നബിചര്യയും സ്വഹാബികളും

ശമീര്‍ മദീനി

2017 നവംബര്‍ 11 1439 സഫര്‍ 22

സുന്നത്ത് അഥവാ നബിചര്യ എന്നതുകൊണ്ടുദ്ദേശിക്കപ്പെടുന്നത് നബി ﷺ യുടെ വാക്കുകളും പ്രവൃത്തികളും മൗനാനുവാദങ്ങളും അടങ്ങുന്ന പ്രവാചക ജീവിതത്തെയാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ് നബിചര്യ. പൂര്‍വ കാലം മുതല്‍ക്കേ ഇസ്‌ലാമിക സമൂഹം നബിചര്യകള്‍ സ്വീകരിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നിട്ടുണ്ട്. അതിന്റെ പഠനത്തിനും പ്രചാരണത്തിനും വേണ്ടി നിരവധി ത്യാഗങ്ങളും പ്രയാസങ്ങളും മുന്‍കാല പണ്ഡിതന്മാര്‍ക്ക് സഹിക്കേണ്ടിവന്നിട്ടുണ്ട്.

ഇസ്‌ലാമിക സമൂഹത്തിലെ പ്രഥമ തലമുറക്കാരായ പ്രവാചകാനുചരന്മാര്‍ (സ്വഹാബികള്‍) തന്നെ സുന്നത്ത് അന്വേഷിച്ചുകൊണ്ട് ദീര്‍ഘയാത്രകള്‍ ചെയ്യുകയും അവര്‍ക്ക് ലഭിച്ച പ്രവാചകാധ്യാപനങ്ങള്‍ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും തെറ്റുതിരുത്തുകയുമൊക്കെ ചെയ്ത സംഭവങ്ങളുണ്ട്. നബി ﷺ യുടെ അധ്യാപനത്തിലെ ഒരു വസ്തുത അവര്‍ക്ക് ബോധ്യപ്പെട്ടാല്‍ അതിനനുസരിച്ച് മാറുവാന്‍ അവര്‍ക്ക് യാതൊരു വൈമനസ്യവുമുണ്ടായിരുന്നില്ല. സുന്നത്തുകള്‍ പിന്‍പറ്റുന്ന വിഷയത്തില്‍ ഒരുതരത്തിലുള്ള ഈഗോകളും അവര്‍ക്കു മുന്നില്‍ തടസ്സം സൃഷ്ടിച്ചിരുന്നില്ല. സുന്നത്തുകള്‍ തേടിയുള്ള യാത്രകള്‍ക്കും പഠനത്തിനും അത് ജീവിതത്തില്‍ പകര്‍ത്തുന്നതിലുമൊക്കെ പരസ്പരം മത്സരിക്കുന്നതായിട്ടാണ് അവരുടെ ജീവിതം പരിശോധിച്ചാല്‍ നമുക്ക് കാണാനാവുക.

നബി ﷺ യോടൊപ്പം പരമാവധി സമയം ചെലവഴിക്കുവാനും അവിടുത്തെ വാക്കുകള്‍ക്ക് സസൂക്ഷ്മം കാതോര്‍ക്കുവാനും നബി ﷺ യുടെ പ്രവര്‍ത്തനങ്ങളും ചലനങ്ങളും നിരീക്ഷിച്ച് ചാണിനു ചാണായി അവ പിന്‍പറ്റുവാനും അവര്‍ ശ്രദ്ധിച്ചിരുന്നു നബി ﷺ യോടൊപ്പം സദസ്സുകളില്‍ പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ കൂട്ടുകാരുമായി പരസ്പര ധാരണയിലെത്തി ഊഴം നിശ്ചയിച്ച് നബി ﷺ യോടൊപ്പം സമയം ചെലവഴിക്കുമായിരുന്നു!

