പ്രാര്‍ഥന അല്ലാഹുവോട് മാത്രം: എന്തുകൊണ്ട്?

ഫദ്‌ലുല്‍ ഹഖ് ഉമരി

2017 സെപ്തംബര്‍ 30 1438 ⁠⁠മുഹറം 10

സ്വര്‍ഗം കൊതിക്കുന്നവര്‍ അല്ലാഹുവിനോടല്ലാതെ പ്രാര്‍ഥിക്കുകയില്ല. അവനിലേക്കല്ലാതെ കൈകളുയര്‍ത്തുകയില്ല. സ്വര്‍ഗത്തില്‍ പ്രവേശിച്ച ശേഷം അവര്‍തന്നെ പറയുന്നത് ശ്രദ്ധിക്കുക:

''പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരില്‍ ചിലര്‍ ചിലരെ അഭിമുഖീകരിക്കും. അവര്‍ പറയും: തീര്‍ച്ചയായും നാം മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കുമ്പോള്‍ ഭയഭക്തിയുള്ളവരായിരുന്നു. അതിനാല്‍ അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും രോമകൂപങ്ങളില്‍ തുളച്ചുകയറുന്ന നരകാഗ്‌നിയുടെ ശിക്ഷയില്‍ നിന്ന് അവന്‍ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു. തീര്‍ച്ചയായും നാം മുമ്പേ അവനോട് പ്രാര്‍ഥിക്കുന്നവരായിരുന്നു. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും'' (52:25-28).

സൃഷ്ടികളിലേക്കോ വിഗ്രഹങ്ങളിലേക്കോ ഇത്തരക്കാരുടെ ഹൃദയം നീങ്ങുകയില്ല. ഒരിക്കലും മരണമില്ലാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവനായ അല്ലാഹുവിനോട് മാത്രമെ ഇവര്‍ പ്രാര്‍ഥിക്കുകയുള്ളൂ. അല്ലാഹു ഇവരെക്കുറിച്ച് പറയുന്നു: 

''ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും. എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല'' (32:16-17).

എന്തുകൊണ്ട് പ്രാര്‍ഥന അല്ലാഹുവോട് മാത്രം? എന്തുകൊണ്ട് അവനിലേക്ക് മാത്രം കൈകളുയര്‍ത്തണം? എന്തുകൊണ്ട് അവന്റെ മുമ്പില്‍ മാത്രം സാഷ്ടാംഗം ചെയ്യണം? സമൂഹം ഇൗ വിഷയത്തില്‍ വ്യതിചലിച്ച് പോയിട്ടുണ്ടെങ്കിലും സത്യം അറിയാനാഗ്രഹിക്കുന്നവര്‍ക്ക് അല്ലാഹു ക്വുര്‍ആനിലൂടെ നല്‍കുന്ന മറുപടികള്‍ എത്രയോ മതിയായതാണ്.

1). പ്രാര്‍ഥിക്കണമെന്നും അത് എന്നോട് തന്നെ ആകണമെന്നും നമ്മോട് കല്‍പിച്ചത് അല്ലാഹുവാണ്:

''നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച'' (40:60).

''താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക. പരിധിവിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല'' (7:55).

അല്ലാഹുവോട് മാത്രം പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നബി(സ്വ) പറയുന്നു: ''ഉത്തരംകിട്ടുമെന്ന ഉറച്ച വിശ്വാസത്തോടെ നിങ്ങള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുക'' (സില്‍സിലതുസ്സ്വഹീഹ: 594).

''സംഭവിച്ചതിനും സംഭവിച്ചിട്ടിട്ടില്ലാത്തതിനും പ്രാര്‍ഥന ഫലം ചെയ്യും. അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥിക്കുക'' (സ്വഹീഹുല്‍ ജാമിഅ് 3403).

2). പ്രാര്‍ഥനയ്ക്കുത്തരം തരാമെന്നേറ്റവന്‍ അല്ലാഹു മാത്രമാണ്: 

''നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്'' (2:186).'' 

