ആരോഗ്യം: മഹത്തായ അനുഗ്രഹം

ടി.കെ ത്വല്‍ഹത്ത് സ്വലാഹി

2017 സെപ്തംബര്‍ 02 1438 ⁠⁠ദുൽഹിജ്ജ 11

കാരുണ്യവാനായ അല്ലാഹു അവന്റെ അടിമകളായ മനുഷ്യര്‍ക്ക് നല്‍കിയ മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണ് ശാരീരികാരോഗ്യം എന്നത്. പലപ്പോഴും 'കണ്ണില്ലാത്തവനേ കണ്ണിന്റെ വിലയറിയൂ' എന്ന് പറയുന്നത് പോലെ ആരോഗ്യമുള്ളപ്പോള്‍ നമ്മുടെ ആരോഗ്യത്തിന്റെ പ്രാധാന്യവും മഹത്ത്വവും നാം മറന്നുപോവുകയാണ്. ഈമാനികമായ ഉറപ്പ് കിട്ടിക്കഴിഞ്ഞാല്‍ പിന്നീട് ഒരു വിശ്വാസിക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹം ശാരീരിക സൗഖ്യമാണെന്നാണ് പ്രവാചകാധ്യാപനം. നബി(സ്വ) പറഞ്ഞു: ''രണ്ട് അനുഗ്രഹങ്ങള്‍, അതില്‍ അധികപേരും വഞ്ചിതരാണ്. ആരോഗ്യവും ഒഴിവുസമയവുമാണത്'' (ബുഖാരി:6412).

ആരോഗ്യത്തിന്റെ മഹത്ത്വമറിയാന്‍ നമുക്ക് ചുറ്റുമുള്ള രോഗികളിലേക്ക് ഒന്ന് നോക്കിയാല്‍ മതിയാകും. എന്തെല്ലാം രീതിയിലുള്ള രോഗങ്ങളാണ് ഇന്ന് മനുഷ്യര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്! മാരകമായ വേദന അനുഭവിക്കുന്ന നിത്യരോഗികള്‍ എത്രയെത്രയുണ്ട്! മുമ്പ് ഒരു പനി ബാധിച്ചു എന്ന് കേട്ടാല്‍ അധികമൊന്നും പേടിക്കാനില്ലായിരുന്നു. ഇപ്പോള്‍ പനി വരുമ്പോഴേക്ക് അത് എന്ത് പനിയാണെന്ന് നിര്‍ണയിച്ച് പെട്ടെന്നു തന്നെ ചികിത്സ തേേടണ്ടിയിരിക്കുന്നു. 

മാരകമായ ക്യാന്‍സര്‍ ബാധിച്ച് വേദന കടിച്ചമര്‍ത്തി ജീവിക്കുന്നവര്‍, ആഴ്ചയില്‍ ഒന്നോ രണ്ടോ അതിലധികമോ തവണ ഡയാലിസിസിന് വിധേയമാവുന്ന കിഡ്‌നി രോഗികള്‍, ശരീരം പൂര്‍ണമായി തളര്‍ന്ന് ഒന്ന് അനങ്ങാന്‍ പറ്റാതെ ദിവസങ്ങള്‍ എണ്ണിനീക്കുന്നവര്‍, ബന്ധുക്കള്‍ക്ക് കാണാനോ പരിചരിക്കാനോ കഴിയാതെ വെന്റിലേറ്ററില്‍ കഴിയുന്നവര്‍, മൂക്കിലൂടെയും കഴുത്തിലൂടെയുമൊക്കെ പൈപ്പിട്ട് ഭക്ഷണം കൊടുക്കേണ്ടി വരുന്നവര്‍, ശരീരം മുഴുവന്‍ ചൊറി ബാധിച്ച് ഒരേ സമയം ശാരീരികമായും മാനസികമായും തളര്‍ന്നവര്‍...


നാം അനുഗൃഹീതര്‍!

