1921ലെ മലബാര്‍ സമരവും ചരിത്ര ദുര്‍വ്യാഖ്യാനങ്ങളും

സുഫ്‌യാന്‍ അബ്ദുസ്സലാം

2017 നവംബര്‍ 11 1439 സഫര്‍ 22

ഭാരതത്തിന്റെ അധിനിവേശ വിരുദ്ധ ചരിത്രത്തിന്റെ താളുകളില്‍ ചോര പൊടിഞ്ഞ അധ്യായമാണ് 1921ലെ മലബാര്‍ സമരം. ഒരു ജനത, ഊരും ഉയിരും രാജ്യത്തിന് വേണ്ടി ബലി നല്‍കിയ ദേശസ്‌നേഹികളുടെ ത്യാഗത്തിന്റെ കഥയാണ് മാപ്പിള ലഹള വരച്ചു വെച്ചത്. എന്നാല്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ വേലിപ്പടര്‍പ്പില്‍ നിന്നെത്തി നോക്കുമ്പോള്‍ കാലില്‍ മുള്ളു കൊണ്ട അനുഭവം കൂടി ചേര്‍ത്തിപ്പറയാന്‍ കഴിയാത്ത ഗാന്ധിവധക്കാരുടെ പിന്‍ഗാമികള്‍ ഇന്ന് മലബാര്‍ സമരത്തിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്തിരിക്കുന്നു. വര്‍ഗീയതയായിരുന്നുവത്രെ സമരത്തിന്റെ ചേതോവികാരം...!!

മലബാര്‍ സമരത്തിന്റെ യഥാര്‍ഥ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന ഉള്ളുപൊള്ളിക്കുന്ന വിവരണം.

സാമുദായിക സൗഹാര്‍ദത്തിന് കേളികേട്ട നാടാണ് നമ്മുടെ കേരളം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സൗഹാര്‍ദത്തിന് പോറലേല്‍പിക്കുവാന്‍ പലരും പരിശ്രമിച്ചിട്ടും വിജയിച്ചിട്ടില്ല. ഇന്ത്യയില്‍ നടന്ന വിവിധ സാമുദായിക കലാപങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളമാണ് കലാപങ്ങള്‍ കുറഞ്ഞതും സാമുദായിക സൗഹാര്‍ദത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ സംസ്ഥാനം. കഴിഞ്ഞ മാസം കേരളം സന്ദര്‍ശിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ത് എല്ലാ സംസ്‌കാരങ്ങളെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന കേരളത്തിന്റെ സാമുദായിക സൗഹാര്‍ദവും മതനിരപേക്ഷതയും രാജ്യത്തിനു തന്നെ മാതൃകയാണെന്ന് പറയുകയുണ്ടായി. കഴിഞ്ഞ ആഴ്ചയില്‍ നടത്തിയ സന്ദര്‍ശനത്തിലും അദ്ദേഹം അത് ആവര്‍ത്തിക്കുകയുണ്ടായി.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കേരളം അതിശക്തമായ മുസ്‌ലിം വര്‍ഗീയതയുടെ നാടാണെന്ന് വരുത്തിത്തീര്‍ക്കല്‍ ചിലരുടെ ആവശ്യമാണ്. കുമ്മനം രാജശേഖരന്‍ അത്തരത്തിലുള്ള ഒരാളാണ്. കേരളത്തിന്റെ സാമുദായിക സൗഹാര്‍ദത്തില്‍ വിള്ളല്‍ വീഴ്ത്തി സമുദായങ്ങള്‍ക്കിടയില്‍ അകല്‍ച്ചകള്‍ സൃഷ്ടിച്ചും ധ്രുവീകരണമുണ്ടാക്കിയും രാഷ്ട്രീയാധികാരത്തിലേക്ക് നടന്നടുക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ തുറന്നുവിട്ട കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോയത് വിവിധ തരത്തിലുള്ള വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടാണ്. യാത്ര മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തിയപ്പോള്‍ ലോക ചരിത്രകാരന്മാര്‍ പോലും അംഗീകരിച്ച ചരിത്രയാഥാര്‍ഥ്യങ്ങളെ തമസ്‌കരിച്ചുകൊണ്ടുള്ള ഗമണ്ടന്‍ പ്രസ്താവനയാണ് കുമ്മനം നടത്തിയത്. 1921ലെ മലബാര്‍ സമരം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്നും ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയ കലാപമാണെന്നുമാണ് കുമ്മനം തട്ടിവിട്ടത്. ആ സമരത്തെ സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കുന്നത് മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവ സമുദായത്തോടും ചരിത്രത്തോടും ചെയ്യുന്ന അവഹേളനമാണെന്നും കുമ്മനം പ്രസ്താവിക്കുകയുണ്ടായി.

