അനുചരന്മാരെക്കുറിച്ച് പ്രവാചകന്‍(സ്വ) പറഞ്ഞത്

ശൈഖ് ഇഹ്‌സാന്‍ ഇലാഹി ദഹീര്‍

2017 സെപ്തംബര്‍ 02 1438 ⁠⁠ദുൽഹിജ്ജ 11

വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

പ്രബോധനമാകുന്ന ദൗത്യം ഉത്തരവാദിത്തത്തോടെ നിറവേറ്റിയവരും കേട്ടുപഠിച്ചവയെല്ലാം കൃത്യതയോടെ നിറവേറ്റിയവരുമാണ് പ്രവാചകന്‍(സ്വ)യുടെ സ്വഹാബികള്‍. അവരിലൂടെയാണ് റോമും ശാമും അല്ലാഹു വിജയിപ്പിച്ചത്. യമനും പേര്‍ഷ്യയും അധീനപ്പെടുത്തി നല്‍കിയത്. അവരില്ലായിരുന്നുവെങ്കില്‍ ഇസ്‌ലാമിനൊരു രാഷ്ട്രമോ, ഭരണകൂടമോ നിലവില്‍ വരില്ലായിരുന്നു. 

അല്ലാഹു പറയുന്നു: ''നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്'' (അന്നൂര്‍ 55).

തീര്‍ത്തും അല്ലാഹുവിന്റെ വചനത്തെ സാക്ഷ്യപ്പെടുത്തും വിധമായിരുന്നു അവരുടെ ജീവിതം. സ്വഹാബികളെപ്പറ്റി പ്രവാചകന്‍(സ്വ) ഒരിക്കല്‍ പറഞ്ഞു: ''നിങ്ങള്‍ എന്റെ അനുചരന്മാരെ ചീത്ത പറയരുത്. നിങ്ങളിലൊരാള്‍ ഉഹ്ദ് മലയോളം സ്വര്‍ണം ചെലവഴിച്ചാലും അവര്‍ ചെലവഴിച്ച ഇടങ്ങഴിയുടെയും നാഴിയുടെയും സ്ഥാനത്തേക്കെത്തുകയില്ല'' (ബുഖാരി, മുസ്‌ലിം).

മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: ''ആകാശത്തിന്റെ കാവല്‍ഭടന്മാരാണ് നക്ഷത്രങ്ങള്‍. നക്ഷത്രങ്ങള്‍ നീങ്ങിയാല്‍, ആകാശത്ത് അതിന് താക്കീത് നല്‍കപ്പെട്ടത് സംഭവിക്കുകയായി. ഞാന്‍ എന്റെ സ്വഹാബികളുടെ കാവലാളാണ്. ഞാന്‍ മരണപ്പെട്ടാല്‍. അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടത് അവരില്‍ വന്നെത്തുകയായി. എന്റെ സ്വഹാബികള്‍ എന്റെ സമുദായത്തിന്റെ കാവലാളുകളാണ്. അവര്‍ വിടപറഞ്ഞാല്‍ എന്റെ ഉമ്മത്തില്‍ അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടത് സംഭവിക്കുകയായി'' (മുസ്‌ലിം).

സ്വഹാബികളുടെ മഹത്ത്വവും മഹിമയും വ്യക്തമാക്കിക്കൊണ്ട് തിരുമേനി(സ്വ) പറഞ്ഞു: ''ഏതൊരു പ്രദേശത്തുവെച്ച് എന്റെയൊരു സ്വഹാബി മരണപ്പെടുന്നുവോ, അവര്‍ക്കുവേണ്ടി ക്വിയാമത്തു നാളില്‍ ഒരു നേതാവിനെയും പ്രകാശത്തെയും അല്ലാഹു നിശ്ചയിക്കുന്നതാണ്'' (മുസ്‌ലിം).

നബി(സ്വ) പറഞ്ഞു: ''എന്റെ സ്വഹാബത്തിനെ ആക്ഷേപിക്കുന്നവരെ കണ്ടാല്‍ 'നിങ്ങളുടെ വിപത്തുകള്‍ക്ക് അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ' എന്ന് നിങ്ങള്‍ പ്രാര്‍ഥിക്കുക'' (തിര്‍മിദി).