ഇത്രയധികം രോഗികള്‍ക്കിടയില്‍ ആരോഗ്യവാന്മാരായി ജീവിക്കുന്നവര്‍ എത്ര അനുഗൃഹീതരാണ്! നബി(സ്വ) പറഞ്ഞു: ''ആരെങ്കിലും തന്റെ വിരിപ്പില്‍ നിര്‍ഭയനായി, ശാരീരിക സുഖമുള്ളവനായി നേരം പുലരുന്നുവെങ്കില്‍ അവന്‍ ദുന്‍യാവ് മുഴുവനായും നേടിയവനെപ്പോലെയാണ്'' (തിര്‍മിദി: 2346,  ഇബ്‌നുമാജ: 4141). 

അലി(റ) പറഞ്ഞു: ''ആരോഗ്യം ഒരു ചരക്കാണ്. ക്ഷീണം ഒരു നഷ്ടവും. സമ്പത്ത് ഒരു അനുഗ്രഹമാണ്. എന്നാല്‍ ആരോഗ്യം സമ്പത്തിനെക്കാള്‍ ശ്രേഷ്ഠമായ അനുഗ്രഹമാണ്. ശാരീരികാരോഗ്യത്തെക്കാള്‍ ശ്രേഷ്ഠമാണ് മാനസിക വിശുദ്ധി.''


മഹത്ത്വം ബോധ്യപ്പെടുക, അംഗീകരിക്കുക

ആരോഗ്യവാന്മാരായ നാം നമുക്ക് ലഭിച്ച ആരോഗ്യത്തിന്റെ മഹത്ത്വം മനസ്സിലാക്കുകയും അത് അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ ആരോഗ്യം എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെട്ടേക്കാം. കാരണം, നമ്മുടെ ശരീരത്തിലെ രക്തസഞ്ചാരത്തിന്ന് അല്‍പസമയം തടസ്സം വന്നാല്‍... സദാസമയവും സ്പന്ദച്ചികൊണ്ടിരിക്കുന്ന നമ്മുടെ ഹൃദയം അതിന്റെ മിടിപ്പ് നിര്‍ത്തിയാല്‍... രണ്ടോ മൂന്നോ ദിവസം വിസര്‍ജനത്തിന് തടസ്സം വന്നാല്‍...?! കാരുണ്യവാനായ അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ.


ആരോഗ്യം നീങ്ങിപ്പോകാതിരിക്കാന്‍ പ്രാര്‍ഥിക്കുക

അല്ലാഹു നമുക്ക് നല്‍കിയ ആരോഗ്യം നിലനില്‍ക്കാനും നീങ്ങിപ്പോകാതിരിക്കാനും നാം പ്രാര്‍ഥന പതിവാക്കണം. ശാരീരിക സൗഖ്യം ചോദിച്ച് കൊണ്ടുള്ള ധാരാളം പ്രാര്‍ഥനകള്‍ പ്രവാചക വചനങ്ങളില്‍ കാണാം. തിരുനബി(സ്വ) ഇപ്രകാരം പ്രാര്‍ഥിക്കുമായിരുന്നു: ''അല്ലാഹുവേ, നീ നല്‍കിയ അനുഗ്രഹം നീങ്ങിപ്പോകുന്നതില്‍ നിന്നും, നീ തന്ന ശാരീരിക സുഖം മാറിപ്പോകുന്നതില്‍ നിന്നും, നിന്റെ പെെട്ടന്നുണ്ടാകുന്ന ശിക്ഷകളില്‍ നിന്നും, മുഴുവന്‍ ശാപകോപങ്ങളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു'' (മുസ്‌ലിം: 2739, അബൂദാവൂദ്: 1545).


