മദ്യപനായ പിതാവ്

ഹാരിസ്ബിന്‍ സലീം

2017 ഫെബ്രുവരി 11 1438 ജമാദുൽ അവ്വൽ 19
ചോദ്യം: പ്രവാസം അവസാനിപ്പിച്ച് വിശ്രമ ജീവിതം നയിക്കുന്ന എന്റെ പിതാവ് സ്ഥിരം മദ്യപാനിയാണ്. മറ്റു വരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്ത അദ്ദേഹം വീട്ടുചെലവിലേക്ക് (അദ്ദേഹത്തിന്) ഞാന്‍ അയച്ചുകൊടുക്കുന്ന പണത്തില്‍നിന്നും വിഹിതമെടുത്താണ് മദ്യപിക്കുന്നത് എന്നതിനാല്‍ ഞാന്‍ കുറ്റക്കാരനാകുമോ?

മറുപടി: അല്ലാഹു താങ്കളുടെ പിതാവിനെ സന്മാര്‍ഗത്തിലാക്കുകയും തെറ്റായ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അനുഗ്രഹം നല്‍കുകയും ചെയ്യുമാറാകട്ടെ. താങ്കളും അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റുള്ളവരും അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് അല്ലാഹു മതിയായ പ്രതിഫലം നല്‍കുകയും ചെയ്യട്ടെ.

മദ്യപാനവും മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗവും ഗുരുതരമായ പാപമാണ്. വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു വിരോധിച്ച കാര്യമാണ് മദ്യം.

''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം'' (5:90).

തിന്മകളുടെ മാതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന മദ്യം മനുഷ്യനെ എല്ലാ തിന്മകളിലേക്കും എത്തിക്കും. മദ്യപിക്കാന്‍ പണം ലഭിക്കാന്‍ അയാള്‍ മോഷ്ടിക്കും. ഭാര്യയുമായി പിണങ്ങിയാല്‍ അയാള്‍ വ്യഭിചരിച്ചേക്കും. ലഹരിയില്‍ വഴക്കടിക്കുമ്പോള്‍ അയാള്‍ കൊല നടത്തിയേക്കും. ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തും. ഇങ്ങനെ എല്ലാ തെറ്റുകളിലേക്കും ഒരാളെ എത്തിക്കാന്‍ ലഹരിക്ക് കഴിയും. അല്ലാഹു വിരോധിച്ച കാര്യമായതുകൊണ്ട് തന്നെ ജീവിതത്തില്‍ പലരൂപത്തില്‍ പ്രതികൂലത സൃഷ്ടിക്കും. മദ്യപന്‍ വേണ്ടെന്നുവെച്ചാലും ഒഴിവാക്കാന്‍ കഴിയാത്ത വിധത്തിലുള്ള അഡിക്ഷന്‍ അതുണ്ടാക്കുന്നു. മദ്യപരായ സുഹൃത്തുക്കളും മദ്യഷോപ്പുകളും മാത്രമല്ല മദ്യക്കുപ്പികള്‍ കാണുന്നതു പോലും മദ്യപനെ വീണ്ടും മദ്യത്തിലേക്കെത്തിക്കുന്നു!

ജീവിതത്തില്‍ ഒരു 'കമ്പനിക്ക്' വേണ്ടിയോ നിര്‍ബന്ധത്തിന് വഴങ്ങിയോ ആഘോഷവേളകളിലോ ആദ്യമായി മദ്യപിക്കുന്നവര്‍ പിന്നീട് പൂര്‍ണ മദ്യപരായിത്തീരുന്നു. ഇത്തരം പ്രതിബന്ധങ്ങളില്‍ പെട്ടു പോയവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കലാണ് എപ്പോഴും ശാശ്വത പരിഹാരം. സ്‌നേഹത്തോടെയുള്ള പെരുമാറ്റത്തിലൂടെയും മതിയായ ചികിത്സയിലൂടെയും അവരെ തിരിച്ചുെകാണ്ടുവരാന്‍ കഴിയും. ഡി അഡിക്ഷന്‍ സെന്ററുകള്‍ അതിന് സഹായിക്കും.

ഇത്തരക്കാരില്‍ പെട്ട പിതാവിനോട് താങ്കള്‍ ചെയ്യേണ്ട കാര്യം ചുരുക്കിപ്പറയാം.

