രക്തദാനത്തിന്റെ വിലയറിഞ്ഞ നാളുകള്‍

ഇബ്‌നു അലി എടത്തനാട്ടുകര

2017 ജൂലായ് 29 1438 ദുല്‍ക്വഅദ് 05

അനന്തപുരിയിലേക്കുള്ള ഔദ്യോഗിക യാത്രക്കുശേഷം നാലാം നാള്‍ പുലര്‍ച്ചെയാണ് നാട്ടിലെത്തിയത്.

ഉറങ്ങിയെണീറ്റപ്പോളൊരിളം പനി. നാടന്‍ ക്രിയകളില്‍ ഒതുങ്ങാതിരുന്ന പനിയെ തുരത്താന്‍ പ്രാദേശിക ഭിഷഗ്വര സഹായത്താല്‍ പാരാസെറ്റമോള്‍, ആന്റിബയോട്ടിക് ഗുളികകളാല്‍ മൂന്നുനാള്‍ ശ്രമിച്ചെങ്കിലും പനികുറഞ്ഞതല്ലാതെ ക്ഷീണം വിട്ടുപോയില്ല.

നാട്ടു നടപ്പനുസരിച്ച് മെഡിക്കല്‍ ലാബിലെത്തി പ്ലേറ്റ്‌ലറ്റ് കണക്ക് നോക്കിയപ്പോള്‍ ശരിക്കും ഞെട്ടി. ചുരുങ്ങിയത് ഒന്നര ലക്ഷം വേണ്ടിടത്ത് 29000 മാത്രം. 

ഉടനെ ബന്ധുക്കളെ കൂട്ടി ആശുപത്രിയിലേക്ക്. കോരിച്ചൊരിയുന്ന മഴ. പനിരോഗികളുടെ ആധിക്യം മൂലമുണ്ടായ സ്ഥലപരിമിതി കാരണം രോഗികളെ സ്വീകരിക്കാനാവാതെ ആശുപത്രികള്‍. പോരാത്തതിന് നേഴ്‌സുമാരുടെ സമര പ്രഖ്യാപനത്തിന്റെ നിഴലും.

സൗകര്യം കുറയേണ്ടെന്ന ധാരണയില്‍ ഇത്തിരി ദുരെയാണെങ്കിലും സ്വകാര്യമെഡിക്കല്‍ കോളേജിലേക്ക് തന്നെ തിരിച്ചു. കാഷ്വാലിറ്റിയിലേക്ക് അതിവേഗമെത്തിച്ചെങ്കിലും പിന്നെ കാര്യങ്ങള്‍ക്ക് ഒച്ചിനെക്കാള്‍ വേഗത കുറവ്. നിറഞ്ഞ കട്ടില്‍ കൂട്ടത്തിലൊന്നില്‍ സ്ഥാനം കിട്ടിയെങ്കിലും എന്താണെന്ന് അന്വേഷിക്കാന്‍ പോലും പൊടിക്കൊരു ഡോക്ടര്‍ പോലും അടുക്കുന്നില്ല. അടുത്തുകൂടെ നടന്ന ചിലരോട് ഭാര്യ അഭ്യര്‍ഥിച്ചെങ്കിലും വരും എന്ന വാമൊഴിയല്ലാതെ മറ്റൊന്നും കുറേ നേരത്തിനുണ്ടായില്ല.

വെട്ടിപ്പൊളിയുന്ന തലവേദനയുമായി സാന്ത്വനമൊന്നും ലഭിക്കാതെ കാഷ്വാലിറ്റിയിലെ തണുപ്പില്‍ ഞാന്‍ നിസ്സഹായനായി തളര്‍ന്നു കിടന്നു. ഒടുവില്‍ എന്റെ പരവശത കണ്ട ഒരു ലേഡി ഡോക്ടര്‍ കാര്യങ്ങള്‍ ആരാഞ്ഞ് കുറിപ്പെഴുതി മറ്റൊരു ഡോക്ടറുടെ അഭിപ്രായം തേടി ചില ടെസ്റ്റുകള്‍ക്ക് ഉത്തരവിട്ടു. മണിക്കൂറുകള്‍ കടന്നുപോയി. ഒടുവില്‍ പരിശോധന വിവരം എത്തി. കൗണ്ട് 29000 ല്‍ നിന്ന് 24000 ആയി കുറഞ്ഞിരിക്കുന്നു!

അഡ്മിറ്റ് വേണം, റുമില്ല! അഞ്ച് പേരുടെ രക്തം ഉടന്‍ വേണം, അല്ലെങ്കില്‍ ആശുപത്രിക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല എന്നിങ്ങനെ  ഭാര്യയെ ഭയപ്പെടുത്തുന്നത് തളര്‍ച്ചയിലും ഞാന്‍ കേട്ടു. രാത്രിയിലെവിടെ നിന്ന് രക്തം കിട്ടാന്‍!