അല്ലാഹുവിനെ സ്തുതിക്കുക, നന്ദി കാണിക്കുക

നമുക്ക് ലഭിച്ച ആരോഗ്യമെന്ന അനുഗ്രഹത്തിന് അല്ലാഹുവിനെ സ്തുതിച്ചും അവന് നന്ദി കാണിച്ചും ജീവിക്കാന്‍ നമുക്ക് കഴിയണം. ഉറക്കില്‍ നിന്ന് ഉണര്‍ന്ന് കഴിഞ്ഞാല്‍ നബി(സ്വ) ഇപ്രകാരം പറയുമായിരുന്നല്ലോ:

''ഞങ്ങളെ മരിപ്പിച്ചതിന് ശേഷം ജീവിപ്പിച്ച അല്ലാഹുവിനാകുന്നു സര്‍വ സ്തുതിയും. അവനിലേക്കാണ് ഞങ്ങളുടെ മടക്കം''(ബുഖാരി: 6314).

''എന്റെ ശരീരത്തിന് സൗഖ്യം നല്‍കിയ, എന്റെ ആത്മാവിനെ തിരിച്ച് നല്‍കിയ, അവനെ സ്മരിക്കാന്‍ എന്നെ അനുവദിച്ച അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും'' (തിര്‍മിദി: 3401).

ആരോഗ്യം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉപയോഗിക്കാനും, ഓരോ അവയവം കൊണ്ടും അല്ലാഹു ഇഷ്ടപ്പെടുന്നത് മാത്രം ചെയ്യാനും സാധിക്കുന്നവരാണ് നന്ദിയുള്ള അടിമകള്‍. 

ആരോഗ്യത്തിന് ഹാനികരമായിത്തീരുന്ന ഒന്നും ഉപയോഗിക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. ആരോഗ്യത്തിന് ഗുണവും പ്രയോജനവും ഉള്ളത് മാത്രമെ ഒരു മുസ്‌ലിം ഉപയോഗിക്കാവൂ എന്ന് ഇസ്‌ലാം സഗൗരവം ശാസിക്കുന്നു. കാരണം, മനുഷ്യന്റെ ശാരീരികവും സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്. വിശുദ്ധ ക്വുര്‍ആന്‍ പൊതുനിര്‍ദേശമായി നമ്മോട് ആവശ്യപ്പെട്ടിട്ടുള്ളത് ''നിങ്ങള്‍ തന്നെ നിങ്ങളെ നാശത്തില്‍ തള്ളിക്കളയരുത്''(2:195) എന്നാണല്ലോ!

'രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാള്‍ നല്ലത് രോഗം വരാതെ കാത്തുസൂക്ഷിക്കലാണ്' എന്നത് അറബിയിലെ അറിയപ്പെട്ട ആപ്തവാക്യമാണ്. ശാരീരികമായ ആരോഗ്യം നിലനിര്‍ത്താന്‍ പറ്റിയ ധാരാളം നിര്‍ദേശങ്ങളും ഉപദേശങ്ങളും ഇസ്‌ലാമികാധ്യാപനങ്ങളില്‍ നമുക്ക് കാണാം.

ഇസ്‌ലാം പഠിപ്പിക്കുന്ന ആരാധനാ കര്‍മങ്ങളുടെയും മറ്റു സല്‍കര്‍മങ്ങളുടെയും കാതലായ ലക്ഷ്യം ആത്മീയ സംസ്‌കരണവും അതുവഴി പാരത്രിക മോക്ഷവുമാണ്. എന്നാല്‍ അതോടൊപ്പം ആ സല്‍കര്‍മങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കൂടി നമുക്ക് സാധിക്കും. വുദൂഅ്, കുളി പോലുള്ള ശുദ്ധീകരണത്തിലൂടെ ധാരാളം രോഗങ്ങളെ പ്രതിരോധിക്കാന്‍ മനുഷ്യര്‍ക്ക് കഴിയും. 

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു'' (2:222). 