സ്വന്തം വായകൊണ്ട് എന്തും പ്രസ്താവിക്കാമെന്നത് പൗരന്റെ മൗലികാവകാശമാണെന്നു തെറ്റുധരിച്ചുകൊണ്ടാണോ കുമ്മനം ഇത് പറഞ്ഞതെന്നറിയില്ല. ചരിത്രത്തിനുമേല്‍ കൊഞ്ഞനം കുത്തുമ്പോള്‍ കുമ്മനം അവഹേളിച്ചത് മലബാറിലെ മാപ്പിള സമൂഹത്തെ മാത്രമല്ല; മറിച്ച് മലബാര്‍ സമരത്തിന്റെ നേര്‍കാഴ്ചകള്‍ കേരളീയ സമൂഹത്തിനു സമ്മാനിച്ച മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, കെ. മാധവന്‍ നായര്‍, കെ.പി കേശവമേനോന്‍ തുടങ്ങിയ പ്രഗത്ഭമതികളെയാണ്. ബ്രിട്ടീഷുകാരുടെ രാഷ്ട്രീയ മര്‍ദനത്തില്‍ നിന്നാണ് മലബാര്‍ സമരം ഉയിര്‍കൊണ്ടതെന്ന് സമരത്തില്‍ പങ്കാളിയായിരുന്ന ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ 'ഖിലാഫത്ത് സ്മരണകള്‍' എന്ന ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. മലബാര്‍ സമരം വാര്‍ഷികമായി ആഘോഷിക്കപ്പെടേണ്ടതില്ലെന്ന നിരീക്ഷണം നടത്തിയ ആധുനിക ചരിത്രകാരന്മാരായ എം. ഗംഗാധരന്‍, എം. ജി. എസ് നാരായണന്‍ എന്നിവര്‍ പോലും അവരുടെ ചരിത്ര രചനകളില്‍ മലബാര്‍ സമരത്തെ വര്‍ഗീയമെന്നോ ഹൈന്ദവവിരുദ്ധമെന്നോ വിശേഷിപ്പിച്ചിട്ടില്ല. മാപ്പിള സമരത്തിന്റെ ചരിത്രം തേടിയിറങ്ങിയ അങ്ങാടിപ്പുറത്തെ പ്രൊഫ: ഗീത മാപ്പിളമാരുടെ സമരവീര്യം ബ്രിട്ടീഷുകാരോടുള്ള പ്രതിരോധമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു.

മലബാറിനെ കുറിച്ചും മലബാറിലെ മാപ്പിളമാര്‍ നടത്തിയ സമരങ്ങളെ കുറിച്ചുമെല്ലാമുള്ള മുന്‍വിധികളില്ലാത്ത അന്വേഷണത്തിലൂടെ മാത്രമെ പക്ഷപാതരഹിതമായ നിഗമനങ്ങളില്‍ നമുക്ക് എത്തിച്ചേരുവാന്‍ സാധിക്കൂ. ഭൂമിയെ കുറിച്ചുള്ള അവകാശവാദങ്ങളും തര്‍ക്കങ്ങളും വളരെയധികം നിലനിന്നിരുന്ന പ്രദേശമായിരുന്നു മലബാര്‍. ബ്രഹ്മസ്വത്തിന്റെ പേരില്‍ ബ്രാഹ്മണരായിരുന്നു ഭൂസ്വത്തുക്കളിലധികവും കൈവശം വെച്ചിരുന്നത്. 90 ശതമാനം ബ്രഹ്മസ്വത്തിനും ശിഷ്ടം വരുന്ന 10 ശതമാനം ദേവസ്വത്തിനുമായിരുന്നു. ടിപ്പു സുല്‍ത്താന്‍ ഭൂസ്വത്തുക്കള്‍ക്ക് നികുതി നടപ്പാക്കിയതോടെ കീഴാളരെയും മാപ്പിളമാരെയും പിഴിഞ്ഞ് ജീവിച്ചിരുന്ന ജന്മിമാരില്‍ അധികപേരും മലബാര്‍ വിട്ടുപോയി. 1792ലെ ശ്രീരംഗപട്ടണം ഉടമ്പടിയിലൂടെ ടിപ്പു സുല്‍ത്താനെ തോല്‍പിച്ച് മലബാര്‍ പിടിച്ചടക്കിയ ബ്രിട്ടീഷുകാര്‍ ഭൂമിയുടെ യഥാര്‍ഥ അവകാശികളായിരുന്ന കുടിയാന്മാരെ ഇറക്കിവിട്ട് ഭൂസ്വത്തുക്കള്‍ ജന്മിമാര്‍ക്ക് തന്നെ തിരിച്ചേല്‍പിക്കുകയും ചെയ്തു. ഇത് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള വമ്പിച്ച പ്രതിഷേധങ്ങള്‍ മാപ്പിളമാരില്‍ വളര്‍ത്തി. മലബാറിലെ ജനവിഭാഗങ്ങളില്‍ ഭൂരിപക്ഷമായിരുന്ന മാപ്പിളമാരില്‍ അധികവും കുടിയാന്മായിരുന്നു. ജന്മിമാര്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ശക്തമായി നിലയുറപ്പിച്ച മാപ്പിളമാര്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ കനത്ത നിയമങ്ങള്‍ കൊണ്ടുവന്നു. 'മാപ്പിള ഔട്ട്‌റേജസ് ആക്ട്' അതിലൊന്നായിരുന്നു. കണ്ടാല്‍ വെടിവെക്കുവാനുള്ള ഉത്തരവായിരുന്നു അത്. ഇത് മാപ്പിളമാരും ബ്രിട്ടീഷുകാരും തമ്മിലുള്ള കനത്ത പോരാട്ടങ്ങള്‍ക്ക് വഴിതെളിയിച്ചു. മാപ്പിളമാരുടെ പോരാട്ടവീര്യങ്ങള്‍ക്കു മുമ്പില്‍ പലപ്പോഴും ബ്രിട്ടീഷുകാര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. ഭൂമിക്ക് വേണ്ടിയുള്ള അവകാശത്തിനായുള്ള ഈ പോരാട്ടത്തെ വര്‍ഗീയമായി അവതരിപ്പിച്ചു ഹിന്ദു മുസ്‌ലിം കലാപങ്ങള്‍ സൃഷ്ടിക്കുവാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി ലോയ്ഡ് ജോര്‍ജ് 'മാപ്പിളമാരെ നമുക്ക് ഭരിക്കാനാവില്ല, അവര്‍ക്ക് സ്വാതന്ത്ര്യം കൊടുത്താലെന്താ' എന്നു ചോദിക്കുന്ന അവസ്ഥയിലേക്കു വരെ കാര്യങ്ങള്‍ എത്തിപ്പെട്ടിരുന്നു.

