നിഹാലിന്റെ ധീരത

റാഷിദ ബിന്‍ത് ഉസ്മാന്‍ AIWA കോളേജ്, മോങ്ങം

2017 ആഗസ്ത് 19 1438 ദുല്‍ക്വഅദ് 26

അത് ഒരു വേനലവധിയുടെ കാലമായിരുന്നു. പരീക്ഷയെല്ലാം കഴിഞ്ഞതിന്റെയും സ്‌കൂള്‍ പൂട്ടിയതിന്റെയും സന്തോഷത്തില്‍ കുറെ കുട്ടികള്‍ പുഴയുടെ തീരത്ത് കളിച്ചുകൊണ്ടിരിക്കുകയാണ്. കൂട്ടത്തില്‍ ഇര്‍ഫാന്‍ എന്ന് പേരുള്ള വികൃതിക്കുട്ടിയുണ്ട്. ഏതൊരു ജീവിയെ കണ്ടാലും കല്ലെടുത്തെറിഞ്ഞും മറ്റും ഉപദ്രവിക്കുന്ന സ്വഭാവക്കാരനാണവന്‍. അതിനാല്‍ ആര്‍ക്കുമവനെ ഇഷ്ടമില്ല.

കൂട്ടുകാര്‍ ഏര്‍പെട്ടിരിക്കുന്ന കളിയിലൊന്നും അവന് താല്‍പര്യമില്ല.

''ഇതൊക്കെ ബോറന്‍ കളിയാണ്. നമുക്ക് വേറെ വല്ല രസകരമായ കളിയും കളിക്കാം'' ഇര്‍ഫാന്‍ പറഞ്ഞു.

പലരും പല കളികളും നിര്‍ദേശിച്ചു. അതൊന്നും അവന് പറ്റിയില്ല. ഒടുവില്‍ അവന്‍ അവനെ പോലെ ചിന്തിക്കുന്ന കുറച്ച് കുട്ടികളെ കൂടെ കൂട്ടി. നമുക്ക് ഒരു തമാശക്കളി കളിക്കാം എന്ന് അവര്‍ തീരുമാനിച്ചു. 

മറ്റു കുട്ടികളെല്ലാം ഇനി എന്ത് കളിയാണ് ഇവര്‍ കളിക്കാന്‍ പോകുന്നതെന്ന് അറിയാന്‍ ആകാംക്ഷയോടെ നോക്കിനിന്നു. 

ഇര്‍ഫാന്‍ ഒരു കൂട്ടുകാരന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. അവന്‍ ചിരിച്ചുകൊണ്ട് തലകുലുക്കി. അവന്‍ അത് തന്റെ അടുത്ത് നില്‍ക്കുന്നവന്റെ ചെവിയില്‍ പറഞ്ഞു. അങ്ങനെ അവരെല്ലാവരും സ്വകാര്യമായി അത് മനസ്സിലാക്കി. ഇവര്‍ക്ക് എന്താണിത്ര രഹസ്യമായി പറയാനുള്ളത് എന്നറിയാതെ മറ്റുള്ളവര്‍ പരസ്പരം നോക്കി.   

പെട്ടെന്ന് ഇര്‍ഫാനും കൂട്ടുകാരും ചേര്‍ന്ന് തെല്ലകലെ മാറിനില്‍ക്കുകയായിരുന്ന അലി എന്ന കുട്ടിയെ പിടികൂടി പുഴയിലേക്ക് വലിച്ചെറിഞ്ഞു. നീന്തലറിയാത്ത അലി വെള്ളത്തില്‍ മുങ്ങിപ്പൊങ്ങിക്കൊണ്ടിരുന്നു. അവന്‍ നീന്താന്‍ ശ്രമിച്ചു നോക്കുന്നുണ്ട്. പക്ഷേ, കഴിയുന്നില്ല. അവന്‍ സഹായത്തിനായി ആര്‍ത്തുകരഞ്ഞു. അതു കണ്ട് ഇര്‍ഫാനും കൂട്ടാളികളും ചിരിക്കുകയാണ്. 

താമസിയാതെ അവന്‍ വെള്ളത്തില്‍ മുങ്ങിത്താണ് ഒഴുകിപ്പോകും. എന്തു ചെയ്യണമെന്നറിയാതെ മറ്റു കുട്ടികളും കരയാന്‍ തുടങ്ങി. ഇര്‍ഫാനും കൂടെയുള്ളവരും കൈകൊട്ടി ചിരിക്കുകയാണ്. വെള്ളത്തില്‍ ചാടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഇര്‍ഫാന്റെ പക്കല്‍നിന്ന് അടി വാങ്ങേണ്ടി വരും. അതിനാല്‍ ആര്‍ക്കും അതിന് ധൈര്യം വരുന്നില്ല. ഇര്‍ഫാന്‍ എപ്പോഴും ശത്രുവായി കണ്ടിരുന്ന കുട്ടിയാണ് നിഹാല്‍. ഇര്‍ഫാനോട് ഏറ്റുമുട്ടാന്‍ ധൈര്യമള്ള കുട്ടി. അവന്‍ കൂടുതലൊന്നും ആലോചിക്കാതെ പുഴയിലേക്ക് എടുത്തുചാടി. നീന്തിച്ചെന്ന് അലിയെ പിടിച്ച് കരയിലെത്തിച്ചു. അലി വെള്ളം കുടിച്ച് അവശനായിരുന്നു. 

കുട്ടികള്‍ അവരുടെ ചുറ്റും കൂടി. അവര്‍ നിഹാലിന്റെ ധീരതയെ അഭിനന്ദിച്ചു. ഇര്‍ഫാനും കൂടെയുള്ളവരും പെട്ടെന്ന് സ്ഥലം വിട്ടു. അതുവഴി വന്ന ഒരാള്‍ കുട്ടികള്‍ കൂടി നില്‍ക്കുന്നതു കണ്ട് കാര്യം അന്വേഷിച്ചു. അവര്‍ നടന്ന കാര്യം വിവരിച്ചു. അയാള്‍ നിഹാലിന്റെ ചുമലില്‍ കൈവെച്ചു കൊണ്ട്പറഞ്ഞു: ''മോനേ, നീ ചെയ്തത് വളരെ നല്ലൊരു പ്രവര്‍ത്തനമാണ്. ഒരു ജീവനെയാണ് നീ രക്ഷിച്ചത്. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവന്‍ അവനെ ഉപദ്രവിക്കുകയോ ഉപദ്രവിക്കുവാനായി വിട്ടുകൊടുക്കുകയോ ഇല്ല എന്ന നബിവചനമാണ് നീ പ്രാവര്‍ത്തികമാക്കിയത്. അല്ലാഹു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.''

0
0
0
s2sdefault