''ശുദ്ധി ഈമാനിന്റെ ഭാഗമാണ്'' എന്ന് നബി(സ്വ) പറയുകയുണ്ടായി. നമ്മുടെ ശരീരത്തിലെ ബാഹ്യാവയവങ്ങളിലാണ് കൂടുതല്‍ പൊടിയും അഴുക്കും ആവാന്‍ സാധ്യതയുള്ളത്. എന്നാല്‍ ''വുദൂഅ്'' എടുക്കുന്നതിലൂടെ ബാഹ്യാവയവങ്ങള്‍ വൃത്തിയോടെയും ശുദ്ധിയോടെയും നിലനിര്‍ത്താന്‍ സാധിക്കും. ആരോഗ്യ സംരക്ഷണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന കാര്യമാണ് 'കുളി' എന്നത് സര്‍വരാലും അംഗീകരിക്കപ്പെട്ടിട്ടുള്ള യാഥാര്‍ഥ്യമാണ്. ചൊറിയടക്കമുള്ള ധാരാളം ത്വക്ക് രോഗങ്ങളെ തടയാന്‍ കുളിയിലൂടെ സാധിക്കും. ദന്തശുദ്ധീകരണത്തിന് ഏറെ പ്രോത്സാഹനം നല്‍കിയ മതമാണ് ഇസ്‌ലാം. 

''എന്റെ സമുദായത്തിന് പ്രയാസമാകുമായിരുന്നില്ലെങ്കില്‍ ഓരോ വുദൂഇന്റെയും കൂടെ പല്ല് തേക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കുമായിരുന്നു'' എന്ന് തിരുനബി(സ്വ) പറഞ്ഞത് പ്രത്യേകം ഓര്‍ക്കുക. 

''ദന്ത ശുദ്ധീകരണം പല്ലിന് വൃത്തിയും, റബ്ബിന് തൃപ്തിയുമാണ്'' എന്ന പ്രവാചക വചനം ഇതിന്റെ പ്രാധാന്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ആര്‍ത്തവ സമയത്ത് ഭാര്യാഭര്‍തൃ ബന്ധം വിലക്കിയതിലും കുളിക്കാനും വുദൂഅ് ചെയ്യാനും വെള്ളം ഉപയോഗിച്ചാല്‍ രോഗം മൂര്‍ഛിക്കാന്‍ സാധ്യതയുള്ളവര്‍ പകരം 'തയമ്മും' ചെയ്താല്‍ മതിയാകുമെന്ന് പഠിപ്പിച്ചതിലും ആരോഗ്യ സംരക്ഷണത്തിന് ഇസ്‌ലാം നല്‍കുന്ന മഹത്ത്വം മനസ്സിലാക്കാം. 

നമസ്‌കാരവും നോമ്പും എല്ലാം നാം നിര്‍വഹിക്കേണ്ടത് അല്ലാഹുവിന്റെ പ്രതിഫലവും പരലോക വിജയവും ലക്ഷ്യം വെച്ചുകൊണ്ടായിരിക്കണമെന്നതില്‍ തര്‍ക്കമില്ല. അതോടൊപ്പം അവ ശാരീരികമായ ചില നേട്ടങ്ങള്‍ നല്‍കുന്നു എന്നത് അവിതര്‍ക്കിതമാണ്. അമ്പെയ്ത്ത്, കുതിര സവാരി തുടങ്ങിയ പരിശീലനങ്ങള്‍ ഇസ്‌ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അലസത വെടിഞ്ഞ് പണിയെടുക്കാനും ചലനാത്മകതയും ക്രിയാത്മകതയുമുള്ള ജീവിതം നയിക്കാനുമാണ് ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നത്. അനാവശ്യമായി ഉറക്കമൊഴിക്കുന്നതും വിശ്രമമില്ലാതെ പണിയെടുത്ത് ക്ഷീണിക്കുന്നതും ആരാധനക്കാണെങ്കില്‍ പോലും ഇസ്‌ലാം അനുവദിക്കുന്നില്ല.

