ധിക്കാരികളെ നശിപ്പിച്ച പ്രളയം

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 സെപ്തംബര്‍ 02 1438 ⁠⁠ദുൽഹിജ്ജ 11

പ്രബോധനം കൊണ്ട് ആളുകള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയല്ലാതെ എന്ത് നേട്ടമാണുണ്ടാകുന്നത് എന്ന് ചോദിച്ച് പ്രബോധന പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറുന്നവര്‍ അറിയുക; അല്ലാഹുവിങ്കല്‍ നിന്നും ദിവ്യബോധനം (വഹ്‌യ്) ലഭിക്കുന്ന, പാപ സുരക്ഷിതത്വമുള്ള, യുക്തി ദീക്ഷയുള്ള, ദൃഢവിശ്വാസമുള്ള, സത്യസന്ധതയും ആത്മാര്‍ഥതയും സൂക്ഷ്മതയുമുള്ള, നന്ദിയുള്ള അടിമയെന്ന് അല്ലാഹു വിശേഷിപ്പിച്ച ആദ്യ റസൂലായ നൂഹ്(അ) 950 വര്‍ഷം ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചിട്ട് എത്ര പേര്‍ക്കാണ് മാറ്റം ഉണ്ടായത്? മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടോ ഇല്ലേ എന്നതല്ല ഒരു പ്രബോധകന്‍ നോക്കേണ്ടത്. അതിന് ആശിക്കണം, ആഗ്രഹിക്കണം, പ്രാര്‍ഥിക്കണം. അത്ര മാത്രം!

മാറ്റം കാണുന്നില്ലെന്ന് കണ്ട് പ്രബോധനം നിറുത്തലല്ല പ്രവാചകനായ നൂഹ്(അ)ന്റെ മാര്‍ഗം. മറിച്ച്, അതില്‍ ഉറച്ചുനിന്ന് അത് തുടരുകയാണ് വേണ്ടത്. പ്രവാചകന്മാരില്‍ വിശ്വാസിയായി ഒരാളെ പോലും ലഭിക്കാത്തവരുണ്ടെന്ന് പറയുമ്പോള്‍ എന്തിന് നാം ആളുകളുുടെ എതിര്‍പ്പില്‍ സങ്കടപ്പെടണം? അല്ലാഹുവാണല്ലോ സന്മാര്‍ഗം നല്‍കുന്നവന്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കേ അത് നല്‍കൂ. പക്ഷേ, അത് ജനങ്ങളുടെ കാതുകളില്‍ എത്തിക്കുക എന്ന ഉത്തരവാദിത്തം അത് ലഭിച്ചവര്‍ക്കുണ്ട്. എത്ര പേര്‍ നമ്മുടെ പ്രവര്‍ത്തനം കാരണം ഹിദായത്തിലായി എന്ന് നാം ചോദിക്കപ്പെടുകയില്ല. എത്ര പേര്‍ക്ക് ഈ സന്ദേശം എത്തിച്ചു എന്ന് നാം ചോദിക്കപ്പെടും. ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് നമ്മില്‍ ഏല്‍പിക്കപ്പെട്ടിട്ടുള്ളത്. നബി(സ്വ) പിതൃവ്യന്‍ അബൂത്വാലിബിനോട് അദ്ദേഹം മരണാസന്നനായ സമയത്ത് സത്യസരണയിലേക്ക് കടന്നുവരാന്‍ അപേക്ഷിച്ചതും അദേഹം അത് നിരസിച്ചതും ചരിത്ര സത്യമാണ്. നബി(സ്വ)യെ ഏറെ വേദനിപ്പിച്ചതാണ് ആ സംഭവം. ഈ വിഷയത്തില്‍ അല്ലാഹു പറയുന്നത് കാണുക:

''തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു''(28:56). 

നബിമാര്‍ക്ക് പോലും അവര്‍ ആഗ്രഹിക്കുന്നവരെയെല്ലാം സന്മാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. എത്തിച്ചു കൊടുക്കലാണ് പ്രബോധകരുടെ ദൗത്യം. ജനങ്ങളില്‍ ആദര്‍ശം അടിച്ചേല്‍പിക്കുവാന്‍ ഇസ്‌ലാം അനുമതി നല്‍കുന്നില്ല.

''അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല. പക്ഷേ, വല്ലവനും തിരിഞ്ഞുകളയുകയും അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്. തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. പിന്നീട്, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ'' (ക്വുര്‍ആന്‍ 88:21-26). 

നൂഹ്(അ) നൂറ്റാണ്ടുകളോളം ജനങ്ങളെ ഉദ്‌ബോധിപ്പിക്കുവാന്‍ പരിശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തോട് അവര്‍ക്ക് നിഷേധം വര്‍ധിക്കുക മാത്രമാണുണ്ടായത്. ഇബനു കഥീര്‍(റ) പറയുന്നത് കാണുക:

''കാലത്തിന് ദൈര്‍ഘ്യം ഏറി. അദ്ദേഹത്തിനും അവര്‍ക്കുമിടയിലുള്ള തര്‍ക്കവും (കൂടി). അല്ലാഹു പറഞ്ഞത് പോലെ (അമ്പതുകൊല്ലം ഒഴിച്ചാല്‍ ആയിരം വര്‍ഷം തന്നെ അദ്ദേഹം അവര്‍ക്കിടയില്‍ കഴിച്ചുകൂട്ടി. അങ്ങനെ അവര്‍ അക്രമികളായിരിക്കെ പ്രളയം അവരെ പിടികൂടി). അതായത്; കാലം ദീര്‍ഘിച്ചു. എന്നാല്‍ അല്‍പം പേര്‍ മാത്രമാണ് അവരില്‍ നിന്ന് അദ്ദേഹത്തില്‍ വിശ്വസിച്ചത്. ഒാരോ തലമുറ കഴിഞ്ഞു പോകുമ്പോഴും അവര്‍ ശേഷക്കാരിലേക്ക് നൂഹില്‍ വിശ്വസിക്കരുതെന്നും, അവനോട് എതിര്‍പ്പും സമരവും ഉണ്ടാവണമെന്ന് വസ്വിയ്യത്ത് നല്‍കുകയും ചെയ്യുമായിരുന്നു. പിതാവ് തന്റെ മകന് പ്രായപൂര്‍ത്തിയും അദ്ദേഹത്തിന്റെ സംസാരത്തെ കുറിച്ച് ചിന്തിക്കാനുള്ള പ്രായവുമായാല്‍ നൂഹില്‍ ഒരിക്കലും വിശ്വസിക്കരുതെന്ന് അദ്ദേഹത്തിനും സന്താനത്തിനുമിടയില്‍ ജീവിച്ചിരിക്കുന്ന കാലമത്രയും വസ്വിയ്യത്ത് നല്‍കുമായിരുന്നു. അവരുടെ സ്വഭാവം സത്യത്തെ പിന്തുടരുന്നതിനോടും വിശ്വാസത്തോട് വിസമ്മതമുള്ളതായിത്തീര്‍ന്നു. ഇതുകൊണ്ടാണ് അദ്ദേഹം (ഇപ്രകാരം) പറഞ്ഞത്: 'ദുര്‍വൃത്തന്നും സത്യനിഷേധിക്കുമല്ലാതെ അവര്‍ ജന്‍മം നല്‍കുകയുമില്ല.'

തന്റെ ജനതയില്‍ നിന്ന് ഒരാളും ഇനി വിശ്വസിക്കില്ലെന്ന് അല്ലാഹുവിങ്കല്‍ നിന്ന് അറിയിപ്പ് കിട്ടുകയും, വളരെ കാലത്തെ പ്രബോധനം ജനങ്ങളില്‍ പരിഹാസവും അഹങ്കാരവും അവിശ്വാസവും വര്‍ധിപ്പിക്കുകയല്ലാതെ ചെയ്യുന്നില്ലെന്ന് അദ്ദേഹത്തിന് മനസ്സിലാകുകയും ചെയ്ത ഘട്ടത്തില്‍ അദ്ദേഹം അവര്‍ക്കെതിരില്‍ പ്രാര്‍ഥിച്ചത് നാം കാണുകയുണ്ടായി. തുടര്‍ന്ന് അദ്ദേഹത്തോട് അല്ലാഹു കപ്പല്‍ നിര്‍മിച്ചു. ആണികളും പലകകളും ഉപയോഗിച്ച് ലോകത്ത് ആദ്യമായി അല്ലാഹുവിങ്കല്‍ നിന്നും ലഭിക്കുന്ന നിര്‍ദേശപ്രകാരം അത് നിര്‍മിച്ചു. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ അല്ലാഹു അദ്ദേഹത്തെ ഇപ്രകാരം അറിയിച്ചു:

''അങ്ങനെ നമ്മുടെ കല്‍പന വരുകയും അടുപ്പില്‍ നിന്ന് ഉറവ് പൊട്ടുകയും ചെയ്താല്‍ എല്ലാ വസ്തുക്കളില്‍ നിന്നും രണ്ട് ഇണകളെയും നിന്റെ കുടുംബത്തെയും നീ അതില്‍ കയറ്റിക്കൊള്ളുക. അവരുടെ കൂട്ടത്തില്‍ ആര്‍ക്കെതിരില്‍ (ശിക്ഷയുടെ) വചനം മുന്‍കൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട് സംസാരിച്ചു പോകരുത്. തീര്‍ച്ചയായും അവര്‍ മുക്കി നശിപ്പിക്കപ്പെടുന്നതാണ്. അങ്ങനെ നീയും നിന്റെ കൂടെയുള്ളവരും കപ്പലില്‍ കയറിക്കഴിഞ്ഞാല്‍ നീ പറയുക: അക്രമകാരികളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി. എന്റെ രക്ഷിതാവേ, അനുഗൃഹീതമായ ഒരു താവളത്തില്‍ നീ എന്നെ ഇറക്കിത്തരേണമേ. നീയാണല്ലോ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍ എന്നും പറയുക'' (ക്വുര്‍ആന്‍ 23:27-29).

''അങ്ങനെ നമ്മുടെ കല്‍പന വരികയും അടുപ്പ് ഉറവപൊട്ടി ഒഴുകുകയും ചെയ്തപ്പോള്‍ നാം പറഞ്ഞു: എല്ലാ വര്‍ഗത്തില്‍ നിന്നും രണ്ട് ഇണകളെ വീതവും നിന്റെ കുടുംബാംഗങ്ങളെയും അതില്‍ കയറ്റികൊള്ളുക. (അവരുടെ കൂട്ടത്തില്‍ നിന്ന്) ആര്‍ക്കെതിരില്‍ (ശിക്ഷയുടെ) വചനം മുന്‍കൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. വിശ്വസിച്ചവരെയും (കയറ്റികൊള്ളുക). അദ്ദേഹത്തോടൊപ്പം കുറച്ച് പേരല്ലാതെ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല''(11:40).

അല്ലാഹുവിന്റെ ശിക്ഷയായി അടുപ്പുകളില്‍ നിന്ന് വെള്ളം പൊട്ടി ഒഴുകുന്നത് കണ്ടാല്‍ നീ കപ്പലില്‍ കയറണമെന്ന് അല്ലാഹു നൂഹ്(അ)നോട് കല്‍പിച്ചു. കപ്പലില്‍ കയറുമ്പോള്‍ ഈ അഹങ്കാരികളും ധിക്കാരികളും ദുര്‍മാര്‍ഗികളുമായ ജനതയില്‍ നിന്ന് രക്ഷപ്പെടുത്തിയതിന് അല്ലാഹുവിനെ സ്തുതിക്കാനും അവനോട് പ്രാര്‍ഥിക്കാനുമായി നൂഹ്(അ)നോട് ഇപ്രകാരം കല്‍പിക്കുകയും ചെയ്തു.

''അക്രമകാരികളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി. എന്റെ രക്ഷിതാവേ, അനുഗൃഹീതമായ ഒരു താവളത്തില്‍ നീ എന്നെ ഇറക്കിത്തരേണമേ. നീയാണല്ലോ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍.''