1921ലെ മലബാര്‍ സമരം ഒരു സുപ്രഭാതത്തില്‍ മുളച്ചുപൊങ്ങിയ സമരമായിരുന്നില്ല എന്ന വസ്തുതയാണ് ഇത് വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ നടന്ന ഈ സമരം ഏതെങ്കിലും സംഭവങ്ങളുടെ പ്രതികരണത്തിന്റെ ഭാഗമായി രൂപാന്തരം പ്രാപിച്ചതുമല്ല. 1498ല്‍ പോര്‍ച്ചുഗീസുകാരുടെ വൈദേശിക അധിനിവേശം സമ്മാനിച്ച കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചവരായിന്നു മലബാറിലെ മാപ്പിള സമൂഹം. പിന്നീട് ഹൈദരലിയുടെയും ടിപ്പുവിന്റെയും ഇടപെടലുകളിലൂടെയായിരുന്നു അവര്‍ വ്യക്തിത്വം വീണ്ടെടുത്തത്. ടിപ്പുവിനെ തോല്‍പിച്ച് മലബാര്‍ പിടിച്ചടക്കിയ ബ്രിട്ടീഷുകാര്‍ക്കെതിരെയും അവരെ പിന്തുണച്ചിരുന്ന ജന്മിത്വത്തിനെതിരെയും മലബാറിലെ മാപ്പിളമക്കളും അവരെ പിന്തുണച്ചിരുന്ന ദളിത് സമൂഹവും ഹിന്ദുക്കളിലെ നല്ലൊരു വിഭാഗവും പത്തൊമ്പതാം നൂറ്റാണ്ടില്‍ നടത്തിയ പോരാട്ടത്തിന്റെ തുടര്‍ച്ചയായിട്ടാണ് 1921ലെ സമരം കടന്നുവന്നത്. സാമ്രാജ്യത്വ ജന്മിത്വ വിരുദ്ധതയായിരുന്നു സമരത്തിന്റെ വീര്യവും ഊര്‍ജവുമായി പ്രവര്‍ത്തിച്ചതെന്ന് ആധുനിക ചരിത്രകാരന്മാരായ ഡോ: കെ.കെ.എന്‍ കുറുപ്പും ഡോ: എം. ഗംഗാധരനുമെല്ലാം അവരുടെ രചനകളില്‍ സ്ഥാപിച്ച വസ്തുതകളാണ്. എന്നാല്‍ ഗംഗാധരന്‍ സാറും എം.ജി.എസ്സും മലബാര്‍ സമരം അനുസ്മരണങ്ങളായി ആഘോഷിക്കപ്പെടേണ്ടതില്ല എന്നു നിരീക്ഷിച്ചതിന്റെ പിന്നില്‍ മലബാര്‍ സമരത്തെ വര്‍ഗീയവല്‍ക്കരിക്കുന്നവരുടെ ഭീഷണിയാണോ അതോ വര്‍ഗീയവാദികള്‍ സമൂഹത്തിലുണ്ടാക്കിയേക്കാവുന്ന ധ്രുവീകരണത്തെ മുന്‍കൂട്ടി കാണുന്നതുകൊണ്ടാണോ എന്ന കാര്യം അന്വേഷിക്കേണ്ടതാണ്. 'മാപ്പിള പഠനങ്ങള്‍' എന്ന കൃതിയില്‍ ഡോ: ഗംഗാധരന്‍ പറയുന്നതിങ്ങനെയാണ്: ''1792ല്‍ ഇംഗ്ലീഷ് കമ്പനി മലബാറില്‍ അധികാരം ഏറ്റെടുത്തതിനു ശേഷം നടത്തിയ വിശദമായ അന്വേഷണത്തില്‍ നിന്ന് ബ്രാഹ്മണാധിപത്യത്തോടു കൂടിയ ജാതി വ്യവസ്ഥയും അതിന്റെ ഭാഗമായ ഭൂബന്ധങ്ങളും നിലനിര്‍ത്തുന്നതാണ് ഭരണെച്ചലവ് കുറക്കാന്‍ സഹായകമാവുക എന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ ഫലമായി ജന്മിമാരുടെ അധികാരങ്ങള്‍ പൂര്‍വാധികം വര്‍ധിപ്പിക്കുന്ന വ്യവസ്ഥയാണ് ഇംഗ്ലീഷ് അധികാരികള്‍ ഇവിടെ രൂപപ്പെടുത്തിയത്. ബ്രിട്ടീഷ് നീതിന്യായ വ്യവസ്ഥയുടെയും പോലീസ് പട്ടാള ശക്തിയുടെയും പിന്‍ബലം ലഭിച്ച ജന്മിമാര്‍ കൃഷിഭൂമി ഏറ്റെടുത്ത കുടിയാന്മാരെ വര്‍ധിച്ച പാട്ടം ലഭിക്കുവാനും മറ്റുമായി ഭൂമിയില്‍ നിന്നൊഴിപ്പിക്കുന്നത് അന്ന് പതിവായി. ഇതിനെ കലാപങ്ങളിലൂടെ മാപ്പിള കുടിയന്‍മാര്‍ ചെറുക്കുന്നതും സാധാരണമായി... ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ജന്മിമാര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കുമെതിരെ തുറന്ന സംഘട്ടനങ്ങള്‍ക്ക് തന്നെ ഉള്‍നാടന്‍ മാപ്പിളമാര്‍ മുതിര്‍ന്നിരുന്നു'' (പേജ് 56,57).

