പരിഹസിച്ച് പാപ്പരായവര്‍

അബൂ ഹൈസ 

2017 ആഗസ്ത് 12 1438 ദുല്‍ക്വഅദ് 19
അബൂ ഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി(സ്വ) ചോദിച്ചു: പാപ്പരായവര്‍ ആരാണെന്ന് അറിയുമോ? സ്വഹാബിമാര്‍ പറഞ്ഞു: പണവും വിഭവവും ഇല്ലാത്തവരാണ് പാപ്പരായവര്‍. പ്രവാചകന്‍(സ്വ) പറഞ്ഞു: എന്റെ സമുദായത്തിലെ പാപ്പരായവന്‍ ഇവനാണ്-നമസ്‌കാരവും നോമ്പും സകാത്തുമായി അവന്‍ വരും. പക്ഷെ, അവന്‍ ഒരുത്തനെ ശകാരിച്ചിരിക്കും. മറ്റൊരുത്തനെപ്പറ്റി ദുഷ്പരാതി പറഞ്ഞിരിക്കും. വേറൊരുത്തന്റെ സ്വത്ത് തിന്നിരിക്കും, മറ്റൊരുത്തന്റെ രക്തം ചിന്തിയിരിക്കും. അങ്ങനെ അവര്‍ക്കൊക്കെ അവന്റെ പുണ്യങ്ങളെടുത്ത് കൊടുക്കും. അവന്റെ കടം തീരുന്നതിന് മുമ്പ് പുണ്യം കഴിഞ്ഞുപോയാല്‍ അവരുടെ പാപമെടുത്ത് ഇവന് കൊടുക്കും. അങ്ങനെ അവന്‍ നരകത്തിലേക്ക് തള്ളപ്പെടും.  (മുസ്‌ലിം)  

'ശവം തിന്നുക.' ആക്ഷേപപ്രയോഗത്തിന്റെ സര്‍വ സ്വാധീനവുമുള്‍ക്കൊണ്ട വാചകമാണിത്. ഊഹത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ സഹോദരനെപ്പറ്റി അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവനെക്കുറിച്ച് മേല്‍പ്രയോഗമാണ് ക്വുര്‍ആന്‍ എടുത്തുദ്ധരിക്കുന്നത്. 

''സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു''(49:12)

മസ്ജിദുല്‍ ഹറമിനെപ്പോലെ, പുണ്യകരമായ ദുല്‍ഹിജ്ജ മാസത്തെപ്പോലെ, അറഫാദിനത്തെപ്പോലെ തന്റെ സഹോദരങ്ങളുടെ സ്വത്തിനും രക്തത്തിനും അഭിമാനത്തിനും വിലകല്‍പ്പിക്കുന്നവനാണ് സത്യവിശ്വാസി. നബി(സ്വ)യുടെ അവസാനനാളുകളില്‍ നടന്ന ഹജ്ജത്തുല്‍ വദാഇലെ പ്രഭാഷണത്തിലാണ് നബി(സ്വ)  ഇക്കാര്യം ഉദ്‌ഘോഷിക്കുന്നത്. മറ്റുള്ളവരുടെ അഭിമാനത്തിന് വിശ്വാസി നല്‍കുന്ന പ്രാധാന്യത്തെ ചൂണ്ടിക്കാണിക്കുന്നതാണ് ഈ വാചകങ്ങള്‍. 

തന്റെ സുഹൃത്തിന്റെ ചാരത്ത് വെച്ചോ അഭാവത്തിലോ അവരെ ഭത്സിക്കുകയോ മോശപ്പെട്ട പ്രയോഗങ്ങള്‍ നടത്തുകയോ ചെയ്യുന്നവരെയാണ് ഇസ്‌ലാം തിരുത്തുന്നത്. ആരെങ്കിലും ഇങ്ങനെ പരനിന്ദ ചെയ്തുകഴിഞ്ഞാല്‍ പരലോകത്ത് ശിക്ഷിക്കപ്പെടുമെന്നും അല്ലെങ്കില്‍ പശ്ചാത്തപിക്കണമെന്നുമാണ് നബി(സ്വ) പഠിപ്പിച്ചിരിക്കുന്നത്. അല്ലാത്തവര്‍ അക്രമികളുടെ ഗണത്തിലാണ്. ഇത്തരം അപവാദപ്രചരണങ്ങളില്‍ പങ്കാളികളായി പശ്ചാത്തപിക്കാതെ മരണപ്പെട്ടവരെക്കുറിച്ച് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അബൂഹുറയ്‌റ(റ)യില്‍ നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: ''ആരെങ്കിലും തന്റെ അഭിമാനത്തെ വൃണപ്പെടുത്തിക്കൊണ്ടോ മറ്റോ ദ്രോഹിച്ചിട്ടുണ്ടെങ്കില്‍ സ്വര്‍ണവും വെള്ളിയും ഉപയോഗപ്പെടാത്ത അന്ത്യനാള്‍ വരുന്നതിന് മുമ്പ് അയാളോട് അവന്‍ മാപ്പുചോദിച്ച് പാപമോചനം നേടിക്കൊള്ളട്ടെ, തന്റേതായ വല്ല സല്‍കര്‍മങ്ങളും ഉണ്ടെങ്കില്‍ അവന്റെ പാപങ്ങളുടെ തോതനുസരിച്ച് അവനില്‍ നിന്ന് പിടിച്ചെടുക്കപ്പെടും. ഇനി അവന്റെ പക്കല്‍ നന്മകളൊന്നുമില്ലെങ്കില്‍ മര്‍ദിതന്റ പാപത്തില്‍ നിന്നെടുത്ത് അക്രമിയുടെ മേല്‍ ചാര്‍ത്തപ്പെടുന്നാണ്'' (ബുഖാരി)

ഇഹലോകജീവിതത്തില്‍ ധാരാളം നന്മകള്‍ ചെയ്യുകയും, എന്നാല്‍ തന്റെ നാവ് വരുത്തിവെച്ച വിനയാല്‍ അതെല്ലാം അന്യര്‍ക്ക് കൊടുക്കേണ്ടി വരികയും ചെയ്യുന്ന നിര്‍ഭാഗ്യമൊന്നാലോചിച്ചു നോക്കൂ! പൈശാചികപ്രേരണയാല്‍ തന്റെ സഹോദരനില്‍ അനിഷ്ടം കണ്ടെത്തി അത് വിളിച്ച് പറഞ്ഞ് ജീവിതാവസാനം വരെ ചെയ്തുകൂട്ടിയ നന്മകളെ നിഷ്പ്രഭമാക്കിക്കളയുന്ന ഇത്തരം ദുഷിച്ച ചിന്തകളില്‍ നിന്ന് പടച്ചവന്‍ നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ. (ആമീന്‍)

0
0
0
s2sdefault