വാഹനത്തില്‍ യാത്രക്കായി കയറിയാല്‍ പ്രാര്‍ഥിക്കാന്‍ അല്ലാഹു നമ്മോടും ആജ്ഞാപിച്ചിട്ടുണ്ട്. പലരും ഈ കല്‍പനയെതൊട്ട് അശ്രദ്ധരാണെന്ന് മാത്രം. അല്ലാഹു പറയുന്നത് കാണുക:

''എല്ലാ ഇണകളെയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് സവാരി ചെയ്യാനുള്ള കപ്പലുകളും കാലികളെയും നിങ്ങള്‍ക്ക് ഏര്‍പെടുത്തിത്തരികയും ചെയ്തവന്‍. അവയുടെ പുറത്ത് നിങ്ങള്‍ ഇരിപ്പുറപ്പിക്കാനും എന്നിട്ട് നിങ്ങള്‍ അവിടെ ഇരിപ്പുറപ്പിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുവാനും, നിങ്ങള്‍ ഇപ്രകാരം പറയുവാനും വേണ്ടി: ഞങ്ങള്‍ക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു'' (43:12-14). 

നബി(സ്വ)യോട് മദീനയിലേക്കുള്ള ഹിജ്‌റയുടെ വേളയില്‍ ഇപ്രകാരം അല്ലാഹു പ്രാര്‍ഥിക്കുവാന്‍ കല്‍പിച്ചിരുന്നു: ''എന്റെ രക്ഷിതാവേ, സത്യത്തിന്റെ പ്രവേശനമാര്‍ഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കുകയും സത്യത്തിന്റെ ബഹിര്‍ഗമനമാര്‍ഗത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിന്റെ പക്കല്‍ നിന്ന് എനിക്ക് സഹായകമായ ഒരു ആധികാരിക ശക്തി നീ ഏര്‍പെടുത്തിത്തരികയും ചെയ്യേണമേ എന്ന് നീ പറയുകയും ചെയ്യുക'' (17:80).

നൂഹ്(അ) അല്ലാഹുവിന്റെ കല്‍പന പ്രകാരം പ്രാര്‍ഥിച്ചുവെന്ന് മാത്രമല്ല, കൂടെയുള്ളവരോട് പ്രാര്‍ഥിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

''അദ്ദേഹം (അവരോട്) പറഞ്ഞു: നിങ്ങളതില്‍ കയറിക്കൊള്ളുക. അതിന്റെ ഓട്ടവും നിറുത്തവും അല്ലാഹുവിന്റെ പേരിലാകുന്നു. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്'' (11:41).

കപ്പല്‍ സഞ്ചരിക്കുവാന്‍ തുടങ്ങുന്നതിന് മുമ്പും അത് നങ്കൂരമിടുമ്പോഴുമെല്ലാം അല്ലാഹുവിന്റെ നാമത്തിലായിരിക്കണം ആകേണ്ടതെന്ന് അദ്ദേഹം അവരെ ഉദ്‌ബോധിപ്പിച്ചു.

അല്ലാഹു ആ ജനതയ്ക്ക് എങ്ങനെയാണ് ശിക്ഷ ഒരുക്കിയതെന്ന് കാണുക: ''അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട് ആകാശത്തിന്റെ കവാടങ്ങള്‍ നാം തുറന്നു. ഭൂമിയില്‍ നാം ഉറവുകള്‍ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യത്തിന്നായി വെള്ളം സന്ധിച്ചു'' (54:11,12). 

ശക്തമായ മഴ പെയ്യാന്‍ തുടങ്ങി. അങ്ങനെ അടുപ്പുകളില്‍ നിന്ന് വരെ വെള്ളം ഉറവായി വരാന്‍ തുടങ്ങി. ചുരുക്കത്തില്‍, വിണ്ണില്‍ നിന്നും മണ്ണില്‍നിന്നും വെള്ളം വന്നുതുടങ്ങി. അത് വലിയ പ്രളയമായി മാറി. പര്‍വത തുല്യമായ തിരമാലകള്‍ ഉണ്ടായിത്തുടങ്ങി. അങ്ങനെ ആ വെള്ളത്തിലൂടെ നൂഹ്(അ)യും കൂടെയുള്ളവരും കപ്പലില്‍ കയറി രക്ഷപ്പെട്ടു.