അബൂബക്കര്‍(റ)വിനെ സംബന്ധിച്ച് നബി(സ്വ) പറഞ്ഞു: ''സഹവാസം കൊണ്ടും സമ്പത്തുകൊണ്ടും എനിക്ക് ഏറ്റവും അഭയം നല്‍കിയവന്‍ അബൂബക്കറാണ്'' (ബുഖാരി, മുസ്‌ലിം).

ഉമര്‍(റ)വിനെപ്പറ്റി നബി(സ്വ) പറഞ്ഞു: ''അല്ലാഹു ഉമറിന്റെ നാവിലും ഹൃദയത്തിലും സത്യത്തെ നിക്ഷേപിച്ചിരിക്കുന്നു'' (തിര്‍മിദി).

നബി(സ്വ) ഉസ്മാന്‍(റ)വിനെപ്പറ്റി പറഞ്ഞു: ''എല്ലാ പ്രവാചകനും ഒരു സതീര്‍ഥ്യനുണ്ട്. സ്വര്‍ഗത്തിലെ എന്റെ സതീര്‍ഥ്യന്‍ ഉസ്മാനാണ്'' (തിര്‍മിദി).

അബ്ദുല്‍ മുത്ത്വലിബുബ്ന്‍ റബീഅഃ നിവേദനം ചെയ്യുന്നു: ''ഞാന്‍ പ്രവാചകനോടൊപ്പം നില്‍ക്കുന്ന വേളയില്‍ അബ്ബാസ്(റ) കോപാകുലനായിക്കൊണ്ട് കടന്നുവന്നു. നബി(സ്വ) ചോദിച്ചു: 'താങ്കളെന്തിനാണ് കോപിച്ചിരിക്കുന്നത്?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, നമ്മളും ക്വുറൈശികളുമായുള്ള ബന്ധമെന്താണ്? പരസ്പരം കണ്ടുമുട്ടിയാല്‍ മുഖപ്രസന്നതയോടെയാണ് അവര്‍ അഭിമുഖീകരിക്കുന്നത്. നമ്മളെ അവര്‍ അഭിമുഖീകരിക്കുന്നത് അപ്രകാരമല്ല താനും.' അതുകേട്ടപ്പോള്‍ നബി(സ്വ)യുടെ മുഖം ചുവന്നു. അവിടുന്ന് പറഞ്ഞു: 'എന്റെ പിതൃവ്യനെ വേദനിപ്പച്ചവന്‍ എന്നെ വേദനിപ്പിച്ചു. അറിയുക, ഒരാളുടെ പിതൃവ്യന്‍ അയാളുടെ പിതൃതുല്യനാണ്''(തിര്‍മിദി).

അബ്ബാസി(റ)നും അദ്ദേഹത്തിന്റെ പുത്രന്‍ അബ്ദുല്ല(റ)ക്കും വേണ്ടി റസൂല്‍(സ്വ) ഇപ്രകാരം പ്രാര്‍ഥിക്കുകയുണ്ടായി: ''അല്ലാഹുവേ, അബ്ബാസിനും അദ്ദേഹത്തിന്റെ പുത്രനും അവരുടെ രഹസ്യവും പരസ്യവുമായ സകല പാപങ്ങള്‍ക്കും നീ മാപ്പു നല്‍കേണമേ. അദ്ദേഹത്തിന്റെ പുത്രനിലൂടെ നീ അദ്ദേഹത്തിന് സംരക്ഷണം നല്‍കേണമേ'' (തിര്‍മിദി).

പ്രവാചക(സ്വ)നോടൊരാള്‍ ചോദിച്ചു: 'റസൂലേ, താങ്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് ആരാണ്?' നബി(സ്വ) പറഞ്ഞു: 'ആഇശ.' 'പുരുഷന്മാരില്‍ ആരെയാണ് താങ്കള്‍ക്കിഷ്ടം?' 'അവരുടെ പിതാവ് (അബൂബക്കര്‍)' - നബി(സ്വ) മറുപടി പറഞ്ഞു (ബുഖാരി, മുസ്‌ലിം).