രോഗാണുക്കള്‍ വളരാനും മറ്റും കാരണമാകുന്ന രീതിയില്‍ ചപ്പ് ചവറുകളും മാലിന്യങ്ങളും വഴികളിലും വഴിയോരങ്ങളിലും നിക്ഷേപിക്കുന്നതും കുളിക്കടവിലും മരച്ചുവടുകളിലും മലമൂത്രം വിസര്‍ജനം നിര്‍വഹിക്കുന്നതും ശാപാര്‍ഹമാണെന്ന് പ്രവാചകന്‍(സ്വ) ഉണര്‍ത്തിയിട്ടുണ്ട്.       


ചില നിര്‍ദേശങ്ങള്‍ 

അമിതഭോജനം അരുത്
ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന മിക്ക രോഗങ്ങളുടെയും പ്രധാന കാരണം അമിതഭോജനവും വ്യായാമക്കുറവുമാണ് എന്ന് പഠനങ്ങള്‍ അറിയിക്കുന്നു. ആവശ്യത്തിനും അത്യാവശ്യത്തിനും ഭക്ഷണം കഴിക്കുന്നതിന് പകരം കിട്ടുന്നതെന്തും ഏത് സമയത്തും വാരിവലിച്ച് കഴിക്കുന്നത് രോഗങ്ങള്‍ ക്ഷണിച്ച് വരുത്തും. ഇന്നത്തെ ഫാസ്റ്റ് ഫുഡ് സമ്പ്രദായം പലവിധ രോഗങ്ങള്‍ക്ക് കാരണമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് നാം കാണാതെ പോകരുത്.

അല്ലാഹു പറയുന്നു: ''...നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല'' (7:31).

നബി(സ്വ) പറയുന്നു: ''വയറിനെക്കാള്‍ മോശമായ ഒരു പാത്രവും മനുഷ്യന്‍ നിറച്ചിട്ടില്ല. അവന്റെ മുതുക് നിവര്‍ത്താന്‍ വേണ്ട ഭക്ഷണമെ അവന് ആവശ്യമുള്ളൂ. അത് പോരെങ്കില്‍ മൂന്നിലൊന്ന് ഭക്ഷണത്തിന്, മൂന്നിലൊന്ന് വെള്ളത്തിന്, മൂന്നിലൊന്ന് വായുവിന്'' (തിര്‍മിദി: 2380).

ഈ ഹദീഥിന്റെ വിശദീകരണത്തില്‍ ഇബ്‌നു റജബ് അല്‍ഹമ്പലി പറയുന്നു: ''ഡോക്ടര്‍ മാസവൈഹി പറഞ്ഞു: ''ഈ വാചകങ്ങള്‍ ജനങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ മിക്ക രോഗങ്ങളില്‍ നിന്നും ശാരീരിക വൈകല്യങ്ങളില്‍ നിന്നും അവര്‍ രക്ഷപ്പെടും, ഒരുപാട് വൈദ്യശാലകള്‍ അടച്ചിടുകയും ചെയ്യും'' (ജാമിഅ് ഉലൂമി വല്‍ഹികം).


നല്ലത് മാത്രം ഭക്ഷിക്കുക

നല്ലത് മാത്രമെ ഭക്ഷിക്കാവൂ എന്നത് ഇസ്‌ലാം പ്രാധാന്യപൂര്‍വം പഠിപ്പിക്കുന്നുണ്ട്. പഴകിയതും കേടുവന്നതുമായ ഭക്ഷണം ശാരീരിക രോഗങ്ങള്‍ക്ക് കാരണമാവും. 

അല്ലാഹു പറയുന്നു: 168. മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയവും, വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു(2:168), 

''ഹേ; ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു'' (23:51).

നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ നാം ജാഗരൂകരാവുക. അല്ലാഹു അനുഗ്രഹിക്കട്ടെ. 

0
0
0
s2sdefault