിംകളെ വേദിയില്‍ കയറ്റാന്‍പാടില്ല' എന്ന് കര്‍മശാസ്ത്ര പുസ്തകങ്ങളില്‍ എഴുതിയതാരെന്നും ജനം തിരിച്ചറിയുന്നുണ്ട്. ഏത് സംഘത്തില്‍ നിന്നും തെറിച്ചു പോകുന്നവരും തെറ്റിപ്പോകുന്നവരുമുണ്ടാവും. അത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ആ സംഘടനയുടെ ഔദ്യോഗിക പ്രവര്‍ത്തനങ്ങളായി പറയുന്നത് ശരിയല്ല. 

ചുരുക്കത്തില്‍ സലഫിയ്യത്ത് ശുദ്ധ ഇസ്‌ലാമിന്റെ നാമമാണ്. അതിനെ കരിതേക്കലാണ് സ്വൂഫീ-ഫാഷിസ്റ്റ് അജണ്ട. അതിനവര്‍ നടത്തുന്ന വളഞ്ഞ വഴിയാണ് ആര് എവിടെ പിടിക്കപ്പെട്ടാലും അവരുടെ ഉറവിടം സലഫിയ്യത്തിലാണെന്ന് പറയല്‍. ഈ നാടകം അധിക കാലം ഓടുകയില്ല. അണിയറക്കുള്ളിലെ ഫാഷിസ്റ്റ്-സ്വൂഫി-ശിയാ മുക്കൂട്ടുമുന്നണിയെ ലോകം തിരിച്ചറിയും. ആ ബേജാറുകൊണ്ടാണ് സലഫിയ്യത്തിനെ തട്ടിവീഴ്ത്താന്‍ ശ്രമിക്കുന്നത്. ഇസ്‌ലാമിന്റെ കാര്യണ്യത്തിന്റെ മുഴുവന്‍ വശങ്ങളും സലഫികള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ബഹുമതസമൂഹത്തിലെ മുസ്‌ലിം എങ്ങനെയായിരിക്കണമെന്ന ഇസ്‌ലാമിന്റെ പ്രമാണബദ്ധിത നിലപാടില്‍ തന്നെയാണ് സലഫികളുള്ളത്. ഭീകരത, തീവ്രത, അസഹിഷ്ണുത പരമത നിന്ദ, എന്നിവ സലഫിയ്യത്തിന്റെ ഭാഗമല്ല, അത് ചെയ്യുന്നവരെ സലഫികള്‍ അംഗീകരിക്കാറുമില്ല. ഭീകരതക്കെതിരില്‍ തങ്ങളാല്‍ കഴിയുന്ന മുഴുവന്‍ കാര്യങ്ങളും ചെയ്യുന്നവരാണ് സലഫി ഭരണാധികാരികളും പണ്ഡിതന്മാരും അനുയായികളും. ഭീകരതയുടെ വേരുകളും അതിന്റെ അപകടവും ബൗദ്ധികമായും രചനാപരമായും ഏറ്റവും കൂടുതല്‍ ലോകത്തിനുമുന്നില്‍ വെളിപ്പെടുത്തിയത് സലഫി പണ്ഡിതരും പ്രബോധകരുമാണ്. 

