മാറ്റത്തിന്റെ മാറ്റ്

ടി.കെ.അശ്‌റഫ്

2017 നവംബര്‍ 11 1439 സഫര്‍ 22

ഇന്ത്യ ഒരു മതാധിഷ്ഠിത രാജ്യമല്ല. എല്ലാ മതങ്ങളോടും രാജ്യത്തെ നിയമത്തിനുള്ളത് ഒരേ സമീപനമാണ്. മതം എന്നത് വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളില്‍ അധിഷ്ഠിതമായ വിശ്വാസത്തിന്റെ ഭാഗമാണ് രാജ്യത്തിന്റെ വീക്ഷണത്തില്‍. ഉചിതമെന്ന് തോന്നുന്ന ഏത് മതവും സ്വീകരിക്കാം. ശരിയല്ലെന്ന് തോന്നിയാല്‍ ആ മതം ഒഴിവാക്കുകയും ചെയ്യാം. ഏത് മതമാണെങ്കിലും അത് സ്വീകരിക്കുന്നതിന്റെയും അത് പരിത്യജിക്കുന്നതിന്റെയും പിന്നില്‍ നിര്‍ബന്ധമോ പ്രലോഭനമോ പാടില്ല എന്നു മാത്രം.

എന്നാല്‍ ഈയിടെയായി നിര്‍ബന്ധിത മതപരിവര്‍ത്തനം പാടില്ല എന്ന നിയമത്തിന്റെ മറപറ്റി വിശ്വാസ സ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുവാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങള്‍ ചിലരൊക്കെ നടത്തുന്നതായി കാണുന്നു. ഇസ്‌ലാമിലേക്ക് ആരെങ്കിലും കടന്നുവരുമ്പോള്‍ മാത്രമാണ് അത് നിര്‍ബന്ധിതമായിട്ടാണോ അല്ലേ എന്ന് തിരിച്ചറിയാനുള്ള ഭൂതക്കണ്ണാടിയുമായി അവര്‍ ഇറങ്ങിത്തിരിക്കുന്നത്. അങ്ങനെ അതിസാഹസികമായി ഇല്ലായ്മയില്‍നിന്ന് ലൗജിഹാദിന്റെ വേരുകള്‍ കണ്ടെത്തുന്ന അത്ഭുതപ്രവര്‍ത്തനം അവര്‍ കാണിക്കുകയും ചെയ്യും!

അങ്ങനെ ആളെ കൂട്ടേണ്ട ഗതികേട് ഇസ്‌ലാമിന് ഇല്ല; ഒരു കാലത്തും ഉണ്ടായിട്ടുമില്ല. ഒരാള്‍ ഇസ്‌ലാമിലേക്ക് പ്രവേശിച്ച കാരണത്താല്‍ അല്ലാഹുവിന്റെ പ്രതാപം ഉയരുന്നില്ല; തിരിച്ച് പോയതു കൊണ്ട് പ്രതാപത്തിന് മങ്ങലേല്‍ക്കുകയുമില്ല.

പരലോക രക്ഷ ആഗ്രഹിക്കുന്നവരല്ലാതെ ഭൗതികമായ വല്ല താല്‍പര്യവും മുന്നില്‍കണ്ട് ഇസ്‌ലാമിലേക്ക് ആരെങ്കിലും വന്നാല്‍ വന്നവര്‍ക്ക് നഷ്ടം എന്നല്ലാതെ ഒന്നും സംഭവിക്കില്ല. വ്യക്തികളുടെ മാറ്റത്തെ മുന്നില്‍ വെച്ച് ഇസ്‌ലാമിക മാര്‍ഗത്തെ സാധൂകരിക്കാന്‍ ശ്രമിച്ചാല്‍, പിന്നീട് വ്യക്തികള്‍ക്ക് ബാധിക്കുന്ന വൈകല്യങ്ങളെ ന്യായീകരിക്കേണ്ട ഗതികേട് വന്ന് ചേരും. മതത്തിന്റെ വിശ്വാസ്യതക്ക് വ്യക്തികളുടെ മാറ്റം മാനദണ്ഡമാക്കരുത്. തെറ്റ് പറ്റാത്തത് പ്രമാണങ്ങള്‍ക്ക് മാത്രമാണ്. അതില്‍ അടിയുറച്ച് നില്‍ക്കുന്നവര്‍ക്ക് ആധിയുണ്ടാവേണ്ടതില്ല.

