അങ്ങ് ദൂരെ...!

ശഹ്ബാസ് കെ. അബ്ബാസ്, ഒറ്റപ്പാലം

2017 നവംബര്‍ 11 1439 സഫര്‍ 22

'കളി നിര്‍ത്ത് കൂട്ടരേ; ദേ, ആരോ വരുന്നുണ്ട്' ദൂരെ നിന്ന്  മിഠായിപ്പൊതികളുമായി, മെലിഞ്ഞ് അവശരായ കുഞ്ഞുങ്ങള്‍ക്കിടയിലേക്ക് വരുന്ന യുവാവിനെ ചൂണ്ടി നൂറ പറഞ്ഞു.

'ഹായ് അങ്കിള്‍, ഞാന്‍ നൂറ!' ഒരു എട്ടു വയസ്സുകാരിയുടെ എല്ലാ നിഷ്‌ക്കളങ്കതയോടെയും നദീതീരത്തെ കളികള്‍ പെട്ടെന്ന് അവസാനിപ്പിച്ച് നൂറ അദ്ദേഹത്തെ വരവേറ്റു.

'ഹായ്, കൂട്ടുകാരേ... എല്ലാവരും വരൂ. നിങ്ങള്‍ക്ക് ഒരുപാട് മിഠായികളുമായിട്ടാ അങ്കിള്‍ വന്നിരിക്കുന്നെ.'

ഇഷ്ടപ്പെട്ട മിഠായികള്‍ കിട്ടിയ ആവേശത്തില്‍, എല്ലാവര്‍ക്കും അത് വീതിച്ചു കൊടുക്കുന്ന തിരക്കിലായിരുന്നു നൂറ.

'അതെന്താ, അവിടെ ആ കുട്ടി മാത്രം തനിച്ചിരിക്കുന്നത്?' ഒറ്റക്ക് വിഷമിച്ച് മാറിയിരിക്കുന്ന കുഞ്ഞ് ഹവ്വയെ നോക്കി അദ്ദേഹം ചോദിച്ചു.

'അത് ഹവ്വ. രണ്ടു ദിവസമായി അവള്‍ ഒന്നും കഴിച്ചിട്ടില്ല. ഹവ്വയുടെ വീട്ടില്‍ ഹവ്വയുടെ ഉമ്മയും അനിയനുമുണ്ട്. അവരും ഒന്നും കഴിച്ചുകാണില്ല' നൂറ പറഞ്ഞു.

'എങ്കില്‍ നമുക്ക് ആദ്യം ഹവ്വയുടെ വീട്ടില്‍ പോകാം. മിഠായികളും ഭക്ഷണപ്പൊതികളും എടുത്തോളൂ. എല്ലാവര്‍ക്കും കൊടുക്കാം' മിഠായികളും ഭക്ഷണപ്പൊതികളും എടുത്ത് അവരെല്ലാവരും ഹവ്വയുടെ വീട്ടിലേക്ക് പോയി.

പഴകി തുരുമ്പ് പിടിച്ച, കുറച്ച് ഉയരമുള്ള തകരങ്ങള്‍ ഭിത്തിയാക്കിയ, ഓലകൊണ്ട് മേഞ്ഞ, മൂന്നാളുകള്‍ക്ക് വളരെ കഷ്ടപ്പെട്ട് മാത്രം കഴിയാവുന്ന ചോര്‍ന്നൊലിക്കുന്ന ഒരു കൂരയിലായിരുന്നു ഹവ്വയുടെ കുടുംബത്തിന്റെ താമസം! ഹവ്വയെ കണ്ടതും ഭയത്തോടെ പെട്ടെന്ന് അവളെ അകത്തേക്ക് വിളിച്ചുകയറ്റി, കതകെന്ന് പറയാവുന്ന തകരഷീറ്റ് നീക്കിക്കൊണ്ട് ഹവ്വയുടെ ഉമ്മ കരഞ്ഞുപറഞ്ഞു: 'വേണ്ട! ആരും വരേണ്ട! ഇവിടേക്ക് ദയവുചെയ്ത് ആരും വരേണ്ട. ഞങ്ങള്‍ക്കിപ്പൊ ഇവിടെ സ്വാതന്ത്ര്യമുണ്ട്, സമാധാനമുണ്ട്. ദയവുചെയ്ത് ഈ ഇന്ത്യയുടെ മണ്ണിലെങ്കിലും ഞങ്ങളെ ജീവിക്കാനനുവദിക്കണം.'