''പര്‍വത തുല്യമായ തിരമാലകള്‍ക്കിടയിലൂടെ അത് (കപ്പല്‍) അവരെയും കൊണ്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നൂഹ് തന്റെ മകനെ വിളിച്ചു. അവന്‍ അകലെ ഒരു സ്ഥലത്തായിരുന്നു. എന്റെ കുഞ്ഞുമകനേ, നീ ഞങ്ങളോടൊപ്പം കയറിക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത് അവന്‍ പറഞ്ഞു: വെള്ളത്തില്‍ നിന്ന് എനിക്ക് രക്ഷനല്‍കുന്ന വല്ല മലയിലും ഞാന്‍ അഭയം പ്രാപിച്ചുകൊള്ളാം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ കല്‍പനയില്‍ നിന്ന് ഇന്ന് രക്ഷ നല്‍കാന്‍ ആരുമില്ല; അവന്‍ കരുണ ചെയ്തവര്‍ക്കൊഴികെ. (അപ്പോഴേക്കും) അവര്‍ രണ്ട് പേര്‍ക്കുമിടയില്‍ തിരമാല മറയിട്ടു. അങ്ങനെ അവന്‍ മുക്കി നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായി''(11:42,43).

അവിശ്വാസിയായ മകനെ രക്ഷിക്കാന്‍ നൂഹ്‌നബി(അ)ക്ക് സാധിച്ചില്ല. പിന്നീട് ആ പിതാവും മകനും തമ്മില്‍ കണ്ടിട്ടില്ല. മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്ന് ക്വുര്‍ആന്‍ നമ്മോട് കല്‍പിക്കുന്നു. അവരെ സ്‌നേഹിക്കണം, ആദരിക്കണം. എന്നാല്‍ ക്വുര്‍ആന്‍ മാതാപിതാക്കളോട് നിങ്ങള്‍ മക്കള്‍ക്ക് നന്മചെയ്യണമെന്ന് കടുത്ത സ്വരത്തില്‍ പറഞ്ഞിട്ടില്ല. കാരണം അത് മാതാപിതാക്കളില്‍ നിന്ന് സ്വമേധയാ ഉണ്ടാകും. മക്കള്‍ എത്ര വലുതായാലും അവരോട് നന്മ ചെയ്യാന്‍ അവര്‍ തയ്യാറാകും. 

മാതാപിതാക്കള്‍ക്ക് പ്രായമാവുകയോ അല്ലെങ്കില്‍ എനിക്ക് ഇനി എന്റെ ഉമ്മയുടെയോ ഉപ്പയുടെയോ ആവശ്യമില്ലെന്ന് തോന്നുകയോ ചെയ്യുമ്പോള്‍ മാതാപിതാക്കളോട് മക്കള്‍ ശബ്ദമുയര്‍ത്തിത്തുടങ്ങും. കര്‍ക്കശമായി സംസാരിക്കുക മാത്രമല്ല ചിലപ്പോള്‍ കൈ ഓങ്ങുകയും ചെയ്യും.

പിതാവിനും മകനുമിടയില്‍ തിരമാല മറയിട്ടു എന്ന് പറഞ്ഞുവല്ലോ. പരസ്പരം കാണാതായി. അന്നേരം ഒരു പിതാവ് എന്ന നിലയില്‍ നൂഹ്(അ)ന് എത്രമാത്രം വിഷമം വന്നിട്ടുണ്ടാകും. ആ വിഷമം മനസ്സിലാക്കാന്‍ അദ്ദേഹം അല്ലാഹുവിനോട് നടത്തിയ പ്രാര്‍ഥന തന്നെ ധാരാളം:

''നൂഹ് തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് പറഞ്ഞു: എന്റെ രക്ഷിതാവേ, എന്റെ മകന്‍ എന്റെ കുടുംബാംഗങ്ങളില്‍ പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്റെ വാഗ്ദാനം സത്യമാണുതാനും. നീ വിധികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നല്ല വിധികര്‍ത്താവുമാണ്'' (11:45). 

0
0
0
s2sdefault