ഇസ്‌ലാമില്‍ നേരത്തെയുള്ളവരാണങ്കിലും പുതുതായി കടന്ന് വന്നവരാണങ്കിലും ആരെയും അന്ധമായി അംഗീകരിക്കുകയും മഹത്ത്വവത്കരിക്കുകയും ചെയ്യരുത്. ഹാദിയയുടെ ഈമാനാണ് നമുക്ക് വേണ്ടത് എന്ന ഒരു പ്രയോഗം ഈയിടെ ഒരു പ്രഭാഷണത്തില്‍ കേള്‍ക്കാനിടയായി. ഒരാളെയും ചൂണ്ടിക്കാട്ടി അവരുടെ ഈമാനാണ് നമുക്ക് വേണ്ടത് എന്ന് പറയുന്നത് ശരിയല്ല. ഈമാന്‍ നമുക്ക് വിലയിരുത്താനാവില്ലല്ലോ?

വിശ്വാസം സ്വീകരിച്ചവരില്‍ ശരിയായ സ്രോതസ്സുകളില്‍ നിന്ന് പ്രമാണങ്ങള്‍ പഠിപ്പിച്ച രീതിശാസ്ത്രമനുസരിച്ച് പഠിച്ചവരും അല്ലാത്തവരും ഉണ്ടാകാം. യഥാര്‍ഥ സ്രോതസ്സുകളില്‍ നിന്ന് ലക്ഷ്യബോധത്തോടെ പഠിക്കാന്‍ സാധിച്ചവര്‍ക്ക് ചാഞ്ചാട്ടം ഉണ്ടാവാനിടയില്ല. അപൂര്‍ണമായ പഠനം സംശയത്തിലകപ്പെടാന്‍ കാരണമാവുക സ്വാഭാവികമാണ്.

ആതിര ആയിഷയായതും ആയിഷ വീണ്ടും ആതിരയായതും ഈ പശ്ചാതലത്തില്‍ നിന്ന് കൊണ്ട് വിലയിരുത്തേണ്ടതുണ്ട്. അനുദിനം ധാരാളം മാറ്റങ്ങള്‍ വിവിധ മേഖലകളില്‍ നടക്കുന്നുണ്ട്. മതം മാറുന്നത് മാത്രം ചര്‍ച്ചയാക്കുകയും വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യുന്നതിന്റെ പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്.

ഭൂരിപക്ഷ വര്‍ഗീയതക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും ന്യൂനപക്ഷ തീവ്രവാദത്തിന് സാധ്യത അന്വേഷിക്കുന്നവരുമാണ് മതംമാറ്റത്തെ വിവാദത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിക്കുന്നത്. ഇത്തരക്കാര്‍ക്ക് തങ്ങളുടെ മതത്തെക്കാള്‍ ഇഷ്ടം മതത്തിന്റെ മേല്‍വിലാസത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ അവര്‍ തട്ടിക്കൂട്ടിയ വൈകാരിക കൂട്ടായ്മയുടെ നിലനില്‍പാണ്. മതപഠനം സമ്മര്‍ദത്തിനതീതമായി നടക്കേണ്ടതാണ്. വിവാദങ്ങളുടെ വെയിലത്തല്ല; വിവേകത്തിന്റെ തണലിലാണ് വിശ്വാസ കാര്യങ്ങള്‍ പഠിക്കേണ്ടത്. വിഷയങ്ങളെ വൈകാരികതയിലേക്ക് നയിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടാന്‍ ശ്രമിക്കുന്നവരെ നിരാശപ്പെടുത്തണം. ബഹുസ്വര സമൂഹത്തിന്റെ സുഗമമായ സഞ്ചാരത്തിന് മുറിവേല്‍പിക്കുവാന്‍ ആരെയും അനുവദിക്കരുത്.

0
0
0
s2sdefault