ഖാലിദ് ബ്ന്‍ വലീദി(റ)നെപ്പറ്റി നബി(സ്വ) ഇങ്ങനെ അഭിപ്രായപ്പെട്ടു: ''അല്ലാഹുവിന്റെ വാളുകളില്‍ നിന്നുള്ള ഒരു വാളാണ് ഖാലിദ്. ഏറ്റവും നല്ല ഗോത്ര യുവാവ്'' (അഹ്മദ്, തിര്‍മിദി).

മുഹമ്മദ്ബിന്‍ മസ്‌ലമ(റ)യെപ്പറ്റി റസൂലൊരിക്കല്‍ പറഞ്ഞു: ''മുഹമ്മദ്ബിന്‍ മസ്‌ലമക്ക് വല്ല വിപത്തും സംഭവിക്കുമോ എന്ന് ഭയപ്പെട്ടിരുന്നതുപോലെ, മറ്റൊരാള്‍ക്ക് സംഭവിക്കുന്നതിനേയും ഞാന്‍ ഭയപ്പെട്ടിരുന്നില്ല....'' എന്നിട്ട് തിരുമേനി(സ്വ) പ്രാര്‍ഥിച്ചു: ''താങ്കളെ വിപത്തുകള്‍ ബാധിക്കാതിരിക്കട്ടെ'' (അബൂദാവൂദ്).

മുആവിയ(റ)ക്ക് വേണ്ടിയുള്ള പ്രവാചകന്റെ പ്രാര്‍ഥന ഇങ്ങനെ: ''അല്ലാഹുവേ, നീ ഇദ്ദേഹത്തെ, സന്മാര്‍ഗം ലഭിച്ചവനും സന്‍മാര്‍ഗത്തിലേക്ക് നയിക്കുന്നവനുമാക്കേണമേ'' (തിര്‍മിദി).

അബ്ദുല്ലാഹിബ്ന്‍ ഉമറി(റ)നെപ്പറ്റി നബി(സ്വ) പറഞ്ഞു: ''സാത്വികനായ വ്യക്തിയാണ് അബ്ദുല്ലാഹിബ്‌നു ഉമര്‍'' (ബുഖാരി, മുസ്‌ലിം).

അല്ലാഹു വിശുദ്ധ ക്വുര്‍ആനിലൂടെ വാഴ്ത്തിയ സകല സ്വഹാബികളെയും അല്ലാഹുവിന്റെ റസൂല്‍(സ്വ) പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ഥിച്ചിട്ടുണ്ട്. അവ്വിധം ആ പ്രവാചകന്റെ പാത പിന്‍പറ്റുന്ന ഏതൊരു വിശ്വാസിയും ആ മഹാന്മാരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും. ഈ അനുഗൃഹീത ദീനിന്റെ പ്രചരണമാര്‍ഗത്തില്‍ ഭീമമായ സേവനങ്ങളനുഷ്ഠിച്ച പ്രസ്തുത മഹത്തുക്കളോടുള്ള പോരും പകയും അസൂയയും തിന്നുതീര്‍ത്ത മനസ്സിന്നുടമകള്‍ക്ക്-ജൂത, മജൂസി, കപടന്മാര്‍ക്ക്-അവരെ വാഴ്ത്താനും ആദരിക്കാനുമായില്ല. ക്വുര്‍ആനും സുന്നത്തുമനുസരിച്ച് പ്രവര്‍ത്തിച്ച, ദീനീ രംഗത്ത് തീവ്രപരിശ്രമങ്ങള്‍ കാഴ്ചവെച്ച സ്വഹാബികളോട്, വിശിഷ്യാ അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) തുടങ്ങിയവരോട് ശിയാക്കളും മറ്റും ശത്രുത വെക്കാനുള്ള യഥാര്‍ഥ കാരണം ആ മഹാന്മാരുടെ ദീനീ പ്രതിബദ്ധത തന്നെയാണ്. 

0
0
0
s2sdefault