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന അഴിമതി-ഭീകരവിരുദ്ധ സുപ്രീം കമ്മിറ്റി ഈ രംഗത്ത് സലഫീ ഭരണകൂടങ്ങള്‍ നിര്‍വഹിക്കുന്ന ദൗത്യത്തിന്റെ അവസാന ഉദാഹരണമാണ്. ഭീകരതക്കെതിരെ കണിശമായ നിലപാടാണ് കമ്മിറ്റി കൈകൊണ്ടിട്ടുള്ളത്. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ചുള്ള ഭീകരാക്രമണങ്ങള്‍ക്ക് 10 മുതല്‍ 30 വര്‍ഷം വരെ തടവ്, തീവ്രവാദ സെല്ലുകള്‍ക്ക് രൂപം നല്‍കിയാല്‍ 10 മുതല്‍ 25 വര്‍ഷം വരെ തടവ്, ഭീകര സംഘടനകളില്‍ നിന്ന് പരിശീലനം നേടുന്നവര്‍ക്കും ആയുധക്കള്ളക്കടത്തുകാര്‍ക്കും 20 മുതല്‍ 30 വര്‍ഷം വരെ തടവ്, മറ്റൊരാളെ ഭീകര സംഘടനയില്‍ ചേരാന്‍ പ്രലോഭിപ്പിക്കുന്നവര്‍ക്ക് എട്ടു മുതല്‍ 25 വര്‍ഷം വരെ തടവ്, പരിശീലന ക്യാമ്പുകള്‍ ആരംഭിച്ചാല്‍ 10 മുതല്‍ 20 വര്‍ഷം വരെ തടവ് (കുറ്റകൃത്യം ചെയ്യുന്നയാള്‍ക്ക് സൈനിക പശ്ചാതലമുണ്ടെങ്കില്‍ തടവുശിക്ഷ 20 മുതല്‍ 30 വര്‍ഷം വരെയാകും), ഭീകരവാദികളെ സഹായിച്ചാല്‍ 10 മുതല്‍ 30 വര്‍ഷം വരെ തടവ്, ഭീകരവാദത്തെ പ്രോല്‍സാഹിപ്പിച്ചാല്‍ 15 വര്‍ഷം വരെ തടവ്, ഒന്നോ അതിലധികമോ ആളുകളുടെ മരണത്തിനിടയാക്കുന്ന ഭീകരാക്രമണം നടത്തുന്നവര്‍ക്ക് വധശിക്ഷ... തുടങ്ങിയവയാണ് പുതിയ കമ്മിറ്റി നടപ്പാക്കുന്ന നിയമങ്ങള്‍. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും എല്ലാവരേക്കാളും ഒരുപിടി മുന്നില്‍ തന്നെയാണ് സലഫീ പണ്ഡിതരും നേതാക്കളും എന്ന് തെളിയിക്കുന്ന നിയമനിര്‍മാണമാണിത്. സലഫിയ്യത്തിനെയും സൗദിയെയും ഭീകരവാദത്തിന്റെ ഉറവിടങ്ങളാക്കി ചിത്രീകരിച്ച് പേനയുന്തുന്ന രണ്ടത്താണിമാരും രണ്ടത്താണിമാര്‍ക്ക് അത്താണി നാട്ടിക്കൊടുക്കുന്ന 'മുഖ്യധാര'ക്കാരും ഇതെല്ലാം വായിച്ച് 'ചരിത്രബോധം' കൂട്ടുന്നത് നല്ലതാണ്.

ഖുത്ബിസം തലയില്‍ കയറ്റി സലഫിവേഷം ധരിച്ച് നടക്കുന്ന ചിലരെ സലഫീ ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ പിടിക്കപ്പെടുമ്പോള്‍ തങ്ങള്‍ സലഫികളാണെന്ന് വിളിച്ചു പറയുന്നതിലെ ദുരുദ്ദേശ്യം തിരിച്ചറിയാനുള്ള സാമാന്യബോധം പോലും സലഫീ വിരുദ്ധര്‍ക്ക് നഷ്ടമായി എന്നതാണ് ചിലരുടെ വാചാടോപങ്ങള്‍ കാണുമ്പോള്‍ തോന്നുന്നത്.

കേരളത്തില്‍ തന്നെ ഐ.എസ് വിഷയം ചര്‍ച്ചയാകാന്‍ തുടങ്ങിയപ്പോള്‍ വൈജ്ഞാനികമായി സലഫികളാണ് അതിനെ കൈകാര്യം ചെയ്തത് എന്ന് ഇവിടുത്തെ അധികാരികളും രാഷ്ട്രീയക്കാരും വിലയിരുത്തിയിട്ടുണ്ട്. പാതിരാവുകളില്‍ ഇന്റര്‍നെറ്റിന്റെ പൈശാചിക വലയില്‍ കണ്ണും നട്ടിരിക്കുന്നവര്‍ക്ക് സംഭവിക്കുന്ന വ്യതിയാനങ്ങളെ ഏറ്റവും കൂടുതല്‍ ചൂണ്ടിക്കാണിച്ചത് സലഫി പ്രഭാഷകരായിരുന്നു. അറിവ് തേടണ്ടത് യഥാര്‍ഥ ഉറവിടത്തില്‍ നിന്നാണെന്നും ഗൂഗിളില്‍ നിന്നല്ലെന്നും സമൂഹത്തെ പഠിപ്പിക്കുന്നവരുമാണ് സലഫികള്‍. ഭീകര പ്രസ്ഥാനങ്ങളെക്കുറിച്ചും അത്തരം സംഘങ്ങളില്‍ ചേര്‍ന്നാലുണ്ടാകുന്ന ഇരുലോകത്തെയും നഷ്ടത്തെക്കുറിച്ചും അനുയായികളെ നല്ലവണ്ണം ബോധവല്‍കരിക്കുന്നവരാണ് സലഫി നേതൃത്വം. എന്നിട്ടും ഏതെങ്കിലും ഒരുത്തന്‍ ഈ മതിലുകളെല്ലാം തകര്‍ത്ത് ഇന്റര്‍നെറ്റില്‍ നിന്ന് കേട്ട ഏതെങ്കിലും അജ്ഞാത പ്രഭാഷണത്തിന്റെയോ, തലയും വാലും വെട്ടിമുറിച്ച ഫത്‌വകളുടെയോ, അജ്ഞാത 'നേതൃത്വ'ത്തിന്റെ വഞ്ചനയിലോ പെട്ട് എന്തെങ്കിലും ചെയ്യുമ്പോള്‍ അതെല്ലാം സലഫിയ്യത്തിന്റെ ചുമരില്‍ എഴുതിച്ചേര്‍ക്കുന്നത് നീതീകരിക്കാനാവില്ല. 