1921ലെ സമരങ്ങള്‍ക്ക് മുമ്പായി 1800കളുടെ മധ്യത്തിലും അവസാനത്തിലുമായി നടന്ന ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള മാപ്പിളമാരുടെ സമരത്തെ പ്രതിപാദിച്ചുകൊണ്ട് എഴുതപ്പെട്ട രചനകളിലെല്ലാം ഈ വസ്തുതകള്‍ കാണാവുന്നതാണ്. മലബാറിലെ മാപ്പിളമാരുടെ സമരത്തിന്റെ മൂലകാരണമായി ജന്മികുടിയാന്‍ പ്രശ്‌നമായിരുന്നുവെന്ന് തുറന്നു കാട്ടിയത് മലബാര്‍ ജില്ലാ കളക്റ്ററായിരുന്ന വില്യം ലോഗന്‍ തന്നെയായിരുന്നു. 1887 ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ മലബാര്‍ മാന്വലിന്റെ ഇതിവൃത്തം തന്നെ ഈ മൂലബിന്ദുവില്‍ കേന്ദ്രീകരിച്ചായിരുന്നു.1884ല്‍ ജന്മിമാര്‍ക്കെതിരെയും ബ്രിട്ടീഷുകാര്‍ക്കെതിരെയും നടന്ന മാപ്പിളമാരുടെ കാര്‍ഷിക സമരങ്ങളെ കുറിച്ച് അദ്ദേഹം മാന്വലില്‍ എടുത്തുകാട്ടിയിരുന്നു. ഇത് ബ്രിട്ടീഷ് ഭരണനേതൃത്വം പിന്‍വലിക്കുവാനാവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. അതിനെത്തുടര്‍ന്ന് കളക്റ്റര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി കടപ്പ ജില്ലയുടെ ഡിസ്ട്രിക്റ്റ് സെഷന്‍സ് ജഡ്ജിയാക്കി തരംതാഴ്ത്തി. ഇതില്‍ പ്രതിഷേധിച്ച് രണ്ടുമാസത്തിനുശേഷം ഈ പദവി രാജിവെച്ചുകൊണ്ട് അദ്ദേഹം ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. മാപ്പിളലഹളകളുടെ കാരണമായി മലബാറിലെ കുടിയായ്മ പ്രശ്‌നം അവതരിപ്പിച്ചതിന്റെ ശിക്ഷയായിട്ടായിരുന്നുവെന്നാണ് ജുഡീഷ്യറിയിലേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനമാറ്റം എന്ന് ചരിത്രകാരന്മാര്‍ കരുതുന്നു. ഇതെല്ലം സൂചിപ്പിക്കുന്നത് മലബാറില്‍ മാപ്പിളമാര്‍ നൂറ്റാണ്ടുകളായി നടത്തി വന്നിരുന്ന പ്രതിഷേധങ്ങളും സമരങ്ങളും ജന്മിത്വത്തിനെതിരെയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുമായിരുന്നുവെന്ന വസ്തുതയാണ്.

ഈ പ്രതിഷേധങ്ങളുടെ ചരിത്രപരമായ വികാസത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണ് 1921ലെ സമരവും. ഖിലാഫത്ത് പ്രക്ഷോഭവും ഗാന്ധിജിയുടെ നിസ്സഹരണ സമരവും കൂടിയായപ്പോള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ശക്തമായ ഒരു യുദ്ധമായി മലബാര്‍ സമരം രൂപാന്തരം പ്രാപിച്ചു. ബ്രിട്ടീഷുകാര്‍ തുര്‍ക്കി ഖിലാഫത്തിനെ തകര്‍ത്തപ്പോള്‍ അതിനെതിരെ പ്രതിഷേധവുമായി 1919 നവംബറില്‍ ഏതാനും മുസ്‌ലിം നേതാക്കളും ഹിന്ദു സഹോദരന്മാരും ഒരുമിച്ച് ഡല്‍ഹിയില്‍ ഖിലാഫത്ത് സമ്മേളനം സംഘടിപ്പിച്ചു. ഗാന്ധിജിയും അതില്‍ പങ്കാളിയായി. ഖിലാഫത്തിനോടുള്ള ബ്രിട്ടീഷുകാരുടെ നിലപാടില്‍ പ്രതിഷേധിച്ച് വിദേശ വസ്തുക്കള്‍ ബഹിഷ്‌കരിക്കുവാന്‍ ഗാന്ധിയും മറ്റു നേതാക്കളും ആഹ്വാനം ചെയ്തു. ഈ ചരിത്രത്തിന്റെ നാള്‍വഴികള്‍ ശങ്കര്‍ ഘോഷ് 'മഹാത്മാഗാന്ധി' എന്ന പുസ്തകത്തില്‍ വരച്ചുകാണിക്കുന്നുണ്ട്. (പേജ് 125).