ഉമറുബ്‌നുല്‍ ഖത്വാബ്(റ) പറയുന്നു: ''ഞാനും മദീനയിലെ ഉമയ്യത്തുബ്‌നു സൈദിന്റെ കുടുംബത്തില്‍ പെട്ട എന്റെ ഒരു അന്‍സ്വാരി അയല്‍വാസിയും തമ്മില്‍ ഊഴം നിശ്ചയിച്ച് നബി ﷺ യുടെ അടുക്കല്‍ ചെല്ലുമായിരുന്നു; ഒരു ദിവസം അദ്ദേഹം മറ്റൊരു ദിവസം ഞാനും എന്നിങ്ങനെ. ഞാന്‍ പോകുന്ന ദിവസത്തെ വിവരങ്ങള്‍ ഞാനദ്ദേഹത്തിന്ന് പകര്‍ന്നുകൊടുക്കും അദ്ദേഹം പോകുന്ന ദിവസങ്ങളില്‍ അദ്ദേഹവും അപ്രകാരം ചെയ്യുമായിരുന്നു'' (ബുഖാരി-ഹദീഥ് നമ്പര്‍:89, 2468,5191).

മദീനയില്‍ നിന്ന് വിദൂരത്തുള്ള ഗോത്രങ്ങളും കുടുംബങ്ങളും നബി ﷺ യില്‍ നിന്ന് മതത്തിന്റെ വിധിവിലക്കുകളും മറ്റ് വിശദാംശങ്ങളും പഠിച്ചറിഞ്ഞ് അവരുടെ ആളുകളിലേക്ക് തിരിച്ചു ചെന്ന് അക്കാര്യങ്ങള്‍ അവര്‍ക്കും പഠിപ്പിച്ചുകൊടുക്കുക പതിവായിരുന്നു.

അപ്രകാരം തന്നെ വ്യക്തിപരമായ വല്ല വിഷയങ്ങളിലും ഇസ്‌ലാമിക നിയമങ്ങളും നിര്‍ദേശങ്ങളും അറിയേണ്ടതുണ്ടെങ്കിലും ദീര്‍ഘദൂരം താണ്ടി പ്രവാചക സന്നിധിയില്‍ വന്ന് മതവിധികള്‍ ചോദിച്ചറിയുവാനും അവര്‍ യാതൊരു മടിയും വൈമനസ്യവും കാണിച്ചിരുന്നില്ല.

ഉക്വ്ബതുബ്‌നുല്‍ ഹാരിഥ്(റ) അബൂ ഇഹാബിന്റെ മകളെ വിവാഹം ചെയ്തു. അപ്പോള്‍ ഒരു സ്ത്രീ വന്നിട്ട് ഉക്വ്ബക്കും അദ്ദേഹം വിവാഹം ചെയ്ത സ്ത്രീക്കും അവര്‍ മുലയൂട്ടിയിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ ഉക്വഖ്ബ(റ) അവരോട് പറഞ്ഞു: ''നിങ്ങള്‍ എനിക്കു മുലയൂട്ടിയതായി എനിക്കറിയില്ല. നിങ്ങളാകട്ടെ അത് എന്നെ അറിയിച്ചിട്ടുമില്ല.'' അങ്ങനെ അദ്ദേഹം അബൂ ഇഹാബിന്റെ ആളുകളോട് വിവരമന്വേഷിക്കുവാന്‍ ദൂതനെ പറഞ്ഞയച്ചു. അവര്‍ക്കാര്‍ക്കും ആ സ്ത്രീ ഇവരെ മുലയൂട്ടിയതായി അറിയില്ലെന്നായിരുന്നു അവരുടെ മറുപടി. ഉടനെ ഉക്വ്ബ(റ) മക്കയില്‍ നിന്ന് മദീനയിലേക്ക് യാത്രയായി. നബി ﷺ യുടെ അടുക്കല്‍ ചെന്ന് വിവരമറിയിച്ചു. അതിലെ വിധി ചോദിച്ചറിഞ്ഞു. അപ്പോള്‍ നബി ﷺ പറഞ്ഞു: ''അവള്‍ അങ്ങനെ പറഞ്ഞിരിക്കെ എങ്ങനെയാണ് നിനക്കവളെ ഭാര്യയാക്കി വെക്കാന്‍ പറ്റുക?'' അങ്ങനെ ഉക്വ്ബ(റ) അവരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി. അവള്‍ മറ്റൊരാളെ വിവാഹം ചെയ്തു. (ബുഖാരി, ഹ: നമ്പര്‍ 88, 2052, 2640).

നബി ﷺ യുടെ അധ്യാപനം ലഭ്യമായാല്‍ അതിന് കീഴ്‌പ്പെട്ട് അനുസരിക്കുക എന്നതാണ് സത്യവിശ്വാസിയുടെ സ്വഭാവം. 

''അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു'' (ക്വുര്‍ആന്‍ 33:36). 

''തങ്ങള്‍ക്കിടയില്‍ (റസൂല്‍ തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍'' (ക്വുര്‍ആന്‍ 24:51).

അപ്രകാരം തന്നെ നബി ﷺ യുടെ ഭാര്യമാരുടെ അടുക്കല്‍ വന്ന് കുടുംബജീവിതവുമായി ബന്ധപ്പെട്ട പലതും അവര്‍ ചോദിച്ചറിയുമായിരുന്നു. കാരണം, കുടുംബ കാര്യങ്ങള്‍ കുടൂതലറിയുക ഭാര്യമാര്‍ക്കായിരിക്കുമല്ലൊ. 

ഈ ഉല്‍കൃഷ്ട സ്വഭാവം സ്വഹാബികളുടെ ജീവിതത്തിലുടനീളം കാണാവുന്നതാണ്. നബി ﷺ യെ അവര്‍ പരിപൂര്‍ണമായി അനുസരിച്ചു. 

അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: ''നബി ﷺ ഒരാളുടെ കയ്യില്‍ സ്വര്‍ണ മോതിരം ധരിച്ചിരിക്കുന്നത് കണ്ടു. അവിടുന്ന് അത് ഊരിയെടുത്ത് വലിച്ചെറിഞ്ഞു. എന്നിട്ട് പറഞ്ഞു: 'നിങ്ങളില്‍ ചിലര്‍ നരകത്തിന്റെ തീക്കനലുകള്‍ ലക്ഷ്യമാക്കിച്ചെന്ന് അതെടുത്ത് കയ്യിലണിയുകാണ.്' നബി ﷺ അവിടെനിന്ന് പോയശേഷം ആ സ്വഹാബിയോട് സുഹൃത്തുക്കള്‍ പറഞ്ഞു: 'നിന്റെ മോതിരം നീ എടുത്തോളൂ, അത് മറ്റുവല്ല രൂപത്തിലും ഉപയോഗപ്പെടുത്താമല്ലോ.' അദ്ദേഹം പറഞ്ഞു: 'ഇല്ല, അല്ലാഹുവാണെ സത്യം! അല്ലാഹുവിന്റെ ദൂതര്‍ ﷺ എറിഞ്ഞുകളഞ്ഞത് ഞാനൊരിക്കലും എടുക്കുകയില്ല''(സ്വഹീഹു മുസ്‌ലിം-കിതാബു ലിബാസ് ഹ: നമ്പര്‍ 2090).

നോക്കുക; നബി ﷺ യുടെ അധ്യാപനങ്ങളോട് എത്ര ആദരവോടുകൂടിയാണ് സ്വഹാബത്തിന്റെ പ്രതികരണം. അപ്രകാരം തന്നെ ഏത് ചര്‍ച്ചയും തര്‍ക്കവും പ്രവാചകാധ്യാപനം ബോധ്യപ്പെടുന്നതുവരെ മാത്രമെ സത്യവിശ്വാസികള്‍ക്ക് പാടുള്ളു. പ്രവാചകാധ്യാപനം വ്യക്തമായിക്കഴിഞ്ഞല്‍ വാശിയേറിയ ചര്‍ച്ചകളും വിയോജിപ്പുകളുമാണെങ്കിലും അതൊക്കെ അവസാനിപ്പിച്ചുകൊണ്ട് ബോധ്യപ്പെട്ട സത്യത്തിലേക്ക് മടങ്ങുക എന്നതാണ് യഥാര്‍ഥ സത്യവിശ്വാസികളുടെ സ്വഭാവം.

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും'' (ക്വുര്‍ആന്‍ 4:59). 

''ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല'' (ക്വുര്‍ആന്‍ 4:65).

സ്വഹാബത്തിന്റെ ജീവിതത്തില്‍ ഈ ഉല്‍കൃഷ്ട സ്വഭാവവും നമുക്ക് കാണാം. നബി ﷺ ക്ക് ശേഷം ആരായിരിക്കണം ഭരണാധികാരി എന്ന വിഷയത്തില്‍ സ്വഹാബികള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചയുണ്ടായി. വ്യത്യസ്ത അഭിപ്രായങ്ങള്‍ അവര്‍ പ്രകടിപ്പിച്ചു. എന്നാല്‍ 'നേതൃത്വം ക്വുറൈശികള്‍ക്കാകുന്നു' എന്ന പ്രവാചക വചനം അവരറിഞ്ഞപ്പോള്‍ ചര്‍ച്ച അവിടെ നിര്‍ത്തുകയും അതിന് കീഴൊതുങ്ങുകയും ചെയ്തു. (ഫത്ഹുല്‍ ബാരി. 7/32).