സൂറഃ അല്‍ബക്വറയിലെ, പ്രാര്‍ഥനയുള്‍ക്കൊള്ളുന്ന 286-ാം വചനം നാം പ്രാര്‍ഥിച്ചാല്‍ അല്ലാഹു 'ഞാന്‍ നിന്റെ പ്രാര്‍ഥന സ്വീകരിച്ചിരിക്കുന്നു' എന്ന് പറയുമത്രെ. സൂറഃ ആലുഇംറാനിലും ഇങ്ങനെ ചില പ്രാര്‍ഥനകള്‍ കാണാം. (ആലുഇംറാന്‍ 192-196).

അതിനുശേഷം അല്ലാഹു പറയുന്നു: ''അവരുടെ റബ്ബ് അവര്‍ക്ക് ഉത്തരം നല്‍കി...''

3). ആരാധനകളില്‍ ഏറ്റവും ശ്രേഷ്ഠമായതാണ് പ്രാര്‍ഥന. ആരാധനയുടെ ഇനത്തില്‍പെട്ട ഒന്നും അല്ലാഹുവിനോടല്ലാതെ പാടില്ല. നബി(സ്വ) പറയുന്നു: ''പ്രാര്‍ഥന; അതുതന്നെയാണ് ആരാധന'' (സ്വഹീഹുല്‍ ജാമിഅ് 3401). ശേഷം നബി(സ്വ) ഈ ആയത്ത് പാരായണം ചെയ്തു: ''നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച'' (40:60).

ഈ വചനത്തില്‍ പ്രാര്‍ഥനയെയാണ് അല്ലാഹു ആരാധനയായി പറഞ്ഞത്. മാത്രമല്ല നബി(സ്വ) പറഞ്ഞു: ''പ്രാര്‍ഥനയാണ് ഏറ്റവും ശ്രേഷ്ഠമായ ആരാധന'' (സില്‍സിലതുസ്സ്വഹീഹ 1579). ''പ്രാര്‍ഥനയെക്കാള്‍ ആദരണീയമായ മറ്റൊന്ന് അല്ലാഹുവിന്റെ അടുക്കലില്ല'' (തിര്‍മിദി 2284). ''പ്രാര്‍ഥനയില്‍ ന്യൂനത വരുത്തിയവനാണ് ഏറ്റവും വലിയ ന്യൂനതക്കാരന്‍'' (സില്‍സിതുസ്സ്വഹീഹ 601).

4). അല്ലാഹുവോട് പ്രാര്‍ഥിക്കാത്തപക്ഷം അവന്‍ കോപിക്കും. ആരാധിക്കപ്പെടുന്ന വസ്തുക്കളും വ്യക്തികളും അനേകമുണ്ടെങ്കിലും ഈ സ്വഭാവം അല്ലാഹുവിന് മാത്രമേയുള്ളൂ. അടിമ തന്നോട് ചോദിക്കുന്നതും അവര്‍ക്ക് ഉത്തരം നല്‍കുന്നതും അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്: ''അല്ലാഹുവിനോട് വല്ലവനും ചോദിച്ചില്ലെങ്കില്‍ അല്ലാഹു അവനോട് കോപിക്കും'' (തിര്‍മിദി 2686).

രാവും പകലും അല്ലാഹുവോട് ചോദിച്ചുകൊണ്ടിരിക്കുക. അവന്‍ കോപിക്കുകയില്ല. മനുഷ്യേരാട് ഒരുതവണ ചോദിച്ച് വീണ്ടും ആവര്‍ത്തിച്ചാല്‍ അവന്‍ കോപിക്കും. വാതില്‍ കൊട്ടിയടക്കും. എന്നാല്‍ അല്ലാഹു വാതില്‍ തുറന്നിട്ടിരിക്കുകയാണ്; തൗബ സ്വീകരിക്കാന്‍, മാപ്പ് കൊടുക്കാന്‍, പ്രാര്‍ഥനയ്ക്കുത്തരം നല്‍കാന്‍.