1920ല്‍ ഗാന്ധിജി കോണ്‍ഗ്രസ്സ് നേതൃത്വം ഏറ്റെടുത്തതോടെ രാജ്യമൊട്ടുക്കും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വികാരം പടര്‍ന്നു പന്തലിച്ചു. അതിന്റെ ഭാഗമായി 1920 ആഗസ്റ്റ് മാസത്തില്‍ ഗാന്ധിജിയും രാജഗോപാലാചാരിയും ഖിലാഫത്ത് നേതാവ് മൗലാനാ ഷൗക്കത്തലിയും മറ്റും കോഴിക്കോട് സന്ദര്‍ശിച്ചു. 1921 ജനുവരി 30ന് കോഴിക്കോട് കോണ്‍ഗ്രസ് കമ്മിറ്റി യോഗം വിളിച്ചുകൂട്ടുകയും തെക്കേ മലബാറില്‍ കോണ്‍ഗ്രസ് ഖിലാഫത്ത് കമ്മിറ്റികള്‍ സ്ഥാപിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കളക്ടര്‍ തോമസ് ഖിലാഫത്ത് സമ്മേളനങ്ങള്‍ നിരോധിച്ചു. മഞ്ചേരിയില്‍ നടന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ധാരാളം ഹിന്ദുക്കളും മുസ്‌ലിംകളും ജന്മിമാരും കുടിയാന്മാരും പങ്കെടുത്തിരുന്നുവെന്നു 'കഴിഞ്ഞ കാലം' എന്ന കെ.പി കേശവമേനോന്റെ ആത്മകഥയില്‍ അനുസ്മരിക്കുന്നുണ്ട്. ഈ സമ്മേളനത്തില്‍ ജന്മി കുടിയായ്മ വ്യവസ്ഥപ്പെടുത്തുന്ന നിയമം വേണമെന്ന് മാപ്പിളമാരും ഹൈന്ദവരിലെ കീഴാളരും ശക്തമായി വാദിച്ചു. അങ്ങനെ അതൊരു പ്രമേയമായി വന്നപ്പോള്‍ ജന്മിമാരും അനുകൂലികളും അതിനെ ശക്തമായി എതിര്‍ത്തു. പക്ഷേ, പ്രമേയം പാസായി. അതോടുകൂടി നിലമ്പൂര്‍ തമ്പ്രാനും മറ്റുപല ജന്മിമാരും ഖിലാഫത്തിനോടും നിസ്സഹകരണ പ്രസ്ഥാനത്തോടും അകലം പാലിച്ചു. അവര്‍ ബ്രിട്ടീഷ് പക്ഷത്തേക്ക് കൂറുമാറി. അങ്ങനെ ഒരുഭാഗത്ത് ദളിതരും മുസ്‌ലിംകളും മറുഭാഗത്ത് ബ്രിട്ടീഷുകാരും ജന്മി പ്രഭുക്കളും സമരരംഗത്തുറച്ചു നിന്നു. കെ. മാധവന്‍ നായര്‍ ഈ വിഷയത്തില്‍ നടത്തുന്ന ഒരു നിരീക്ഷണം വളരെ പ്രസക്തമാണ്. 'ഈ കാലത്ത് ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ഹിന്ദുക്കള്‍ മുഹമ്മദീയരോട് അല്‍പം കരുണ കാട്ടിയിരുന്നെങ്കില്‍ കലാപത്തിന്റെ സ്വഭാവം മറ്റൊന്നാകുമായിരുന്നു.' ജന്മികളും അവരെ പിന്തുണച്ചിരുന്ന ബ്രിട്ടീഷുകാരും മാപ്പിളമാരോട് ഭൂമിയുടെയും അവകാശത്തിന്റെയും കാര്യത്തില്‍ അല്‍പം നീതിയും കരുണയും കാണിച്ചിരുന്നുവെങ്കില്‍ കുഴപ്പങ്ങള്‍ ഒഴിവാകുമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രം അവര്‍ നടപ്പാക്കുവാന്‍ തുടങ്ങി. കോണ്‍ഗ്രസ്സിന്റെ അഹിംസ സിദ്ധാന്തത്തെ തകര്‍ത്ത് കോണ്‍ഗ്രസ്സ് ഖിലാഫത്ത് പ്രവര്‍ത്തകരില്‍ ഭിന്നതയുണ്ടാക്കുന്നതിനു വേണ്ടി ഖിലാഫത്ത് നിസ്സഹകരണ സമരത്തെ സായുധമാക്കുവാനും അതുവഴി കലാപം സൃഷ്ടിക്കുവാനും ബ്രിട്ടീഷുകാര്‍ ഗൂഢാലോചന നടത്തി. ഈ ഗൂഢാലോചനയുടെ ഭാഗമായി ഖിലാഫത്ത് കോണ്‍ഗ്രസ്സ് സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നവരെ പോലീസ് ക്രൂരമായി മര്‍ദിക്കുവാന്‍ തുടങ്ങി. ഒറ്റപ്പാലം സമ്മേളനത്തില്‍ പങ്കെടുത്ത രാമുണ്ണി മേനോനും അഹ്മദ് ഖാനുമെല്ലാം ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ട നേതാക്കളാണ്. കെ. മാധവന്‍ നായര്‍, ഗോപാല മേനോന്‍, യാഖൂബ് ഹസന്‍ തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്തു. സമാധാനപരമായി നടന്നുവന്നിരുന്ന പ്രതിഷേധ പരിപാടികള്‍ മുടക്കി മാപ്പിളമാരുടെ പ്രതിഷേധത്തെ തെരുവിലേക്ക് കൊണ്ടുവരാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചതെന്ന് കെ. മാധവന്‍ നായര്‍ പറയുന്നു: 'വളരെ അധ്വാനിച്ചും വന്‍ചെലവു ചെയ്തും വിളിച്ചുകൂട്ടുന്ന യോഗങ്ങള്‍ പൊടുന്നനെ മുടക്കുന്നതുകൊണ്ട് മാപ്പിളമാരുടെ ഇടയില്‍ വര്‍ധിച്ച ക്ഷോഭം അസാമാന്യമായിരുന്നു.' സമരങ്ങളില്‍ പങ്കെടുത്തിരുന്നവരെ പിടികൂടുന്നതിനായി കളക്റ്റര്‍ തോമസിന്റെ നേതൃത്വത്തില്‍ പട്ടാളം തിരൂരങ്ങാടിയിലേക്ക് മാര്‍ച്ച് നടത്തി. ആലി മുസ്‌ലിയാര്‍ മതാധ്യാപനം നടത്തിയിരുന്ന തിരൂരങ്ങാടി കിഴക്കേ പള്ളിയും ഖിലാഫത്ത് പ്രവര്‍ത്തകരുടെ വീടുകളും പോലീസ് വളഞ്ഞു. പ്രശ്‌നം പഠിക്കാനായി മദ്രാസ് ഗവര്‍ണറുടെ പ്രതിനിധി എ.എന്‍. നാപ്പ് തിരൂരങ്ങാടിയിലെത്തി. തോമസിന്റെ പ്രവര്‍ത്തനങ്ങളാണ് സ്ഥിതിഗതികള്‍ വഷളാക്കിയതെന്ന റിപ്പോര്‍ട്ട് നാപ്പ് ഗവര്‍ണര്‍ക്ക് നല്‍കി. തിരൂരങ്ങാടി പള്ളിയില്‍ പ്രവേശിക്കരുതെന്നും ഖിലാഫത്ത് സമ്മേളനങ്ങള്‍ തടയരുതെന്നും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയെങ്കിലും തോമസ് അത് മുഖവിലക്കെടുത്തില്ല.