  1. ഒരു മദ്യപനായി അദ്ദേഹം മരിച്ചുപോകാതിരിക്കാന്‍ ഫലമ്രദമായ മാര്‍ഗങ്ങളിലൂടെ അദ്ദേഹത്തെ സന്മാര്‍ഗത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കണം.
  2. അദ്ദേഹത്തിന്റെ തിന്മകള്‍ ഒരു നിലയ്ക്കും മറ്റുള്ളവരിലേക്ക് പടരാതെ സൂക്ഷിക്കണം. അദ്ദേഹത്തെ വെടിഞ്ഞുനില്‍ക്കുക എന്നതുകൊണ്ട് മാത്രം ഫലം കിട്ടിക്കൊള്ളണമെന്നില്ല. മദ്യപിക്കാന്‍ ഉപയോഗിക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ പണം കൊടുക്കരുത്. കാരണം നന്മയിലും ഭക്തിയിലും മാത്രമെ സഹകരിക്കാവൂ എന്ന് അല്ലാഹു പറയുന്നുണ്ട്: (ക്വുര്‍ആന്‍ 5:2).

അപ്പോള്‍ മദ്യം വാങ്ങാന്‍ കാശ് നല്‍കാന്‍ പാടില്ല. എന്നാല്‍ അദ്ദേഹത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്കും അദ്ദേഹത്തിനും ഭക്ഷണവും മറ്റ് ജീവിതാവശ്യങ്ങളും നിറവേറ്റിക്കൊടുക്കുന്നതില്‍ വീഴ്ച വരുത്തരുത്.

കഴിയാവുന്ന മാര്‍ഗങ്ങളെല്ലാം അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ സ്വീകരിക്കണം. അതോടൊപ്പം താങ്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

  1. അദ്ദേഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ പണ്ഡിതന്മാരോ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ ഉപയോഗിച്ച് മാറ്റിയെടുക്കാന്‍ ശ്രമിക്കണം.
  2. വീട്ടിലുള്ള കുട്ടികള്‍, ബന്ധുക്കള്‍ മുതലായവരെ അദ്ദേഹത്താല്‍ സ്വാധീനിക്കപ്പെടാത്തവിധം അകറ്റിനിര്‍ത്തണം.
  3. അദ്ദേഹത്തെ മദ്യപാനത്തില്‍ പിടിച്ചു നിര്‍ത്തുന്ന സുഹൃത്തക്കള്‍, സഹായികള്‍ എന്നിവരെ കണിശമായി അയാളില്‍നിന്നും അകറ്റിനിര്‍ത്താന്‍ ശ്രദ്ധിക്കണം.
  4. മതബോധം നല്‍കുന്ന മതപഠനവേദികള്‍, ഫലപ്രദമായ ചികിത്സാകേന്ദ്രങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുക.
  5. താങ്കളും അടുത്ത ബന്ധുക്കളും അയാളുടെ മനസ്സ് മാറാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക.
  6. അദ്ദേഹത്തിന്റെ തിന്മയെ ശക്തമായി വെറുക്കുന്നതോടൊപ്പം പിതാവെന്ന നിലയ്ക്ക് സ്‌നേഹത്തോടെയും കാരുണ്യത്തോടെയും പെരുമാറി പരമാവധി മനസ്സ് മാറ്റിയെടുക്കാന്‍ പരിശ്രമിക്കുക. കാരണം പിതാവിനോടുള്ള നന്മ ഇസ്‌ലാമില്‍ നിര്‍ബന്ധമാണ്. എന്നാല്‍ അല്ലാഹുവിന്റെ തൃപ്തിക്ക് വിരുദ്ധമായി ഒരാളുടെ തൃപ്തി ആഗ്രഹിക്കരുത്. 'ജനങ്ങളുടെ തൃപ്തിക്കു വേണ്ടി അല്ലാഹുവിനെ കോപിപ്പിക്കുന്നവനെ അല്ലാഹു ജനങ്ങള്‍ക്ക് ഏല്‍പിച്ചുെകാടുക്കും' എന്ന പ്രവാചക വചനം ഓര്‍ക്കുക.
0
0
0
s2sdefault