5). അല്ലാഹു മാത്രമാണ് ധന്യന്‍. അവന്റെ ഖജനാവിലുള്ളത് അവസാനിക്കുകയില്ല. അവന്‍ നല്‍കാന്‍ തയാറുള്ളവനുമാണ്. മനുഷ്യര്‍ (അവര്‍ ആരോ ആകട്ടെ) ഒന്നുംതന്നെ ഉടമപ്പെടുത്തുന്നില്ല. ദരിദ്രരാണവര്‍. സ്വയം നിലനില്‍പില്ലാത്തവരാണവര്‍. നല്‍കാന്‍ കഴിയാത്തവരാണവര്‍. പ്രാര്‍ഥന കേള്‍ക്കാന്‍ അവരെക്കൊണ്ടാവില്ല.

''മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു'' (35:15).

''രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്റെ നിയമത്തിന്) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല'' (35:13,14).

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ  സ്വര്‍ഗക്കാരുടെ ഈ ലോകത്തെ  സവിശേഷതകള്‍ എടുത്തു പറയുന്നേടത്ത് ഇങ്ങനെ കാണാം: 

''ഇപ്രകാരം പറയുന്നുവരുമാകുന്നു അവര്‍: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു. തീര്‍ച്ചയായും അത് (നരകം) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു'' (25: 65,66). 

''അല്ലാഹുവേ, നരകത്തില്‍ നിന്നും എന്നെ നീ രക്ഷിക്കണേ'' (തിര്‍മിദി 2079) എന്ന് നബി(സ്വ) പ്രാര്‍ഥിക്കാറുണ്ടായിരുന്നു.

നരകമോചനം ആഗ്രഹിക്കുന്നവര്‍, മക്കളെ വേണ്ടവര്‍, രോഗശമനം കൊതിക്കുന്നവര്‍, ജീവിതത്തില്‍ അഭിവൃദ്ധി തേടുന്നവര്‍...എല്ലാവരും അല്ലാഹുവോട് പ്രാര്‍ഥിക്കുക. 

സ്വര്‍ഗാവകാശികളായി മാറിയ പ്രവാചകന്മാര്‍ പല പ്രയാസങ്ങളും ഉള്ളവരായിരുന്നു. മുമ്പ് കഴിഞ്ഞുപോയ ഒരു നബിയുടെയും ക്വബ്ര്‍ തേടി അവര്‍ പോയിട്ടില്ല. അല്ലാഹുവോടല്ലാതെ ആവലാതി പറഞ്ഞിട്ടില്ല. വയസ്സേറെയായിട്ടും മക്കളില്ലാത്തിന്റെ വിഷമം സഹിച്ചവരായിരുന്നു ഇബ്‌റാഹീംനബി(അ)യും സകരിയ്യാ നബി(അ)യും. അവരുടെ പ്രാര്‍ഥനകള്‍ കാണുക: 

''എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ. അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു'' (37: 100-101).

''അവിടെ വെച്ച് സകരിയ്യാ തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു''(3:38).

മക്കളിലൂടെ കണ്‍കുളിര്‍മ ലഭിക്കണമെങ്കില്‍ സ്വര്‍ഗക്കാരുടെ പ്രകൃതംതന്നെ സ്വീകരിക്കുക: ''ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍നിന്നും സന്തതികളില്‍നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവര്‍'' (25:74).

ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ച പോലെ പ്രാര്‍ഥിക്കുകയും ചെയ്യുക: 

''എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ'' (14:40).

ദുരിതങ്ങളിലും പ്രയാസങ്ങളിലും അകപ്പെട്ടാല്‍ യൂനുസ് നബി(അ)യുടെ പ്രാര്‍ഥനയില്‍ നമുക്ക് മാതൃകയുണ്ട്: ''...അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു. അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു'' (21:87,88).

ദുന്‍യാവില്‍ ഒറ്റപ്പെട്ടു. എല്ലാവരും നമ്മെ കൈവിട്ടു. എന്നാലും നമ്മള്‍ നിരാശപ്പെടേണ്ട. ഒറ്റപ്പെട്ട സന്ദര്‍ഭത്തില്‍ മൂസാനബി(അ) അവലംബിച്ചത് പ്രാര്‍ഥനയെയാണ്. അതിന് ഉത്തരം ലഭിക്കുകയും ചെയ്തു:  ''അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം (അവരുടെ കാലികള്‍ക്ക്) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു. അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് നടന്നുചെന്നിട്ട്  പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി (ആടുകള്‍ക്ക്) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എന്റെ പിതാവ് താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്റെ അടുത്ത് ചെന്നിട്ട് തന്റെ കഥ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു'' (28:24,25). 