മമ്പുറം പള്ളി തകര്‍ത്തുവെന്ന വാര്‍ത്ത പ്രചരിക്കപ്പെട്ടു. അസംഘടിതമായ ജനക്കൂട്ടം തെരുവുകളില്‍ പ്രതിഷേധവുമായി ഇറങ്ങി. ഈ പ്രതിഷേധം ബ്രിട്ടീഷുകാരോടുള്ള പരസ്യമായ ഏറ്റുമുട്ടലായി മാറി. സമരം അക്രമാസക്തമായത് കൊണ്ട് അതിനെ സ്വാതന്ത്ര്യ സമരമെന്ന് പറയാന്‍ പറ്റില്ലെന്ന ന്യായം ശരിയല്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി സായുധ സമരം തിരഞ്ഞെടുത്ത ഭഗത് സിംഗിന്റെയും സുബാഷ് ചന്ദ്ര ബോസിന്റേയും സേവനങ്ങളെ രാജ്യം അംഗീകരിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ചില സമരങ്ങളും സത്യഗ്രഹങ്ങളും അക്രമത്തില്‍ കലാശിച്ച സംഭവങ്ങളും കാണാന്‍ സാധിക്കും. 1922ല്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ജില്ലയിലെ ചൗരി ചൗരയില്‍ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ജാഥ അക്രമത്തിലും പോലീസ് സ്‌റ്റേഷന്‍ തീവെപ്പിലുമാണ് കലാശിച്ചത്. അതുകൊണ്ട് ഗാന്ധിജി നയിച്ച നിസ്സഹകരണ സമരത്തെ അക്രമസമരമെന്ന് ആരെങ്കിലും വിശേഷിപ്പിക്കുമോ? അക്രമാസക്തരായ ജനക്കൂട്ടത്തെ നേതാക്കള്‍ വഴിവിട്ടു പ്രോത്സാഹിപ്പിച്ചില്ല. കെ.എം മൗലവിയുടെയും മറ്റും നേതൃത്വത്തില്‍ തിരൂരങ്ങാടിയിലെ ജനക്കൂട്ടത്തെ ശാന്തരാക്കി. തങ്ങള്‍ ഏറെ ആദരിക്കുന്ന ആരാധനാകേന്ദ്രത്തിനു നേരെ പോലീസ് വെടിവെച്ചുവെന്ന വാര്‍ത്ത കേട്ട് വ്യസനത്തോടെയും പ്രതിഷേധത്തോടെയും പുറപ്പെട്ട ആയിരത്തിലധികം വരുന്ന ജനക്കൂട്ടത്തിനു നേര്‍ക്ക് പോലീസ് നിറയൊഴിച്ചു. പരശ്ശതം പേര്‍ തല്‍ക്ഷണം മരിച്ചുവീണു. ജനക്കൂട്ടം യുദ്ധം നയിച്ചുവെന്നും അതുകൊണ്ടാണ് വെടിവെച്ചതെന്നുമുള്ള വ്യാജവിശദീകരണമായിരുന്നു തോമസ് നല്‍കിയത്. ഏതൊരു സമരത്തിലും സംഭവിക്കാവുന്നതു പോലെ സമരത്തിന്റെ മറവില്‍ ആരെങ്കിലും കൊള്ള നടത്തുകയോ അതിക്രമം കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ സമരം നയിച്ച കോണ്‍ഗ്രസ്സ് ഖിലാഫത്ത് നേതാക്കളോ ആലി മുസ്‌ല്യാരോ വാരിയംകുന്നത്തോ അല്ല. വിദ്യഭ്യാസമില്ലാത്ത ഒരു സമൂഹത്തെ പ്രകോപനത്തിലൂടെ സമരമാര്‍ഗത്തിലേക്ക് നയിച്ച ബ്രിട്ടീഷ് ഉേദ്യാഗസ്ഥരും കീഴാള വര്‍ഗത്തെയും മാപ്പിള മക്കളെയും അടിമകളാക്കി വെച്ചിരുന്ന ജന്മിമാരും സില്‍ബന്ധികളുമാണ് അതിനുത്തരം പറയേണ്ടത്.

ഹൈന്ദവരെ നിര്‍ബന്ധിച്ചു മതം മാറ്റിയെന്നും ഹൈന്ദവവീടുകള്‍ കൊള്ളയടിച്ചു എന്നുമുള്ള പ്രചാരണങ്ങളാണ് മലബാര്‍ സമരത്തെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ ചിലര്‍ ഉപയോഗിക്കുന്ന ആയുധം. കുമാരനാശാന്റെ 'ദുരവസ്ഥ'യിലെ വരികള്‍ ഇതിനു തെളിവായി ഇവര്‍ ഉദ്ധരിക്കാറുണ്ട്. ഹിന്ദുക്കളിലെ കീഴാള വിഭാഗത്തോട് സവര്‍ണ വിഭാഗം കാണിച്ചിരുന്ന അയിത്തവും തീണ്ടിക്കൂടായ്മയും കീഴാളരില്‍ വലിയ അമര്‍ഷമുണ്ടാക്കിയിരുന്നു. അടിമകളെപ്പോലെയായിരുന്നു സവര്‍ണര്‍ അവരോട് പെരുമാറിയിരുന്നത്. മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യമോ വിവാഹം ചെയ്യാനുള്ള അവകാശമോ അവര്‍ക്കില്ലായിരുന്നു. ക്ഷേത്രങ്ങളില്‍ പോയി ആരാധന നടത്താനും അവര്‍ക്ക് അനുവാദമില്ലായിരുന്നു. ലൈംഗികമായ പീഡനങ്ങള്‍ക്ക് അവരിലെ സ്ത്രീകള്‍ വിധേയനായിരുന്നു. ഇതിന്റെയെല്ലാം ഫലമായി കീഴാള വിഭാഗങ്ങളില്‍ നിന്നും ഇതര ഹൈന്ദവ ജാതികളില്‍ നിന്നും ഇസ്‌ലാമിലേക്ക് ഒഴുക്കുണ്ടായിരുന്നു. ഈ കാര്യവും കുമാരനാശാന്‍ കവിതയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പക്ഷേ, വിമര്‍ശകര്‍ അതുമാത്രം പാടാറില്ല. കുമാരനാശാന്‍ എഴുതി:

''എത്രയോ ദൂരം വഴിതെറ്റി നില്‍ക്കണ്ടൊ-

രേഴച്ചെറുമന്‍ പോയി തൊപ്പിയിട്ടാല്‍

ചിത്രമവനെത്തി ചാരത്തിരുന്നിടാം

ചെറ്റും പേടിക്കേണ്ട തമ്പുരാരേ...''

ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനത്തിലൂടെ കീഴാളര്‍ക്ക് ലഭിക്കുന്ന ആദരവും പദവിയും നേട്ടവുമാണ് കുമാരനാശാന്‍ ഈ വരികളിലൂടെ പറഞ്ഞത്. 'ക്രൂരമുഹമ്മദര്‍' എന്നു ദുരവസ്ഥയില്‍ കുമാരനാശാന്‍ പറഞ്ഞുവെന്നു പറയുന്നവര്‍ അതേ ദുരവസ്ഥയില്‍ ജാതിവ്യവസ്ഥയെ കശക്കിയെറിഞ്ഞുകൊണ്ട് ഇങ്ങനെയും അദ്ദേഹം രചിച്ചിട്ടുണ്ടെന്ന കാര്യം മറന്നുപോവരുത്:

''തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍

ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍

കെട്ടില്ലാത്തോരു തമ്മിലുണ്ണാത്തോരിങ്ങനെ-

യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍!''

സവര്‍ണ ഹൈന്ദവത ഉള്‍ക്കൊള്ളുന്ന ആഢ്യത്വവും അടിച്ചമര്‍ത്തലും അവസാനിപ്പിച്ചില്ലെങ്കില്‍ സംഭവിക്കാന്‍ പോവുന്നതെന്ത് എന്ന കാര്യമാണ് ആശാന്റെ പ്രസിദ്ധമായ 'മാറ്റുവിന്‍ ചട്ടങ്ങളെ; ഇല്ലായ്കില്‍ മാറ്റുമവകളീ നിങ്ങളെത്താന്‍.' സത്യത്തില്‍ ദുരവസ്ഥയുടെ ഇതിവൃത്തം ഹൈന്ദവ സമൂഹത്തെ ബോധ്യപ്പെടുത്തി ജാതിക്കതീതമായി ചിന്തിക്കുവാന്‍ അവരെ പ്രാപ്തമാക്കുകയാണ് കുമ്മനം പോലെയുള്ള ഹൈന്ദവ 'നവീകരണ'വാദികള്‍ ചെയ്യേണ്ടത്. ചാത്തന്‍ എന്ന പുലയ യുവാവും അയാളുടെ അരികില്‍ രക്ഷപ്പെട്ട് ഓടി വരുന്ന സാവിത്രിയെന്ന നമ്പൂതിരി യുവതിയും തമ്മില്‍ ജാതിക്കതീതമായി വളര്‍ന്നു വന്ന പ്രണയമാണ് 'ദുരവസ്ഥ'യുടെ ഇതിവൃത്തം. ജാതിവ്യവസ്ഥയെ ശക്തമായി വിമര്‍ശിച്ച കുമാരനാശാന്റെ ആശയം കുമ്മനം അംഗീകരിച്ചിട്ടുണ്ടെങ്കില്‍ അത് തുറന്നു പറയുവാനുള്ള ആര്‍ജവം കാണിക്കണം. തിരുവനന്തപുരം സ്വദേശിയായിരുന്ന കുമാരനാശാന് മലബാറില്‍ നടന്ന ഈ സമരത്തെ കുറിച്ച് ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ച ചില കഥകള്‍ മാത്രമായിരുന്നു അറിയാമായിരുന്നതെന്ന് പ്രസിദ്ധ സാഹിത്യകാരന്‍ പാലക്കീഴ് നാരായണന്‍ വ്യക്തമാക്കിയിട്ടുണ്ട്: ''കേട്ടുകേള്‍വി സാധാരണക്കാരെ മാത്രമല്ല മഹാകവി കുമാരനാശാനെയും വഴിപിഴപ്പിച്ചിട്ടുണ്ട് 'ദുരവസ്ഥയില്‍.' മലബാര്‍ കലാപമെന്നോ മാപ്പിള ലഹളയെന്നോ ഒക്കെ വിളിക്കാറുള്ള സംഘര്‍ഷഭരിത കാലഘട്ടമാണല്ലോ ദുവസ്ഥയുടെ പശ്ചാതലം. മലബാര്‍ കലാപത്തെ കുറിച്ചുള്ള സമഗ്രവും സര്‍വസ്പര്‍ശിയുമായ പഠനമൊന്നും കുമാരനാശാന്റെ കാലത്ത് വന്നിട്ടില്ല. കാര്‍ഷിക കലാപമായി ആരംഭിച്ചത് ബ്രിട്ടീഷ് ഏജന്റുമാര്‍ സമര്‍ഥമായി വഴിതിരിച്ചുവിട്ട് മാപ്പിള ലഹളയാക്കിയതാണെന്ന വസ്തുത ആശാന് അറിയില്ല. ഏറനാട്ടിലൊരു കലാപം നടന്നുവെന്നും നിരവധി ഹിന്ദു കുടുംബങ്ങള്‍ കൊള്ളയടിക്കപ്പെട്ടുവെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം പോലുമുണ്ടായി എന്നും മറ്റും ഇംഗ്ലീഷ് പത്രങ്ങളില്‍ വെണ്ടക്ക വാര്‍ത്തകളായി വന്നത് കുമാരനാശാന്‍ വായിച്ചിട്ടുണ്ട്; ഹിന്ദു മതത്തിലെ ജാതി ഭേദം, ഉച്ചനീചത്വങ്ങള്‍ തുടങ്ങിയവ മതം മാറുവാന്‍ പ്രേരിപ്പിക്കുന്നുവെന്ന് ആശാന്‍ ധരിച്ചിട്ടുണ്ട്. അതൊക്കെ വെച്ച് 'ദുരവസ്ഥ' സൃഷ്ടിച്ചപ്പോള്‍ മുസ്‌ലിംകളെ 'മുഹമ്മദ രാക്ഷസന്‍മാര്‍', 'ദുഷ്ടമുസല്‍മാന്‍മാര്‍', 'പീറജോനകര്‍', 'ദൈവ ചിന്തയില്ലാത്ത അള്ളാ മതക്കാര്‍' എന്നൊക്കെ വിളിച്ചത് സ്വാഭാവികം മാത്രം. മാപ്പിള ശബ്ദം തന്നെ ചെവിക്ക് കയ്ക്കുന്നതായി എന്നും എഴുതിവിട്ടു. മുസ്‌ലിംകളുടെ ഭയജനകമായ ഭീകര ചിത്രങ്ങള്‍ നിറഞ്ഞു. ബ്രിട്ടീഷ് ഏജന്റായ മുസ്‌ലിം പോലീസ് ഉദ്യോഗസ്ഥന്റെ തലവെട്ടി പൊതുവഴിയില്‍ പ്രദര്‍ശിപ്പിച്ചതും കലാപകാരികളാണെന്ന് ആശാനറിയില്ലല്ലോ. വെള്ളക്കാരെ ചുട്ടൊടുക്കുവാനും ജന്മിമാരുടെ ഇല്ലം ഇടിച്ചു കുളംകുഴിക്കുവാനുമുള്ള കലാപത്തിന്റെ വിജ്ഞാപനത്തോടൊപ്പം 'അള്ളാ അല്ലാതൊരു ദൈവം മലയാളത്തിലില്ലാതാക്കിടുവാന്‍' എന്ന് ആശാന് കൂട്ടിച്ചേര്‍ക്കുവാന്‍ തോന്നിയതും അതുകൊണ്ടാണ്. ഹിന്ദു സഹോദരന്‍മാരെ ദ്രോഹിക്കുകയോ ഹിന്ദു സ്ത്രീകളെ സ്പര്‍ശിക്കുകയോ ചെയ്യുന്നവരുടെ കൈ വെട്ടിക്കളയുമെന്ന് നായകന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കല്‍പന ദൂരെ കേള്‍ക്കാന്‍ ബ്രിട്ടീഷ് ഏജന്റന്‍മാര്‍ അനുവദിച്ചില്ലല്ലോ. ഈ പ്രകൃതത്തില്‍ നോക്കുമ്പോള്‍ ദുരവസ്ഥയുടെ പരിമിതി അത് കേട്ടുകേള്‍വിയെ ആധാരമാക്കിയ കാവ്യമാണെന്നതാണ്'' (പാലക്കീഴ് നാരായണന്‍).