സലഫിയ്യത്ത് ആരെയും വഴിതെറ്റിച്ചിട്ടില്ല. സലഫിയ്യത്ത് തീവ്രവാദവുമല്ല. അത് തീവ്രവാദത്തിലേക്കുള്ള ചവിട്ടടിയുമല്ല. മറിച്ച് അത് സമാധാനമാണ്, ശാന്തിയാണ്, ശാശ്വത സമാധാനത്തിലേക്കുള്ള അവക്രമായ വഴിയാണ്. ചൂഷണത്തിന്റെ വക്താക്കളെ അത് തുറന്നുകാട്ടുന്നു. ചൂഷണങ്ങളെ എതിര്‍ക്കുന്നു. നിര്‍ഭയത്വം പ്രദാനം ചെയ്യുന്നു. അതിനാല്‍ സലഫിയ്യത്തിനെ അറിയണം; അതിന്റെ സ്രോതസ്സില്‍ നിന്ന്. പോലിസുകാരന്റെ എഫ്.ഐ.ആറില്‍  നിന്നല്ല. ഇന്റര്‍നെറ്റിന്റെ വലക്കെണികളില്‍നിന്നുമല്ല. സലഫികളുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന 'ബിരിയാണി ഹംസമാരെയും' മറ്റും സലഫിയ്യത്തിന്റെ വരവില്‍ എഴുതിച്ചേര്‍ക്കുന്നതിനു മുമ്പ്, കേരളത്തിലും, അല്ല ഇന്ത്യയില്‍ തന്നെയും യഥാര്‍ഥ മുസ്‌ലിംകളില്ല എന്ന് വിശ്വസിക്കുകയും അക്കാരണത്താല്‍ ഒരൊറ്റ പള്ളിയിലും ഒരു നേരം പോലും നമസ്‌കാരത്തിന് പോകാതിരിക്കുകയും ചെയ്തിരുന്ന ഇത്തരക്കാരെ ഏത് സലഫിയ്യത്തിലാണ് നിങ്ങള്‍ പെടുത്തുക എന്ന് കൂടി ആലോചിക്കണം. കേരളത്തിലെ സലഫികള്‍ മുസ്‌ലിംകള്‍ തന്നെയല്ല എന്ന് വാദിക്കുന്നവരെയും സലഫികളുടെ പട്ടികയില്‍ പെടുത്തുവാന്‍ ശ്രമിക്കുന്നത് നീതിയല്ല. വര്‍ഷങ്ങളായി നിയമപാലകരുടെ നിരീക്ഷണത്തിലുണ്ടെന്ന് പറയപ്പെടുന്ന ഇവര്‍ കേരളത്തിലെ ഒരു സംഘടനയെയും അംഗീകരിക്കുന്നില്ല, അവര്‍ ഏതെങ്കിലും സംഘത്തിന്റെ വാക്താക്കളുമല്ല, അവരത് അവകാശപ്പെടുന്നുമില്ല എന്നാണ് പത്രവാര്‍ത്തകള്‍ നല്‍കുന്ന സൂചനകള്‍. അതിനാല്‍ കേവലം ഊഹം മാത്രം കൈമുതലാക്കി ആരെങ്കിലും ആര്‍ക്കെതിരെയെങ്കിലും ആരോപണം പറയുന്നത് സൂക്ഷിക്കണം എന്നാതാണ് ഓര്‍മിപ്പിക്കുവാനുള്ളത്. ഇത്തരക്കാര്‍ക്കെതിരെ സമൂഹം ഒന്നടങ്കം പ്രതികരിക്കേണ്ട സമയത്ത് അപരാധികളെ വേട്ടക്കാരാക്കുന്ന രീതി ആര്‍ക്കും ഗുണം വരുത്തില്ല.

0
0
0
s2sdefault