ഉമര്‍(റ) ശാമിലേക്ക് യാത്ര പുറപ്പെട്ടു. അങ്ങനെ 'സര്‍ഗ്' എന്ന സ്ഥലത്തെത്തിയപ്പോള്‍ ശാമില്‍ പ്ലേഗ് പടര്‍ന്നു പിടിച്ച വിവരം ലഭിച്ചു. യാത്ര തുടരണോ, അതോ മടങ്ങിപ്പോകണമോ എന്ന വിഷയത്തില്‍ സ്വഹാബികള്‍ക്കിടയില്‍ ചര്‍ച്ച നടന്നു. അവര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. ചര്‍ച്ച നീണ്ടു. ചര്‍ച്ചകള്‍ക്കൊടുവിലാണ് അബ്ദുര്‍റഹ്മാനിബ്‌നു ഔഫ്(റ) അവിടെ എത്തിയത്. അദ്ദേഹം പറഞ്ഞു: ''ഈ വിഷയകമായി എന്റെ പക്കല്‍ ഒരറിവുണ്ട്. നബി ﷺ ഇപ്രകാരം പറയുന്നത് ഞാന്‍കേട്ടിട്ടുണ്ട്: 'ഒരു പ്രദേശത്ത് പ്ലേഗ് പിടിപെട്ടതായി നിങ്ങള്‍ കേട്ടാല്‍ അവിടേക്ക് നിങ്ങള്‍ പോകരുത്. നിങ്ങളുള്ള സ്ഥലത്ത് അത് ബാധിച്ചാല്‍ അവിടുന്ന് നിങ്ങള്‍ പേടിച്ചോടുകയും ചെയ്യരുത്.' അപ്പോള്‍ ഉമര്‍(റ) അല്ലാഹുവിനെ സ്തുതിക്കുകയും യാത്രയവസാനിപ്പിക്കുകയും ചെയ്തു. (ബുഖാരി. ഹ: നമ്പര്‍ 5729; മുസ്‌ലിം-ഹ: നമ്പര്‍ 2219).

എന്നാല്‍ പ്രമാണങ്ങളിലേക്ക് സത്യസന്ധമായി മടങ്ങാതെ കുതറിപ്പോകുന്ന രീതി മുനാഫിഖുകളുടേത് (കപടവിശ്വാസികള്‍) ആണെന്നും ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്:

''അല്ലാഹു അവതരിപ്പിച്ചതിലേക്കും (അവന്റെ) ദൂതനിലേക്കും നിങ്ങള്‍ വരൂ എന്ന് അവരോട് പറയപ്പെട്ടാല്‍ ആ കപടവിശ്വാസികള്‍ നിന്നെ വിട്ട് പാടെ പിന്തിരിഞ്ഞ് പോകുന്നത് നിനക്ക് കാണാം''(ക്വുര്‍ആന്‍ 4:61). 

സ്വന്തം താല്‍പര്യങ്ങള്‍ക്കുപരിയായി പ്രമാണങ്ങള്‍ എന്തു പഠിപ്പിക്കുന്നു എന്ന് പരിശോധിക്കുവാനും തെളിവുകളിലൂടെ ബോധ്യപ്പെടുന്ന സത്യം സ്വീകരിക്കുവാനും സ്വഹാബത്ത് കാണിച്ച ആര്‍ജവമാണ് സത്യവിശ്വാസികള്‍ക്കുണ്ടാവേണ്ടത്. അതാണ് നമ്മെ അല്ലാഹുവിലേക്കും അവന്റെ സ്വര്‍ഗത്തിലേക്കും നയിക്കുക. സച്ചരിതരായ മുന്‍ഗാമികളോടൊപ്പം ജന്നാത്തുല്‍ ഫിര്‍ദൗസില്‍ സമ്മേളിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ! 

0
0
0
s2sdefault