ആരുമില്ലാത്ത മൂസാനബി(അ)ക്ക് പ്രാര്‍ഥനയുടെ ഫലമായി കിട്ടിയത് ശത്രുവില്‍നിന്നുള്ള സുരക്ഷ, ജോലി, നല്ലവളായ ഭാര്യ തുടങ്ങിയ അനുഗ്രഹങ്ങളാണ്!

രാത്രിയുടെ അന്ത്യയാമങ്ങളില്‍ എഴുന്നേറ്റ് ഉള്ളുരുകി പ്രാര്‍ഥിക്കുക. തീര്‍ച്ചയായും അല്ലാഹു ഉത്തരം തരും. 'ഏതു പ്രാര്‍ഥനയാണ് കൂടുതല്‍ സ്വീകരിക്കപ്പെടുക?' എന്ന ചോദ്യത്തിന് നബി(സ്വ) നല്‍കിയ മറുപടി 'രാത്രിയുടെ അവസാന ഭാഗത്തിലും നിര്‍ബന്ധ നമസ്‌കാര ശേഷവും ഉള്ളത്' (തിര്‍മിദി 2782) എന്നായിരുന്നു. 'ബാങ്കിനും ഇക്വാമത്തിനും ഇടക്കുള്ള സമയം തള്ളപ്പെടുകയില്ല. അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥിക്കുക' എന്നും ഹദീഥില്‍ കാണാം (ഇര്‍വാഉല്‍ ഗലീല്‍ 244).

'ഒരു അടിമ തന്റെ റബ്ബിലേക്ക് ഏറ്റവും അടുക്കുന്നത് അവന്‍ സുജൂദിലായിരിക്കെയാണ്. അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥന വര്‍ധിപ്പിക്കുക' എന്നും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.  അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളും വിശേഷണങ്ങളും ഉപയോഗിച്ച് പ്രാര്‍ഥിച്ചാല്‍ അത് സ്വരീകാര്യതക്ക് ശക്തി കൂട്ടും.''അല്ലാഹുവിനാണ് ഏറ്റവും നല്ല നാമങ്ങള്‍. അതിനാല്‍ അവകൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ഥിക്കുക'' (7:180).

നമ്മള്‍ ചെയ്ത സല്‍കര്‍മങ്ങള്‍ മുന്‍നിര്‍ത്തി നാം ചെയ്യുന്ന പ്രാര്‍ഥനകളും കൂടുതല്‍ സ്വീകാര്യതക്ക് കാരണമാണ്. ഹറാമായ സമ്പാദ്യംകൊണ്ട് ജീവിതം നയിക്കുന്നവന്‍ എത്ര പ്രാര്‍ഥിച്ചാലും അത് നിഷ്ഫലമായിരിക്കും. അതിനാല്‍ ഹലാലായ മാര്‍ഗത്തില്‍ സമ്പാദിച്ച് ഹലാലായത് തിന്നും കുടിച്ചും ധരിച്ചും ജീവിക്കുക. പ്രാര്‍ഥന സ്വീകരിക്കപ്പെടും. 

സ്വര്‍ഗം ലക്ഷ്യമാക്കി നീങ്ങുന്ന നമ്മള്‍ ഒരിക്കലും പ്രാര്‍ഥനയെ നിസ്സാരമായി കാണരുത്. തന്റെ ദുര്‍ബലതയും ഇല്ലായ്മയും വിനയവുമെല്ലാം സര്‍വശക്തന്റെ മുമ്പില്‍ പ്രകടമാക്കുന്ന, തുറന്നു പറയുന്ന ഭവ്യതയുടെ പ്രകടരൂപമാണ് പ്രാര്‍ഥന. പ്രാര്‍ഥനയില്ലായെങ്കില്‍ അല്ലാഹു നമ്മെ പരിഗണിക്കുകയേയില്ല എന്ന് ക്വുര്‍ആന്‍ നമ്മെ അറിയിക്കുന്നത് നാം ഗൗരവത്തില്‍ കാണുകതന്നെ വേണം.

0
0
0
s2sdefault