പനിയെക്കാള്‍ വലിയ പരീക്ഷണമായിരുന്ന പിന്നീടെത്തിയ വാര്‍ഡില്‍. നിറയെ രോഗികള്‍, അവരുടെ കൂട്ടിരിപ്പുകാര്‍, തേങ്ങലുകള്‍, മുരളലുകള്‍, ഉപകരണങ്ങളുടെ നിലക്കാത്ത നിലവിളികള്‍. തലക്ക് മുകളില്‍ കത്തിനില്‍ക്കുന്ന ബള്‍ബുകള്‍. പരിമിതമായ ബാത്ത്‌റൂം സൗകര്യം. നേരിയ തണുപ്പായി ശരീരത്തിലേക്ക് അരിച്ചുകയറുന്ന ഗ്ലൂക്കോസ് ബോട്ടിലുമായി മണിക്കൂറുകള്‍.

പിറ്റേന്ന് റൂമിലേക്ക്. ക്രിക്കറ്റിലെ സ്‌കോര്‍ പോലെ പ്ലേറ്റ്‌ലറ്റ് കൗണ്ടിന് വേണ്ടിയുള്ള കാത്തിരിപ്പ്. ഔദ്യോഗിക വിളികള്‍, സന്ദര്‍ശക ബാഹുല്യം, സ്‌നേഹാന്വേഷണങ്ങള്‍. അര്‍ധ മയക്കത്തില്‍ പലരെയും കണ്ടു, കേട്ടു. ഒരു ഫോണ്‍ അറ്റന്റ് ചെയ്യാന്‍ പോലുമാവാതെ നിസ്സഹായനായി ഞാന്‍.

കൗണ്ട് 15000ലേക്ക് താഴ്ന്നു. നാലു ബോട്ടില്‍ രക്തം(പ്ലേറ്റ്‌ലെറ്റ്) കുത്തിവെച്ചു. സഹോദരന്മാരും കൂട്ടുകാരുമത് സംഘടിപ്പിക്കാന്‍ ഏറെ പണിപ്പെട്ടു. കുത്തിവെയ്പിന് ശേഷം കൗണ്ട് 40000 എത്തിയ ആശ്വാസത്തിലായിരുന്നു രാത്രി ഉറക്കം.

പക്ഷേ, പിറ്റേന്ന് രാവിലെ 13000 ആയി കുറഞ്ഞു. പ്രാര്‍ഥനകളുടെ എണ്ണവും വണ്ണവും കൂടിയിരിക്കണം. ആറ് നാളിനകം 120000 കൗണ്ടിലേക്ക് എത്തിപ്പെട്ടു.

നേരിട്ടും അല്ലാതെയും വിവരങ്ങള്‍ അന്വേഷിച്ച സഹപ്രവര്‍ത്തകരെയും അതിലുപരി കൂട്ടുകാരെയും കുടുംബത്തെയും മറക്കാനാവില്ല. പക്ഷേ, രക്തം നല്‍കിയവരെക്കുറിച്ചോര്‍ക്കുമ്പോള്‍ സന്തോഷം, അത്ഭുതം ശമിക്കുന്നില്ല.

അയല്‍വാസി കൂലിപ്പണിയൊഴിവാക്കിയെത്തിയത്, സഹപ്രവര്‍ത്തകന്‍ നേരത്തെയെത്തിയത്, സഹോദരന്റെ വിവാഹത്തലേനാളിലെ തിരക്കിനിടയില്‍ നിന്ന് ഓടിക്കിതച്ചെത്തി രക്തം നല്‍കി മടങ്ങിയ അജ്ഞാത സുഹൃത്ത്, കൂട്ടുകാരന്റെ ബൈക്കിന് പുറകില്‍ മഴയത്ത് വന്ന് രക്തം നല്‍കി ഒരു നന്ദിവാക്കിന് പോലും അവസരം തരാതെ മടങ്ങിപ്പോയ അറിയാത്ത സുഹൃത്ത്... മനുഷ്യസൗഹാര്‍ദവും മതസൗഹാര്‍ദവും ജ്വലിച്ച് നില്‍ക്കുന്ന മറക്കാനാവാത്ത നേര്‍കാഴ്ചകള്‍...

ആരൊക്കെ എത്ര ശ്രമിച്ചാലും ജാതി മത വ്യത്യാസങ്ങള്‍ മറന്ന് പരസ്പരം സഹായിക്കാനുള്ള മലയാളികളുടെ വിശാല മനസ്‌കത ഇല്ലാതാവില്ലെന്നും രക്തദാനത്തിന്റെ അനിവാര്യതയും മഹത്ത്വവും ചെറുതല്ലെന്നും മനസ്സിലുറച്ച നാളുകള്‍...

'താങ്കള്‍ക്കറിയാത്ത, താങ്കളെ അറിയാത്ത, ഏതോ ഒരാള്‍ക്ക് താങ്കളുടെ രക്തം ഉപകാരപ്പെടാതിരിക്കില്ല; താങ്കള്‍ രക്തം ദാനം ചെയ്താല്‍' എന്നാണ് ഓരോ വായനക്കാരനോടും ഈയവസരത്തില്‍ പറയാനുള്ളത്. 

0
0
0
s2sdefault