ഹവ്വയുടെ ഉമ്മയുടെ നിലവിളി കേട്ട്, ഭക്ഷണപ്പൊതികള്‍ അവിടെ വെച്ചതിന് ശേഷം നൂറ പെട്ടെന്ന് അദ്ദേഹത്തെയും കൂട്ടി പുറത്തേക്കിറങ്ങി.

'മോളേ നൂറാ, നമുക്കിനി നൂറയുടെ വീട്ടില്‍ പോയാലോ? നൂറയുടെ ഉമ്മയും ഉപ്പയും വല്ലതും കഴിച്ചു കാണുമോ?' നൂറയോടായി അദ്ദേഹം ചോദിച്ചു.

'തീര്‍ച്ചയായും പോകാം! വരൂ അങ്കിള്‍' അദ്ദേഹത്തിന്റെ കൈ പിടിച്ച് നൂറ ധൃതിയില്‍ കൂട്ടിക്കൊണ്ടുപോയി. നേരെ പോയത് യമുനാ നദിയുടെ തീരത്തേക്കായിരുന്നു.

'ഇതെന്താ ഇവിടെ?' അദ്ദേഹം ആശ്ചര്യത്തോടെ ചോദിച്ചു. ഉത്തരമായി അവളില്‍നിന്ന് ഒരു തേങ്ങലാണുയര്‍ന്നത്. പിന്നെ നദിയിലേക്ക് കൈ ചൂണ്ടിക്കൊണ്ട് അവള്‍ പറഞ്ഞു:

'ദേ, അവിടെ... അങ്ങ് ദൂരെയാണ് എന്റുമ്മ, എന്റെ പൊന്നുപ്പ, എന്റെ ഭയ്യ... എല്ലാവരും. നന്നായി വിശക്കുന്നുണ്ടാകും അവര്‍ക്ക്; ഒരുപാട് നാളായിക്കാണില്ലേ ഭക്ഷണമൊക്കെ കഴിച്ചിട്ട്. ഈ നദിയില്ലേ, ഇതിങ്ങനെ ഒരുപാട് ദൂരം ഒഴുകിയൊഴുകി അവസാനം ഒരുനാള്‍ കടലില്‍ പോയി ചേരില്ലേ? അന്ന് ഞാന്‍ ഇവിടെ നിന്ന് കൊടുത്തയക്കാറുള്ള മിഠായികളെല്ലാം അവര്‍ക്ക് കിട്ടും... ഈ യമുനയോട് ഞാന്‍ എന്നും പറയാറുള്ള എല്ലാ കഥകളും അവള്‍ അവിടെച്ചെന്ന് അവരോട് പറയുന്നുണ്ടാകും; എന്നാലും, അവരിപ്പോ, എന്നെക്കാണാത്തതുകൊണ്ട് എന്നെയോര്‍ത്ത് വിഷമിച്ചിരിക്കുകയാവും.'

സ്വന്തക്കാരായി ആരും ജീവിച്ചിരിപ്പില്ലാത്ത നൂറയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അയാളുടെ കണ്ണുകള്‍നിറഞ്ഞൊഴുകി. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി അറിയാതെ അയാളുടെ ഉള്ളില്‍നിന്നും പ്രാര്‍ഥനയുയര്‍ന്നു.

0
0
0
s2sdefault