മലബാര്‍ സമരത്തില്‍ മാപ്പിളമാരോടൊപ്പം പോരാടി മരിച്ചവരില്‍ ധാരാളം ഹിന്ദുക്കളുമുണ്ടായിരുന്നു. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും എം.പി നാരായണമേനോനും സമരത്തിന്റെ പേരില്‍ ദീര്‍ഘകാലം ജയില്‍ശിക്ഷ അനുഭവിച്ചവരാണ്. സമരത്തിന് ശേഷം പിടിക്കപ്പെട്ടവരെ കോയമ്പത്തൂര്‍ ജയിലിലേക്ക് കൊണ്ടുപോയത് ഗുഡ്‌സ് വാഗണിലായിരുന്നു. വണ്ടി പോത്തന്നൂര്‍ എത്തിയപ്പോഴേക്കും 64 പേര്‍ ശ്വാസം മുട്ടി പരസ്പരം മാന്തിയും മുറിവേല്‍പിച്ചും മരണപ്പെട്ടിരുന്നു. മരണപ്പെട്ടവരിലും ഹിന്ദുക്കളുണ്ടായിരുന്നു. ജാലിയന്‍ വാലാബാഗ് ദുരന്തംപോലെ തന്നെയാണ് വാഗണ്‍ ട്രാജഡി ദുരന്തവും അറിയപ്പെടുന്നത്. ഹൈന്ദവ മുസ്‌ലിം മൈത്രിയിലൂടെ ബ്രിട്ടീഷുകാര്‍ക്കെതിരെയും ജന്മിത്വത്തിനെതിരെയും നടന്ന പോരാട്ടമായിട്ടാണ് മലബാര്‍ സമരത്തെ കാണാന്‍ ശ്രമിക്കേണ്ടത്. സമരം കലാപത്തിന്റെ മാര്‍ഗത്തിലേക്ക് വഴിമാറിയിരുന്നെങ്കില്‍ അതിനുള്ള കാരണം സമരത്തില്‍ പങ്കെടുത്ത നേതാക്കളോ മാപ്പിളമാരോ ഹിന്ദുക്കളോ ആയിരുന്നില്ല. സമരത്തിന്റെ പേരില്‍ നടന്ന അരുതായ്മകളെ മതജാതി ചിന്തകള്‍ക്കതീതമായി സര്‍വരും അപലപിച്ചിട്ടുണ്ട്. പക്ഷേ, സമരത്തിന്റെ ലക്ഷ്യത്തെയും മാര്‍ഗത്തെയും തെറ്റുധരിപ്പിക്കുകയും അബദ്ധങ്ങളെ പര്‍വതീകരിക്കുകയും ചെയ്തുകൊണ്ട് ഹിന്ദു മുസ്‌ലിം ബന്ധങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുവാനാണ് കുമ്മനം പോലുള്ളവര്‍ ശ്രമിക്കുന്നതെങ്കില്‍ അത്തരം ശ്രമങ്ങളെ മലബാറിലെ മതേതര സമൂഹം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും.

0
0
0
s2sdefault